വിദ്യാര്‍ത്ഥികള്‍ക്ക് കൊലപാതകത്തെ ന്യായീകരിച്ച് സന്ദേശം; വിസിയോട് വിശദീകരണം ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍

Published : Dec 31, 2018, 02:26 PM ISTUpdated : Dec 31, 2018, 02:28 PM IST
വിദ്യാര്‍ത്ഥികള്‍ക്ക് കൊലപാതകത്തെ ന്യായീകരിച്ച് സന്ദേശം; വിസിയോട് വിശദീകരണം ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍

Synopsis

ജോന്‍പൂരിലെ വീര്‍ ബഹാദുര്‍ സിങ് പുര്‍വ്വാന്‍ചല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ രാജാറാം യാദവിന്റെ സന്ദേശം വ്യാപക വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനെതുടർന്നാണ് രാജാറാം യാദവിന്റെ നടപടിയിൽ വിശ​ദീകരണം ആവശ്യപ്പെട്ട് സർക്കാർ രംഗത്തെത്തിയത്.

ഗാസിപൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് കൊലപാതകത്തെ ന്യായീകരിച്ച് സന്ദേശം നല്‍കിയ സംഭവത്തിൽ വൈസ് ചാന്‍സലറോട് ഉത്തർപ്രദേശ് സർക്കാർ  വിശദീകരണം ആവശ്യപ്പെട്ടു. ജോന്‍പൂരിലെ വീര്‍ ബഹാദുര്‍ സിങ് പുര്‍വ്വാന്‍ചല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ രാജാറാം യാദവിന്റെ സന്ദേശം വ്യാപക വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനെതുടർന്നാണ് രാജാറാം യാദവിന്റെ നടപടിയിൽ വിശ​ദീകരണം ആവശ്യപ്പെട്ട് സർക്കാർ രംഗത്തെത്തിയത്.

സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രസം​ഗത്തിൽ വീസിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി ദിനേശ് ശർമ പറഞ്ഞു. അതേസമയം തന്റെ പ്രസം​ഗം വിവാദമായതോടെ വിശദീകരണവുമായി യാദവ് ​രം​ഗത്തെത്തി. വിദ്യാർത്ഥികളോട് ഊര്‍ജ്ജസ്വലരായി ഇരിക്കണം എന്നു പറയാനാണ് താൻ പ്രസം​ഗത്തിലൂടെ ഉദ്ദേശിച്ചതെന്ന് യാദവ് വ്യക്തമാക്കി.   
 
യാദവിന്റെ വിവാദ പരാമർശത്തിനെതിരെ ഉത്തർപ്രദേശ് ആ​രോ​ഗ്യ മന്ത്രി സിദ്ധാർഥ് നാഥ് സിംഗും രം​ഗത്തെത്തി. ഇത് തെറ്റാണെന്നും ഇത്തരം പ്രസ്താവനകൾ അദ്ദേഹത്തിന്റെ ഭാ​ഗത്തുനിന്നും ഒരിക്കലും ഉണ്ടാകരുതായിരുന്നെന്നും സിദ്ധാർഥ് നാഥ് പറഞ്ഞു. വിദ്യാർത്ഥികളെ സമാധാനത്തിന്റെ പാതയിൽ നടക്കാനാണ് അദ്ദേഹം പഠിപ്പിക്കേണ്ടത്. പക്ഷേ അദ്ദേഹം നടപ്പിലാക്കുന്നത് ​ഗുണ്ടാ രാജ് ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.    

ഗാസിപൂർ സർവകലാശാലയിൽവച്ച് നടന്ന സെമിനാറിൽ സംസാരിക്കുന്നതിനിടയിലാണ് യാദവിന്റെ വിവാദ പരാമര്‍ശം. പൂര്‍വ്വാന്‍ചല്‍ സര്‍വലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഒരിക്കലും കരഞ്ഞുകൊണ്ട് തന്നെ സമീപിക്കരുത്. നിങ്ങള്‍ക്ക് ആരെങ്കിലുമായി അടിപിടയില്‍ ഏര്‍പ്പെടേണ്ടി വന്നാല്‍ അവരെ തിരിച്ചും മർദ്ദിക്കുക, സാധിക്കുമെങ്കില്‍ അവരെ കൊല്ലുക, ബാക്കി കാര്യങ്ങള്‍ തങ്ങള്‍ നോക്കിക്കൊള്ളാം എന്നാണ് വൈസ് ചാന്‍സലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സന്ദേശം. കല്ലില്‍ നിന്ന് ജലമുണ്ടാക്കുന്നവന്‍ മാത്രമല്ല മികച്ച വിദ്യാര്‍ത്ഥി, ആശയങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവനാണ് മികച്ചവനെന്നും രാജാറാം സന്ദേശത്തില്‍ പറയുന്നു.   
 
അലഹബാദ് സര്‍വകലാശാലയിലെ ഊര്‍ജതന്ത്രം പ്രൊഫസറായിരുന്ന രാജാറാം യാദവിനെ കഴിഞ്ഞ വര്‍ഷമാണ് പുര്‍വ്വാന്‍ചലിലെ വൈസ് ചാന്‍സലറായി നിയമിക്കുന്നത്. 

പ്രധാനമന്ത്രിയുടെ സമ്മേളനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കഴിഞ്ഞ ദിവസം ഗാസിപൂരില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം പ്രോത്സാഹിപ്പിച്ച് കൊണ്ടുള്ള വൈസ് ചാന്‍സലറുടെ സന്ദേശം എന്നതും ശ്രദ്ധേയമാണ്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ
ക്രൈസ്‌തവ ദേവാലയങ്ങളിൽ ബിജെപി നേതാവിൻ്റെ നേതൃത്വത്തിൽ സംഘടിച്ചെത്തി ആൾക്കൂട്ടം; ആക്രമണത്തിൽ ആശങ്കയോടെ മധ്യപ്രദേശിലെ ക്രൈസ്‌തവ സമൂഹം