നീണ്ട ക്യൂ അവസാനിപ്പിക്കാം; ഇനി ഇന്ത്യയില്‍ എവിടേക്കും റെയില്‍വേ ജനറല്‍ ടിക്കറ്റ് മൊബെെല്‍ വഴിയെടുക്കാം

By Web TeamFirst Published Nov 2, 2018, 10:20 AM IST
Highlights

യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന റെയില്‍വേ സ്റ്റേഷന്‍റെ അ‍ഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നാണ് ടിക്കറ്റ് എടുക്കാന്‍ സാധിക്കുക. പക്ഷേ, റെയില്‍വേ പ്ലാറ്റ്‍ഫോമിന്‍റെയോ ട്രെയിനിന്‍റെയോ 25 മീറ്റര്‍ ചുറ്റളവില്‍ നിന്ന് ടിക്കറ്റ് എടുക്കാനാകില്ല

തിരുവനന്തപുരം: റിസര്‍വേഷന്‍ ഒഴികെ ഇന്ത്യയില്‍ എവിടേക്കും ഇനി മുതല്‍ ട്രെയിന്‍ യാത്രയിലെ ജനറല്‍ ടിക്കറ്റും മൊബെെല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എടുക്കാം. നേരത്തെ ഒരേ റെയില്‍വേ സോണില്‍ യാത്ര ചെയ്യുമ്പോള്‍ മാത്രമായിരുന്നു ഈ സേവനം ലഭ്യമായിരുന്നത്.

യുടിഎസ് മൊബെെല്‍ എന്ന ആപ്ലിക്കേഷന്‍ വ്യാപകമാക്കുന്നതിന്‍റെ ഭാഗമായി ഇന്നലെ മുതല്‍ പുതിയ സേവനങ്ങള്‍ ലഭിച്ചു തുടങ്ങി. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന റെയില്‍വേ സ്റ്റേഷന്‍റെ അ‍ഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നാണ് ടിക്കറ്റ് എടുക്കാന്‍ സാധിക്കുക. പക്ഷേ, റെയില്‍വേ പ്ലാറ്റ്‍ഫോമിന്‍റെയോ ട്രെയിനിന്‍റെയോ 25 മീറ്റര്‍ ചുറ്റളവില്‍ നിന്ന് ടിക്കറ്റ് എടുക്കാനാകില്ല.

ആപ്ലിക്കേഷന്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഈ നിബന്ധന. ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറിയ ശേഷം പരിശോധകരെ കാണുമ്പോള്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാനാവില്ലെന്ന് സാരം. ആദ്യം ഈ സേവനം കൊണ്ടു വന്നപ്പോള്‍ മൊബെെലില്‍ എടുത്ത ടിക്കറ്റ് പിന്നീട് സ്റ്റേഷനില്‍ എത്തിയ ശേഷം കൗണ്ടറിലോ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് യന്ത്രമോ ഉപയോഗിച്ച് ടിക്കറ്റിന്‍റെ പ്രിന്‍റ്  എടുക്കണമായിരുന്നു.

ഈ നിബന്ധന കഴിഞ്ഞ ഏപ്രിലില്‍ അവസാനിപ്പിച്ചിരുന്നു. ഐആര്‍സിടിസി ആപ്പ് പോലെ തന്നെ ലളിതമാണ് യുടിഎസ് മൊബെെല്‍ എന്ന ആപ്ലിക്കേഷനും. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍, വിന്‍ഡോസ് സ്റ്റോര്‍ എന്നിവടങ്ങളില്‍ നിന്ന് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

പേര്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഉപോയഗിച്ച് രജിസ്റ്റര്‍ ചെയതാന്‍ ആപ് ഉപയോഗിച്ച് തുടങ്ങാം. റെയില്‍വേയുടെ ആര്‍-വാലറ്റില്‍ പണം നിക്ഷേിച്ചാല്‍ ഏത് സ്റ്റേഷനില്‍ നിന്നും പ്ലാറ്റ്ഫോമില്‍ കയറുന്നതിന് മുമ്പ് ടിക്കറ്റ് എടുക്കാന്‍ സാധിക്കും. 

click me!