ചരിത്രനിമിഷം; കര്‍ത്താപൂര്‍ ഇടനാഴിക്ക് ഇമ്രാന്‍ ഖാന്‍ തറക്കല്ലിട്ടു, സാക്ഷിയായി രണ്ട് കേന്ദ്ര മന്ത്രിമാര്‍

By Web TeamFirst Published Nov 28, 2018, 3:50 PM IST
Highlights

ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് കേന്ദ്ര മന്ത്രിമാരും പഞ്ചാബ് മന്ത്രി നവജ്യോത് സിംഗ് സിദ്ദുവും ചടങ്ങില്‍ പങ്കെടുത്തു.ലഹോറില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ നറോവാലില്‍ ആണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യയുടെ ഏറെകാലമായ ആവശ്യത്തിന് പരിഹാരമാകുന്ന പദ്ധതിയുടെ തറക്കല്ലിട്ടത്

ദില്ലി: കര്‍ത്താപൂര്‍ ഇടനാഴി നിര്‍മിക്കുന്നതിന്‍റെ മുന്നോടിയായി പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ പദ്ധതിക്ക് തറക്കല്ലിട്ടു. ലഹോറില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ നറോവാലില്‍ ആണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യയുടെ ഏറെകാലമായ ആവശ്യത്തിന് പരിഹാരമാകുന്ന പദ്ധതിയുടെ തറക്കല്ലിട്ടത്.

ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് കേന്ദ്ര മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ, പഞ്ചാബ് മന്ത്രി നവജ്യോത് സിംഗ് സിദ്ദുവും പാക് ആര്‍മി ചീഫ് ജാവേദ് ബജ്‍വയും ചടങ്ങിന്‍റെ ഭാഗമായി. ഗുരു നാനാക്കിന്‍റെ സമാധിസ്ഥലമായ കർത്താപൂർ ഗുരുദ്വാര ഇപ്പോൾ പാകിസ്ഥാനിലാണ്.

സിഖ് മതവിശ്വാസികളുടെ വിശുദ്ധകേന്ദ്രമായ ഇവിടേയ്ക്ക് ഇന്ത്യയിൽ നിന്ന് ഒരു സ്ഥിരം പാത വേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്. എന്നാൽ, നയതന്ത്രതർക്കങ്ങളിൽ കുരുങ്ങി അത് ഇതുവരെ നടപ്പായിരുന്നില്ല. ഒടുവിൽ ചർച്ചയ്ക്ക് വാതിൽ തുറന്ന് പാക് പ്രധാനമന്ത്രി ഇന്ന് കർത്താപൂര്‍ ഗുരുദ്വാരയിലേയ്ക്കുള്ള ഇടനാഴിയുടെ തറക്കല്ലിടാൻ തീരുമാനിക്കുകയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ ക്ഷണിക്കുകയും ചെയ്തു.

എന്നാല്‍, ആരോഗ്യ പ്രശ്നങ്ങള്‍ മൂലം യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ കേന്ദ്ര മന്ത്രമാരായ ഹര്‍ദീപ് സിംഗ് പുരിയെയും ഹര്‍ഷിമ്രത് കൗര്‍ ബാദലിനെയും  സുഷമ സ്വരാജ് തന്നെയാണ് നിര്‍ദേശിച്ചത്. പഞ്ചാബിലെ വാഗ അതിര്‍ത്തി വഴിയാണ് ഇരു മന്ത്രിമാരും പാക്കിസ്ഥാനിലേക്ക് പുറപ്പെട്ടത്. പാക്കിസ്ഥാന്‍ സര്‍ക്കാരിന് എല്ലാവിധ നന്ദിയും അറിയിക്കുന്നുവെന്ന് യാത്രയ്ക്ക് മുമ്പ് പുരി പ്രതികരിച്ചിരുന്നു.

സിഖ് സമുദായത്തിന്‍റെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യമാണ് കര്‍ത്താപൂര്‍ ഇടനാഴി. അത് സാധ്യമാക്കുന്നതില്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിന് നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ പാകിസ്ഥാനിലെ അന്താരാഷ്ട്ര അതിര്‍ത്തി വരെ നീളുന്ന പാതയ്ക്ക് പഞ്ചാബില്‍ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ മന്‍ ഗ്രാമത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തറക്കല്ലിട്ടിരുന്നു.

അതേസമയം, ചടങ്ങില്‍ പങ്കെടുക്കാനുള്ള പാസിസ്ഥാന്‍റെ ക്ഷണം പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് നിരസിച്ചിരുന്നു. സംസ്ഥാനത്തെ ഭീകരാക്രമണങ്ങളിലും അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ സൈനികരെ വധിക്കുന്നതിലും പ്രതിഷേധിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം അദ്ദേഹം നിരസിച്ചത്.

എന്നാല്‍, കര്‍ത്താപൂര്‍ ഇടനാഴിയുടെ തറക്കലിടല്‍ ചടങ്ങുകള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ സാർക് ഉച്ചകോടിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ചർച്ച വീണ്ടും തുടങ്ങാനുള്ള പാകിസ്ഥാന്‍റെ നീക്കം ഇന്ത്യ തള്ളി.

ഭീകരവാദവും ചർച്ചയും ഒന്നിച്ച് പോകില്ലെന്നാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയത്. ഇതോടെ ഉച്ചകോടി തന്നെ നടക്കാനുള്ള സാധ്യത ഇല്ലാതായി. തെരഞ്ഞെടുപ്പ് വർഷത്തിൽ മോദി പാകിസ്ഥാനിലേയ്ക്ക് പോയി സംഘപരിവാർ അണികളുടെ രോഷം ക്ഷണിച്ചുവരുത്തേണ്ടെന്നാണ് സർക്കാർ തീരുമാനം. 

click me!