
ദില്ലി: യോഗാ ഗുരു ബാബ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ നടപടിയെടുത്ത് ഉത്തരാഖണ്ഡ് ഹൈക്കോടതി. കമ്പനിയുടെ ലാഭത്തിൽനിന്ന് ഒരു വിഹിതം കർഷകർക്ക് വീതിച്ചു നൽകാൻ കോടതി ഉത്തരവിട്ടു. രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യ ഫാർമസിക്കെതിരേയാണ് കോടതി നടപടി.
ഉത്തരാഖണ്ഡ് ജൈവ വൈവിധ്യ ബോർഡിന് (യുബിബി) എതിരെ ദിവ്യ ഫാർമസി സമർപ്പിച്ച ഹർജി തള്ളിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. 2002 ലെ ജൈവ വൈവിധ്യ ആക്ട് പ്രകാരം ന്യായവും നീതിപൂർവവുമായി ആനുകൂല്യങ്ങൾ പങ്കുവയ്ക്കുന്നത് സംബന്ധിച്ചുള്ള വകുപ്പുകൾ ഉയർത്തി കാട്ടിയായിരുന്നു കോടതി വിധി.
ആയുർവേദ, പോഷകാഹാര ഉത്പന്നങ്ങളുടെ നിർമ്മാണത്തിലെ പ്രധാന ചേരുവകളും അസംസ്കൃത വസ്തുക്കളും ജൈവ ഉറവിടങ്ങൾ തന്നെയാണ് ജസ്റ്റിസ് സുധൻഷു ധുലിയ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കർഷകർ ശേഖരിച്ചു നൽകുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് കമ്പനി മരുന്നും മറ്റും തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ കമ്പനിയുടെ ആകെ ലാഭത്തില്‍ 421 കോടിയിൽ നിന്ന് രണ്ട് കോടി കർഷകർക്ക് വീതിച്ചു നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.
ജൈവ വൈവിധ്യ ആക്ട് പ്രകാരം കമ്പനിയുടെ ലാഭത്തിൽനിന്ന് ഒരു വിഹിതം കർഷകർക്ക് നൽകണമെന്ന് മുമ്പ് യുബിബി ഉത്തരവിട്ടിരുന്നു. എന്നാൽ അത്തരം ഉത്തരവുകൾ പുറപ്പെടുവിക്കാൻ യുബിബിക്ക് അധികാരമുണ്ടായിരിക്കാം, അത് നടപ്പിലാക്കാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്നായിരുന്നു അന്ന് കമ്പനിയുടെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam