
മോസ്ക്കോ: കായിക താരങ്ങളെ സംബന്ധിച്ചടുത്തോളം സ്വന്തം വീട്ടുകാരെക്കാളും വലുത് മത്സരങ്ങളും പോരാട്ടവുമാണ്. 1999 ലെ ക്രിക്കറ്റ് ലോകകപ്പിനിടെ അച്ഛന്‍ മരിച്ച ദു:ഖം ഉള്ളിലൊതുക്കി ബാറ്റ് വീശിയ ക്രിക്കറ്റ് ദൈവം ഇന്നും ഇന്ത്യന്‍ ആരാധകരുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. തകര്‍പ്പന്‍ സെഞ്ചുറിയായിരുന്നു സച്ചിന്‍ അച്ഛന് സമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ഫ്രാന്‍സ് - ഉറുഗ്വ പോരാട്ടത്തിനിടയിലും സമാനമായ അനുഭവം കായിക ലോകത്ത് ദൃശ്യമായി. ഉറുഗ്വെയുടെ ഗോള്‍കീപ്പര്‍ മുസ്‌ലേര വല കാക്കാനെത്തിയത് സ്വന്തം വീട്ടില്‍ നടന്ന രണ്ട് മരണത്തിന്‍റെ കണ്ണീരുമായാണ്. ക്വാര്‍ട്ടര്‍ ഫൈനലിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെയാണ് മുസ്‌ലേരയെ തേടി ആ വാര്‍ത്തയെത്തിയത്.
മുസ്‌ലേരയ്ക്ക് ഏറ്റവും പ്രിയപ്പെട്ട അമ്മുമ്മയും അമ്മാവനുമാണ് ലോകത്ത് നിന്നും യാത്രയായത്. അതും 72 മണിക്കൂറിനിടെയായിരുന്നു ഹൃദയം വിങ്ങുന്ന ആ രണ്ട് വാര്‍ത്തയും മുസ്‌ലേരയെ തേടിയെത്തിയത്. അമ്മാവന്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ അമ്മയുടെ അമ്മ രോഗങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി മുസ്‌ലേരയ്ക്ക് നാട്ടിലേക്ക് പോകാമായിരുന്നു. പക്ഷെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെതിരെ വല കാക്കാതിരിക്കാന്‍ ഒന്നാം നമ്പര്‍ ഗോളിക്ക് പറ്റുമായിരുന്നില്ല. വേദനയെല്ലാം ഉള്ളിലൊതുക്കി ഫ്രഞ്ച് പോരാളികളെ നേരിടാനായി അയാള്‍ മൈതാനമധ്യത്തിലെത്തി.
പക്ഷെ വധി കാത്തുവച്ചത് അതിലും വലിയ ദുരന്തമായിരുന്നു. ഫ്രാന്‍സിനെതിരായ പോരാട്ടത്തില്‍ ഉറുഗ്വെയുടെ പരാജയത്തില്‍ നിര്‍ണായകമായ പിഴവ് വരുത്തിയത് മുസ്‌ലേരയായിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഉറുഗ്വ തോറ്റ പോരാട്ടത്തില്‍ രണ്ടാമത്തെ ഗോള്‍ പിറന്നത് മുസ്‌ലേരയുടെ പിഴവില്‍ നിന്നായിരുന്നു.
61-ാം മിനിറ്റില്‍ പോഗ്ബ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് കിട്ടിയ ഗ്രീസ്മാന്‍ ഷോട്ട് എടുത്തെങ്കിലും ഉറുഗ്വെ ഗോല്‍കീപ്പറുടെ കെെപാകത്തിനാണ് ചെന്നത്. അതിനെ നിയന്ത്രിക്കാന്‍ സാധിക്കാതായതോടെ ഷോട്ട് വലയില്‍ കയറുകയായിരുന്നു. ആ ഗോള്‍ ഒഴിവാക്കിയിരുന്നെങ്കിലും ഉറുഗ്വയ്ക്ക് ജയിക്കാനാകുമായിരുന്നില്ല. പക്ഷെ മുസ്‌ലേരയെ സംബന്ധിച്ചടുത്തോളം അത് പരാജയമാണ്.
ഒരുപാട് തവണ ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റിയിട്ടുള്ള ആ പോരാളിക്ക് ലോകത്തിന് മുന്നില്‍ തലകുനിക്കേണ്ടിവന്ന അപൂര്‍വ്വ സന്ദര്‍ഭമായിരുന്നു അത്. എങ്കിലും ടീമും ആരാധകരും ഒന്നടങ്കം മുസ്‌ലേരയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. ഒരു പിഴവ് കൊണ്ട് മാത്രം വിലയിരുത്താന്‍ പറ്റുന്ന താരമല്ല മുസ്‌ലേരയെന്നാണ് ഉറുഗ്വെ നായകന്‍ ഗോഡിന്‍ പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam