മുത്തലാഖ് ബിൽ ലോക്സഭയിൽ, ബഹളം: ലോക്സഭ നിർത്തിവച്ചു

By Web TeamFirst Published Dec 17, 2018, 12:35 PM IST
Highlights

റഫാൽ ഇടപാടിനെച്ചൊല്ലി ബഹളം തുടങ്ങിയതോടെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. മുത്തലാഖ് ഓർഡിനൻസിന് പകരമുള്ള ബില്ലാണ് ലോക്സഭയിൽ സർക്കാർ അവതരിപ്പിച്ചത്. 

ദില്ലി: മുത്തലാഖ് ഓർഡിനൻസിനു പകരമുള്ള ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു.  കോൺഗ്രസ് അംഗം ശശി തരൂർ ബില്ലവതരണത്തെ എതിർത്തു. എന്നാൽ ബില്ല് രാജ്യതാല്പര്യം ഉയർത്തിപ്പിടിക്കുന്നതാണെന്ന് എന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. കോൺഗ്രസിന്‍റെ ശക്തമായ എതിർപ്പിനിടയിലും ബില്ല് അവതരണത്തിന് സ്പീക്കർ അനുമതി നൽകിയിട്ടുണ്ട്. ബഹളത്തെത്തുടർന്ന് രണ്ട് മണി വരെ ലോക്സഭ നിർത്തിവച്ചിരിക്കുകയാണ്.

റഫാൽ ഇടപാടിനെച്ചൊല്ലി ലോക്സഭയിലും രാജ്യസഭയിലും ബഹളം നടന്നു. ബഹളത്തെത്തുടർന്ന് രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. 11 മണിയ്ക്ക് സഭ ചേർന്നയുടൻ പ്രതിപക്ഷം റഫാൽ ഇടപാട് സഭയിൽ ഉന്നയിച്ചു. തുടർന്ന് ബഹളം തുടങ്ങിയതിനെത്തുടർന്ന് ഒരു മണിക്കൂർ സഭ നിർത്തിവച്ചു. 

രാവിലെ റഫാൽ ഇടപാടിനെച്ചൊല്ലി കോൺഗ്രസ് ലോക്സഭയിൽ പ്രധാനമന്ത്രിയ്ക്കെതിരെ അവകാശലംഘനനോട്ടീസ് നൽകി. എംപി കെ സി വേണുഗോപാലാണ് അവകാശലംഘനനോട്ടീസ് നൽകിയത്. ഇല്ലാത്ത സിഎജി റിപ്പോർട്ട് ഉണ്ടെന്ന് കോടതിയിൽ പറഞ്ഞു, സിഎജി റിപ്പോർട്ട് പൂർണമായും സഭയിൽ വയ്ക്കില്ലെന്ന് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ എഴുതി എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ഇരുസഭകളിലും പ്രധാനമന്ത്രിയ്ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്. അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനെതിരെ സിപിഎമ്മും നോട്ടീസ് നൽകി. 

എന്നാൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന പ്ലക്കാർഡുകളുമായാണ് ബിജെപി എംഎൽഎമാർ എത്തിയത്. തുടർന്ന് ഇരുപക്ഷവും പരസ്പരം മുദ്രാവാക്യം വിളിയ്ക്കാൻ തുടങ്ങി. തുടർന്ന് സഭ നിർത്തിവയ്ക്കേണ്ടിവരികയായിരുന്നു

രാജ്യസഭയിലും കോൺഗ്രസ് അവകാശലംഘനത്തിന് നോട്ടീസ് നൽകി. പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് നോട്ടീസ് പരിഗണിക്കണമെന്ന് സഭാധ്യക്ഷൻ വെങ്കയ്യ നായിഡുവിനോട് ആവശ്യപ്പെട്ടു. അത് പരിശോധിച്ച ശേഷമേ അനുവദിക്കാനാകൂ എന്ന് സ്പീക്കർ മറുപടി നൽകി. ഇതോടെയാണ് ബഹളം തുടങ്ങിയത്. 

click me!