ഉത്തരാഖണ്ഡില്‍ വിശ്വാസ വോട്ട് നേടിയെന്നു ഹരീഷ് റാവത്ത്; ഫലം നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും

By Asianet NewsFirst Published May 10, 2016, 9:06 AM IST
Highlights

ദില്ലി: ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതായി അവകാശപ്പെട്ടു. ഹരീഷ് റാവത്തിന് അനുകൂലമായി 33 വോട്ടും ബിജെപിപക്ഷത്തിന് 28 വോട്ടും കിട്ടി. ഫലം മുദ്രവച്ച കവറില്‍ സുപ്രീംകോടതിക്കു നല്‍കി. നാളെ ആദ്യത്തെ കേസായി ഇതു പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.

ഉത്തരാഖണ്ടില്‍ അത്ഭുതമൊന്നും സംഭവിച്ചില്ല. അസാധാരണവും അപൂര്‍വ്വവുമായ നടപടിക്രമത്തിലൂടെ രണ്ടു മണിക്കൂര്‍ സമയത്തേക്ക് രാഷ്ട്രപതിഭരണം മരവിപ്പിച്ച് സുപ്രീം കോടതി നിയോഗിച്ച നിരീക്ഷകര്‍ നിയസഭയില്‍ എംഎല്‍എമാരുടെ തലയെണ്ണി. ഒമ്പത് വിമത എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ അംഗബലം 62 ആയ നിയമസഭയില്‍ 33 വോട്ടുകള്‍ ഹരീഷ് റാവത്തിനു കിട്ടി. 27 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 26 പേര്‍ റാവത്തിനെ പിന്തുണച്ചു.

ബിജെപിയില്‍നിന്നു മാറിയ ഭീംലാല്‍ ആര്യ കോണ്‍ഗ്രസിനൊപ്പം നിന്നു. രണ്ടു ബിഎസ്‌പി എംഎല്‍എമാരും മൂന്നു സ്വതന്ത്രരും ഒരു ഉത്തരാഖണ്ഡ് ക്രാന്തിദള്‍ എംഎല്‍എയും വിശ്വാസപ്രമേയത്തെ അനുകൂലിച്ചു. ഈ 33 പേര്‍ക്കൊപ്പം സ്പീക്കറുടെ പിന്തുണ കൂടിയാവുമ്പോള്‍ കോണ്‍ഗ്രസ് സംഖ്യ 34 ആകും. കോണ്‍ഗ്രസില്‍നിന്നു കൂറുമാറിയ രേഖ ആര്യ ഉള്‍പ്പടെ 28 പേര്‍ വിശ്വാസപ്രമേയത്തെ എതിര്‍ത്തു.

മുദ്രവച്ച കവറില്‍ ഫലം നിരീക്ഷകര്‍ സുപ്രീംകോടതിക്കു കൈമാറും. നാളെ ആദ്യത്തെ കേസായി ഇതു പരിഗണിക്കുമെന്നു ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

ജനാധിപത്യം വിജയിച്ചെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. കോടതിയുടെ അന്തിമവിധിക്കായി കാത്തിരിക്കുമെന്നു ബിജെപി വ്യക്തമാക്കി.

click me!