അയോധ്യ വിഷയത്തില്‍ ജനങ്ങളെ വിഡ്ഢികളാക്കി; വിശ്വഹിന്ദു പരിഷത്തിനെതിരെ പൂജാരി

By Web TeamFirst Published Nov 28, 2018, 4:32 PM IST
Highlights

രാമഭക്തർ എന്ന വ്യാജേന ഒരു കൂട്ടം ആളുകളെ തെരഞ്ഞെടുത്ത് മഹാസഖ്യത്തിന് വേണ്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് അവര്‍. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന കോടിക്കണക്കിന് രൂപ സ്വന്തം പോക്കറ്റിലാക്കുക എന്ന ഉദ്ദേശ്യമാണ് അവർക്കുള്ളതെന്നും ആരോപണം
 

ലക്നൗ: രാമക്ഷേത്ര വിഷയത്തില്‍ വിശ്വഹിന്ദു പരിഷത്തിനെതിരെ രാമജന്മഭൂമി ക്ഷേത്രത്തിലെ പൂജാരി. രാമക്ഷേത്ര വിഷയത്തിൽ ജനങ്ങളെ വിഡ്ഢികളാക്കി ബിജെപിയെ സഹായിക്കുകയാണ് വിശ്വഹിന്ദു പരിഷത്തെന്നാണ് ആരോപണം. രാമജന്മഭൂമി ക്ഷേത്രത്തിലെ മുതിര്‍ന്ന പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസാണ് വിമർശനവുമായി രംഗത്തെത്തിരിക്കുന്നത്. ഇപ്പോൾ രാമക്ഷേത്ര വിഷയത്തിൽ വിശ്വഹിന്ദു പരിഷത്ത് കാണിക്കുന്നത് ബിജെപിയെ അധികാരത്തിൽ കൊണ്ടുവരാനാണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കിയെടുക്കാനാണ് വി എച്ച് പിയും ബിജെപിയും ശ്രമിക്കുന്നത്. രാമഭക്തർ എന്ന വ്യാജേന ഒരു കൂട്ടം ആളുകളെ തെരഞ്ഞെടുത്ത് മഹാസഖ്യത്തിന് വേണ്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് അവര്‍. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന കോടിക്കണക്കിന് രൂപ സ്വന്തം പോക്കറ്റിലാക്കുക എന്ന ഉദ്ദേശ്യമാണ് അവർക്കുള്ളതെന്നും ആചാര്യ കൂട്ടിച്ചേർത്തു.

രാമജന്മഭൂമി വിഷയം കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് തന്നെ അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും പാടില്ലെന്നാണ് നിയമം. പ്രദേശത്ത് സിആര്‍പിഎഫ് ജവാന്മാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുമുണ്ട്. എന്നാല്‍ കോടതി ഉത്തരവ്  ലംഘിച്ചായാലും അവിടെ ക്ഷേത്രം പണിയുമെന്ന വാദമാണ് അവർ ഉന്നയിക്കുന്നതെന്ന്  ആചാര്യ സത്യേന്ദ്ര ദാസ് പറയുന്നു. 

യഥാര്‍ത്ഥ രാമഭക്തരെപോലും അവർ തങ്ങളുടെ പരിധിയിൽ കൊണ്ടുവരികയാണ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബി.ജെ.പി രാമക്ഷേത്രം നിര്‍മിക്കുമെന്ന് വാഗ്ദാനം നല്‍കിട്ടുണ്ടെന്നും എന്നാൽ ആ വാഗ്ദാനം ഒരിക്കലും ബിജെപി നടപ്പാക്കുമെന്ന് കരുതുന്നില്ലെന്നും വിഷയത്തില്‍ ശക്തമായ നടപടി തന്നെ കോടതി സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

click me!