വരാപ്പുഴ ശ്രീജിത്ത് വധം: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

By Web DeskFirst Published Jun 21, 2018, 4:11 PM IST
Highlights
  • വരാപ്പുഴ ശ്രീജിത്ത് വധം: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു പൊലീസിനെതിരെ ഹൈക്കോടതി രൂക്ഷ പരാമര്‍ശം നടത്തിയത്.  ആര്‍ടിഎഫ് രൂപീകരണം നിയമവിരുദ്ധമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. ആര്‍ടിഎഫ് രൂപീകരിച്ച എസ്പിക്ക് ഒന്നും അറിയില്ല എന്ന് പറയുന്നത് ശരിയല്ല.  ആര്‍ടിഎഫുകാർ എസ്എച്ച് ഒയെ അറിയിക്കാതെ എങ്ങനെ അന്വേഷണം നടത്തിയെന്നും കോടതി ചോദിച്ചു. ആര്‍ടിഎഫിന്റെ രൂപീകരണം തന്നെ നിയമ വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

സുപ്രീം കോടതി വിധിന്യായങ്ങളുടെ അടിസ്ഥാനത്തിൽ, ലോക്കൽ പോലീസ് പ്രതികൾ ആയിട്ടുള്ള കേസുകളിൽ സിബിഐ അന്വേഷണം ആവാം എന്ന് അഖില ഹൈക്കോടതിയിൽ വാദിച്ചു. അതേസമയം അന്വേഷണം ശരിയായ ദിശയിൽ അല്ല നടക്കുന്നത് എന്ന്  സിബിഐ യുടെ അഭിഭാഷകൻ ഹൈക്കോടതിയില്‍ പറഞ്ഞു. എസ്പിക്ക് ബന്ധം ഇല്ല എന്ന് പറയാൻ ആവില്ലെന്നും സിബിഐ വ്യക്തമാക്കി. ഇതോടെ കേസ് വിധിപറയുന്നതിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. 

ആര്‍ടിഎഫുകാർ ശ്രീജിത്തിനെ പിടിച്ച ഉടൻ തന്നെ എസ്ഐക്ക് കൈമാറിയെന്നാണ് സര്‍ക്കാറിനായി ഹാജറായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി )കോടതിയെ അറിയിച്ചത്. ആര്‍ടിഎഫ് നിമയവിരുദ്ധമായാണ് രൂപീകരിച്ചതെന്ന് സമ്മതിക്കുന്നു. എന്നാല്‍ നല്ല ഉദ്ദേശത്തോടെയാണ് കസ്റ്റഡിയിലെടുക്കാന്‍  ആര്‍ടിഎഫുകാരെ പറഞ്ഞയച്ചത്. സത്യസന്ധനായ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നതെന്നും ഡിജിപി വാദിച്ചു. 

ലോക്കൽ പൊലീസിന്  എസ്ഐടിയെ സ്വാധീനിക്കാൻ ഒരിക്കിലും ആവില്ല. എസ്പി ആര്‍ടിഎഫ് രൂപീകരിച്ചത് തെറ്റാണ്. പക്ഷെ ഈ കേസിൽ എസ്പിക്കോ സർക്കാരിനോ ഒരു ക്രിമിനൽ ബന്ധവും ഇല്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പൊലീസിനെതിരായ ആരോപണങ്ങള്‍ പൊലീസ് തന്നെ അന്വേഷിക്കുന്നതില്‍ അര്‍ഥമില്ലെന്ന വാദം അഖിലയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. ഇത്തരത്തില്‍ സര്‍ക്കാറിന്‍റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച ശേഷമാണ് കേസ് വിധിപറയുന്നതിനായി മാറ്റിയിരിക്കുന്നത്.

click me!