ഹോട്ടലിൽ വിദ്യാർഥികൾ ഹാൾ ടിക്കറ്റ് മറന്നുവെച്ചു ; 12 കിലോമീറ്റർ ബുള്ളറ്റിൽ പറന്ന് പൊലീസ് ഉദ്യോഗസ്ഥർ, കൈയ്യടി

By Web TeamFirst Published Mar 18, 2023, 2:21 PM IST
Highlights

മാവേലി എക്സ്പ്രസിന് കാസർകോട് ഇറങ്ങിയ വിദ്യാർഥികൾ പുതിയ ബസ് സ്റ്റാൻഡിലെത്തി ഹോട്ടലിൽ ചായ കുടിക്കാൻ കയറിയിരുന്നു. അതിനിടെയാണ് ചട്ടഞ്ചാൽ ഭാഗത്തേക്കുള്ള ബസ് എത്തിയത്. തിടുക്കത്തിൽ ബസിൽ കയറിയ വിദ്യാർഥികൾ 12 കിലോമീറ്റർ പിന്നിട്ട് ചട്ടഞ്ചാൽ ഇറങ്ങിയപ്പോഴാണ് ഒരു ബാഗ് ഇല്ലെന്നു കണ്ടത്.

കാസര്‍കോട്: വിദ്യാർഥികൾ ഹോട്ടലിൽ മറന്നുവച്ച ഹാൾ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തിലേക്ക് പൊലീസ് ഉദ്യോഗസ്ഥർ ബുള്ളറ്റിൽ പറന്നത് 12 കിലോമീറ്റർ. പരീക്ഷയ്ക്കെത്തി ഹാള്‍ ടിക്കറ്റില്ലെന്നറിഞ്ഞ് ധര്‍മ്മ സങ്കടത്തിലായ കുട്ടികള്‍ക്ക് രക്ഷയായി കേരള പൊലീസ്.  ചട്ടഞ്ചാൽ മലബാർ ഇസ്‍ലാമിക് സ്കൂളിൽ ആണ് സംഭവം. സ്കൂളിലേക്കുള്ള യാതക്കിടെ ഭക്ഷണം കഴിക്കാനിറങ്ങിയ കുട്ടികള്‍  ഹോട്ടലില്‍ ഹാള്‍ ടിക്കറ്റ് മറ്നനു വെക്കുകയായിരുന്നു.

പഴയങ്ങാടി മാട്ടൂൽ ഇർഫാനിയ ജൂനിയർ അറബിക് കോളജിലെ വിദ്യാർഥികളും പയ്യന്നൂർ, തളിപ്പറമ്പ്, പിലാത്തറ സ്വദേശികളുമായ മുഹമ്മദ് സഹൽ, കെ.കെ.അൻഷാദ്, എം.അനസ്, ഒ.പി.ഷഹബാസ്, എം.പി.നിഹാൽ എന്നിവർ എസ്എസ്എൽസി കെമിസ്ട്രി പരീക്ഷ എഴുതാൻ ചട്ടഞ്ചാൽ മലബാർ ഇസ്‍ലാമിക് സ്കൂളിൽ എത്തിയപ്പോഴാണ് ഹാൾ ടിക്കറ്റ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. മാവേലി എക്സ്പ്രസിന് കാസർകോട് ഇറങ്ങിയ വിദ്യാർഥികൾ പുതിയ ബസ് സ്റ്റാൻഡിലെത്തി ഹോട്ടലിൽ ചായ കുടിക്കാൻ കയറിയിരുന്നു. അതിനിടെയാണ് ചട്ടഞ്ചാൽ ഭാഗത്തേക്കുള്ള ബസ് എത്തിയത്. 

തിടുക്കത്തിൽ ബസിൽ കയറിയ വിദ്യാർഥികൾ 12 കിലോമീറ്റർ പിന്നിട്ട് ചട്ടഞ്ചാൽ ഇറങ്ങിയപ്പോഴാണ് ഒരു ബാഗ് ഇല്ലെന്നു കണ്ടത്. എസ്എസ്എൽസി പരീക്ഷ എഴുതാനുള്ള 5 വിദ്യാർഥികളുടെയും ഹാൾ ടിക്കറ്റ് ആ ബാഗിലായിരുന്നു. 9.30നു മുൻപ് ഹാൾ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ പരീക്ഷയെഴുതാൻ കഴിയില്ല. അപ്പോഴേക്കും സമയം ഒൻപത് മണികഴിഞ്ഞിരുന്നു.   പരിഭ്രാന്തരായ വിദ്യാർത്ഥികൾ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ഓടിയെത്തി വിവരം പറഞ്ഞു. സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രദീപൻ, സി.പി.ഒ ശ്രീജിത്ത് എന്നിവർ വിവരം കൺട്രോൾ റൂമിലേക്കും അവിടെ നിന്ന് സ്‌ട്രൈക്കർ ഫോഴ്‌സിലെ ഓഫീസർ പി.വി നാരായണനും കൈമാറി. 

തൊട്ടുപിന്നാലെ സ്‌ട്രൈക്കർ ഫോഴ്‌സിലെ സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ , മുകേഷ് എന്നിവർ ചട്ടഞ്ചാലിലേക്ക് പായുകയായിരുന്നു. സമയത്തിന്റെ മൂല്യമറിഞ്ഞ് പൊലീസ്,  വിദ്യാർഥികൾ ചായ കുടിച്ച ഹോട്ടലിൽ ചെന്ന് ബാഗ്  കണ്ടെടുത്തു. കുട്ടികളെ മേൽപ്പറമ്പ് സ്റ്റേഷനിൽ നിന്ന് പോലീസ് വാഹനത്തിൽ സ്കൂളിൽ എത്തിക്കുകയും ചെയ്തു. കരച്ചലിന്റെ വക്കോളമെത്തിയ കുട്ടികൾ പോലീസുകാർക്ക് നന്ദി പറഞ്ഞ് പരീക്ഷ ഹാളിലേക്ക് പ്രവേശിച്ചു.  പരീക്ഷ കഴിഞ്ഞതിന് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി മധുരപലഹാരം നൽകിയ ശേഷമാണ് പഴയങ്ങാടിയിലേക്ക് ഈ കുട്ടികൾ മടങ്ങിയത്.

Read More :  ബിഎംഡബ്ല്യൂ കാറിലെത്തി, ജി 20 ഉച്ചകോടിക്കായി ഒരുക്കിയ ചെടിച്ചട്ടികള്‍ മോഷ്ടിച്ചു; രണ്ട് യുവാക്കൾ പിടിയിൽ

click me!