നിയമസഭാ കൗൺസിൽ ചെയർമാന്റെ ഭാര്യ മദ്യലഹരിയിൽ മകനെ കഴുത്തു ഞെരിച്ചു കൊന്നു

By Web TeamFirst Published Oct 22, 2018, 4:13 PM IST
Highlights

നിയമസഭാ കൗൺസിൽ രമേഷ് യാദവിന്റെ ഭാര്യ മീരാ യാദവാണ് മകൻ അഭിജിത് യാദവ് (23) നെ കൊലപ്പെടുത്തിയത്. സംഭവത്തിൽ‌ മീരാ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ കൗൺസിൽ ചെയർമാന്റെ ഭാര്യ മദ്യലഹരിയിൽ മകനെ കഴുത്തു ഞെരിച്ചു കൊന്നു. നിയമസഭാ കൗൺസിൽ രമേഷ് യാദവിന്റെ ഭാര്യ മീരാ യാദവാണ് മകൻ അഭിജിത് യാദവ് (23) നെ കൊലപ്പെടുത്തിയത്. സംഭവത്തിൽ‌ മീരാ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
ഞായറാഴ്ച്ച രമേഷ് യാദവിന്റെ ഫ്ലാറ്റിലാണ് അഭിജിത്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ഹൃദയാഘാതം              മൂലമാണ് മരണമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ അഭിജിത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബ സുഹൃത്ത് നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.  

ശനിയാഴ്ച്ച മദ്യപിച്ച് ഏറെ വൈകിയാണ് അഭിജിത്ത് വീട്ടിലെത്തിയത്. രാത്രി മുഴുവൽ അവൻ വളരെ അസ്വസ്ഥനായിരുന്നു. വലതെ നെഞ്ച് വേദനിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ താൻ ബാം പുരട്ടി കൊടുത്തിരുന്നു. എന്നാൽ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ മകനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് മീര യാദവ് കുടുംബാംഗങ്ങളോടും അയൽക്കാരോടും പറഞ്ഞിരുന്നത്. 

ഞായറാഴ്ച്ച സംസാകാര ചടങ്ങ് നടക്കുന്നതിനിടെ പൊലീസ് എത്തുകയും ചടങ്ങ് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. അഭിജിത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബ സുഹൃത്ത് നൽകിയ പരാതിയെ തുടർന്നാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് 
പോസ്റ്റ്മോർ‌ട്ടം നടത്തുകയും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് സ്ഥിതീകരിക്കുകയുമായിരുന്നു.

ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച മീരയെ ഞായറാഴ്ച്ച രാത്രി വൈകിയാണ് അറസ്റ്റ് ചെയ്തത് സംഭവത്തിന് ശേഷം ബാങ്ക് അകൗണ്ടുകൾ മാറ്റിയതാണ് സംശയം മീരയിലേക്കെത്തിയതെന്ന് മുതിർന്ന പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു. അതേസമയം മദ്യലഹരിയിൽ വീട്ടിലെത്തിയ മകൻ മോശമായി പെരുമാറിയതിനെ തുടർന്നാണ് കൃത്യം ചെയ്യേണ്ടി വന്നതെന്ന് മീര ചോദ്യം ചെയ്യലിൽ പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു. 
 
 രമേഷ് യാദവിന്റെ രണ്ടാമത്തെ ഭാര്യയാണ് മീര യാദവ്. സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റിലെ നിയമവകുപ്പ് കൈകാര്യം ചെയ്തിരുന്ന മീര കുറച്ച് നാളുകൾക്ക് മുമ്പാണ് രാജിവച്ചത്.  

click me!