ഹോട്ടലിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിന്‍റെ ചെവി നേപ്പാള്‍ സ്വദേശി കടിച്ചെടുത്തു

By Web TeamFirst Published Jan 9, 2019, 1:07 PM IST
Highlights

വട്ടിയൂര്‍ക്കാവ് പൊലീസെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി വീണ്ടും വഴക്കുണ്ടാവുകയും നേപ്പാള്‍ സ്വദേശിയായ ഹോട്ടല്‍ തൊഴിലാളി യുവാക്കളിലൊരാളുടെ ചെവി കടിച്ചെടുക്കുകയുമായിരുന്നു.

തിരുവനന്തപുരം: ഹോട്ടലിലെ വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനും ഇടയില്‍ നേപ്പാള്‍ സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരന്‍ യുവാവിന്‍റെ ചെവി കടിച്ചു മുറിച്ചു. വട്ടിയൂർക്കാവ്  കൊടുങ്ങാനൂര്‍ കുലശേഖരത്തിനു സമീപത്തെ ഒരു ഹോട്ടലിൽ  കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം നടന്നത്.

 ക്ഷേത്രത്തിലെ സംഭാവന പിരിവുമായി ബന്ധപ്പെട്ട് ചില യുവാക്കള്‍ ഹോട്ടലിനു സമീപം എത്തിയിരുന്നു. ഇതിനിടെ ഹോട്ടല്‍ ആഹാരത്തെപ്പറ്റി ചില മോശം പരാമർശങ്ങൾ ഇവരിൽ നിന്നും ഉണ്ടായതായി പറയപ്പെടുന്നു.  ഇത് വാക്കുതര്‍ക്കത്തിന് ഇടയാക്കി. ഇതിനിടെ യുവാക്കളില്‍ ഒരാള്‍ ഹോട്ടലിലെ സപ്ലെയറായ നേപ്പാള്‍ സ്വദേശിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതു സംഘര്‍ഷത്തിലേക്കെത്തി. തുടര്‍ന്ന് പരസ്പരം അസഭ്യവര്‍ഷവും കസേരകൾ കൊണ്ട് അടിയും തുടങ്ങി. 

സംഭവമറിഞ്ഞ് വട്ടിയൂര്‍ക്കാവ് പോലീസ് സ്ഥലത്തെത്തുകയും പോലീസിന്റെ മദ്ധ്യസ്ഥതയില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വഴിമദ്ധ്യേ യുവാക്കളില്‍ ഒരാള്‍ നേപ്പാള്‍ സ്വദേശിയുമായി വീണ്ടും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അരിശം മൂത്ത ഇയാള്‍ യുവാക്കളിലൊരാളുടെ ചെവി കടിച്ചെടുക്കുകയുമായിരുന്നു. ആക്രമണത്തില്‍ യുവാവിന്റെ ചെവിയുടെ കുറേഭാഗം നഷ്ടപ്പെട്ടിട്ടുണ്ട്. 

കൊടുങ്ങാനൂര്‍ വാര്‍ഡില്‍ താമസിക്കുന്ന ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിനുശേഷം ഇരുവിഭാഗവും വട്ടിയൂര്‍ക്കാവ് പോലീസില്‍ എത്തി ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയതിനാല്‍ പോലീസ് ഇരു വിഭാഗക്കാരുടെയും വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. സംഭവം സംബന്ധിച്ച് പോലീസ് തിങ്കളാഴ്ച രാത്രിവരെയും കേസ്സെടുത്തിട്ടില്ല.

click me!