'ഇവിടെ നാവ് ഉദ്ധരിക്കപ്പെട്ട പുല്ലിംഗമാണ്, അമ്മ ഏറ്റവും അശ്ലീല പദവും': ശാരദക്കുട്ടി

Published : Nov 06, 2018, 06:37 PM ISTUpdated : Nov 06, 2018, 06:42 PM IST
'ഇവിടെ നാവ് ഉദ്ധരിക്കപ്പെട്ട പുല്ലിംഗമാണ്, അമ്മ ഏറ്റവും അശ്ലീല പദവും': ശാരദക്കുട്ടി

Synopsis

ആണത്തം കൊമ്പു കുലുക്കിത്തുടങ്ങുന്ന ഘട്ടത്തിൽ അതിനെ നിലയ്ക്കു നിർത്താൻ വീടിനു കഴിയണം. അമ്മക്കു കഴിയണം. അവനോട് വിവിധ ഘട്ടങ്ങളിൽ ഇടപെടുന്ന എല്ലാ സ്ത്രീകൾക്കും കഴിയണം. "നീ എന്റെ അധികാരിയല്ല " എന്നത് വീട്ടിലെ സ്ത്രീയുടെ മുദ്രാവാക്യമാകണം. ഇല്ലെങ്കിൽ ഭാവി വലിയ പ്രശ്നം തന്നെയാകും

കൊച്ചി: ചെറുമകന്‍റെ ചോറൂണ് നടത്താനായെത്തിയ 52 വയസ് കഴിഞ്ഞ സ്ത്രീയെ ശബരിമലയില്‍ വച്ച് ആക്രമിച്ചതിനും അധിക്ഷേപിച്ചതിനുമെതിരെ കടുത്ത വിമര്‍ശനവുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി രംഗത്ത്. "അടിച്ചു കൊല്ലെടാ അവളെ" എന്ന് ആക്രോശിച്ചുകൊണ്ടുള്ള ആക്രമണങ്ങള്‍ അമ്പലനടയിലും മുഴങ്ങിക്കേൾക്കുന്നതിലെ ഞെട്ടല്‍ അവര്‍ മറച്ചുവച്ചില്ല. അടിച്ചു കൊല്ലെടാ അവളെ എന്ന വാക്കുകൾ,  അതൊരംഗീകരിക്കപ്പെട്ട പുല്ലിംഗാക്രോശമായിരുന്നെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ശാരദക്കുട്ടിയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍

"അടിച്ചു കൊല്ലെടാ അവളെ"

വീടുകളിൽ കേട്ടപ്പോഴൊന്നും ആരും തടഞ്ഞിട്ടില്ല. അമ്മയേം പെങ്ങളേം ഭാര്യയേയും കാമുകിയെയും , മകളെയും അവർ എതിർത്തപ്പോഴൊക്കെ നിങ്ങൾ നേരിട്ടത് ഇങ്ങനെ തന്നെയായിരുന്നു."അടിച്ചു കൊല്ലെടാ അവളെ ". ഈ വാക്കുകൾ - അതൊരംഗീകരിക്കപ്പെട്ട പുല്ലിംഗാക്രോശമായിരുന്നു. സൈബറിടത്തിൽ അതൊരു പുല്ലിംഗാഘോഷമായി നിർബാധം തുടരുകയാണ്. വൈകിയാണെങ്കിലും അമ്പലനടയിലും അതു മുഴങ്ങിക്കേൾക്കുന്നു.

" അടിച്ചു കൊല്ലെടാ
അവളെ ."

ആഭാസന്മാരായി ആൺമക്കളെ വളർത്തി വിടുന്ന ഫാസിസ്റ്റു വീടുകളോട്, നിശ്ശബ്ദം അതൊക്കെ അംഗീകരിച്ച് തല കുമ്പിട്ടു നടന്ന കുലീനതാ നാട്യങ്ങളോട് എതിരിട്ടപ്പോഴൊക്കെ ഞങ്ങൾ പല ഭാഷയിലിതു കേട്ടു.

ആണത്തം കൊമ്പു കുലുക്കിത്തുടങ്ങുന്ന ഘട്ടത്തിൽ അതിനെ നിലയ്ക്കു നിർത്താൻ വീടിനു കഴിയണം. അമ്മക്കു കഴിയണം. അവനോട് വിവിധ ഘട്ടങ്ങളിൽ ഇടപെടുന്ന എല്ലാ സ്ത്രീകൾക്കും കഴിയണം. "നീ എന്റെ അധികാരിയല്ല " എന്നത് വീട്ടിലെ സ്ത്രീയുടെ മുദ്രാവാക്യമാകണം. ഇല്ലെങ്കിൽ ഭാവി വലിയ പ്രശ്നം തന്നെയാകും. .അതു പറയാൻ തന്റേടം കാട്ടാത്ത ഓരോ സ്ത്രീയും സ്വന്തം നില ഒരു പുനർവിചിന്തനത്തിനു വെക്കേണ്ട സമയമായിരിക്കുന്നു.

മുത്തശ്ശിയും അമ്മയും ഭാര്യയുമടങ്ങുന്ന മൂന്നു തലമുറയിലെ സ്ത്രീകളെ തന്റെ അഹങ്കാരങ്ങൾക്കു ന്യായവാദവുമായി രാഹുൽ ഈശ്വർ കൊണ്ടിരുത്തിയപ്പോൾ ഞാനമ്പരന്നു: "നിന്റെ തെമ്മാടിത്തരങ്ങൾക്കു കൂട്ടുനിൽക്കാൻ ഞങ്ങളെ കിട്ടില്ല" എന്ന് അതിൽ ഒരു സ്ത്രീ പോലും പറഞ്ഞില്ല. ചുമ്മാതല്ല ഇയാളിങ്ങനെ ഞുളക്കുന്നതും പുളയുന്നതും എന്ന് ഞാൻ ആത്മഗതം ചെയ്യുകയായിരുന്നു.

"അടിച്ചു കൊല്ലെടാ അവളെ" എന്നത് കേരളം പോലെ ഒരു സംസ്ഥാനത്ത് ഉയർന്നു കേൾക്കുന്നത്, "ജനനീ ജന്മഭൂമിശ്ച" എന്നു പറയുന്ന നാവു കൊണ്ടു തന്നെയാണെന്നതും ഓർക്കുക. ഇവിടെ നാവ് ഒരു ഉദ്ധൃത പുല്ലിംഗമാണ്. ഇത്തരം ആൺകുട്ടികൾ വളർന്നു വരുന്ന നാട്ടിൽ അമ്മ എന്നത് ഏറ്റവും അശ്ലീലമായ പദമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം
കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; കെഎസ്‍യു നേതാവ് അടക്കം 4 പേർ കസ്റ്റഡിയിൽ