
ഛത്തീസ്ഗഡ്: രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ അധികാരത്തിലേറിയാൽ ഹരിയാനയിലെയും കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന വാഗ്ദാനവുമായി കോൺഗ്രസ്. ഹരിയാനയിലെ മുതിർന്ന കോൺഗ്രസ് നേതാവായ ഭൂപീന്ദർ സിംങ് ഹൂഡയാണ് വാഗ്ദാനവുമായി രംഗത്തെത്തിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിലേറിയാൽ ആറുമണിക്കൂറിനുള്ളിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നാണ് ഭൂപീന്ദർ സിങ് ഹൂഡയുടെ പ്രഖ്യാപനം.
സർക്കാർ രൂപീകരിക്കാൻ സാധിച്ചാൽ ആറ് മണിക്കൂറിനുള്ളിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളും. കൂടാതെ വാർധക്യ പെൻഷൻ 2000 രൂപയിൽ നിന്ന് 3000 രൂപയായി വർധിപ്പിക്കുമെന്നും വൈദ്യുതി നിരക്കുകള്‍ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ പകുതിയായി കുറയ്ക്കുമെന്നും ഭൂപീന്ദർ അവകാശപ്പെട്ടു. സംസ്ഥാനത്ത് രണ്ട് തവണ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ആളാണ് ഭൂപീന്ദർ സിംങ് ഹൂഡ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലേറിയതിന് പിന്നാലെ രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കാർഷിക കടങ്ങൾ സർക്കാർ എഴുതിത്തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണപത്രികയിൽ കോൺഗ്രസ് ഇക്കാര്യം രേഖപ്പെടുത്തിയിരുന്നു.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കർഷകർക്കായി മോദി സർക്കാർ ക്ഷേമപദ്ധതികൾ തയ്യാറാക്കാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി സാമ്പത്തിക വകുപ്പ് മന്ത്രി അരുൺ ജെയ്റ്റ്ലി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കൃഷിവകുപ്പ് മന്ത്രി രാധാമോഹൻ സിംഗ് എന്നിവരുമായി ചർച്ച നടത്തിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ജനുവരിയിൽ കർഷകരുടെ ക്ഷേമം ലക്ഷ്യമാക്കുന്ന പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നാണ് സാമ്പത്തിക മന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam