
സിഡ്നി: മുൻ ഭർത്താവിന്റെ മാതാപിതാക്കളും ബന്ധുവും വിഷക്കൂണ്‍ കഴിച്ച് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ 49കാരിക്കെതിരെ ഗുരുതര ആരോപണവുമായി പൊലീസ്. സൌഹൃദ പൂർവ്വം വിവാഹ മോചനം നേടിയെന്ന് അവകാശപ്പെടുന്ന 49കാരി ഭർത്താവിനെ ലക്ഷ്യമിട്ടാണ് വിരുന്നൊരുക്കിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. മൂന്ന് വർഷത്തിനുള്ളില്‍ നാലാമത്തെ തവണയാണ് ഇവർ മുൻ ഭർത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് കോടതിയില്‍ പൊലീസ് വിശദമാക്കിയത്.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഓസ്ട്രേലിയയില്‍ 49കാരിയെ പൊലീസ് കൊലപാതക്കേസില്‍ അറസ്റ്റിലാക്കിയത്. ബീഫും പച്ചക്കറിയും ഉപയോഗിച്ചുണ്ടാക്കുന്ന ബീഫ് വെല്ലിംഗ്ടണ്‍ എന്ന വിഭവത്തില്‍ ഉപയോഗിച്ച കൂണിലൂടെയാണ് വിഷം കൊല്ലപ്പെട്ടവരുടെ ശരീരത്തിലെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ജൂലൈ അവസാനമാണ് വിഷബാധ മൂലം ബന്ധുക്കളോടൊപ്പം ഭക്ഷണം കഴിച്ച മൂന്ന് പേരെ മെല്‍ബണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരിയമാണ് വിഷബാധയേറ്റ് മരിച്ചത്. ഇവർക്ക് ഭക്ഷണം വച്ച് വിളമ്പിയ എറിന്‍ പാറ്റേഴ്സണ്‍ എന്ന വനിതയെ സംഭവവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2002വരെ വരെ മെല്‍ബണില്‍ എയർട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന എറിന്‍ വിവാഹ മോചനത്തിന് ശേഷം കുട്ടികള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.
ഇതിന്‍ മുന്‍പ് 2021 നവംബറിലാണ് ഇവര്‍ ഭര്‍ത്താവായിരുന്ന സൈമണ്‍ പാറ്റേഴ്സണെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്. 2022 മെയ് മാസത്തിലും സെപ്തംബറിലും കൊലപാതക ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒടുവിലാണ് ജൂലൈ 29ന് മുന്‍ ഭർത്താവിനും രക്ഷിതാക്കള്‍ക്കും ഭർതൃമാതാവിന്റെ സഹോദരിക്കും അവരുടെ ഭർത്താവിനും ബീഫും കൂണും വച്ച് പ്രത്യേക വിഭവം തയ്യാറാക്കിയത്. എറിന്റെ വീട്ടിലൊരുക്കിയ വിരുന്നിലെ ഭക്ഷണം ഭര്‍ത്താവ് കഴിച്ചിരുന്നില്ല. കുട്ടികളുടെ ഒപ്പം സിനിമയ്ക്ക് പോയതിനാല്‍ ഇവർക്കൊപ്പം ഭക്ഷണം കഴിക്കാതിരുന്നതാണ് സൈമൺ പാറ്റേഴ്സണ് തുണയായത്. എന്നാല്‍ ഭര്‍ത്താവിനൊരുക്കിയ വിഷ വിഭവം മറ്റ് മൂന്ന് പേരുടെ ജീവന്‍ അപഹരിക്കുകയായിരുന്നു.
ബീഫ് വിഭവത്തില്‍ ഉപയോഗിച്ച ചേരുവകളില്‍ നിന്നാണ് വിഷബാധയുണ്ടായതെന്ന് പൊലീസിന് സംശയമുണ്ടായതിനേ തുടര്‍ന്ന് നടന്ന അന്വേഷണമാണ് ഓസ്ട്രേലിയയിലെ കൂടത്തായി മോഡല്‍ കൊലപാതകം പുറത്ത് കൊണ്ടുവന്നത്. എറിന്‍ പാറ്റേഴ്സണിനെ തെക്കന്‍ വിക്ടോറിയയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വിരുന്ന് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ 70കാരിയായ മുന്‍ ഭർതൃമാതാവ് ഗെയില്‍, മുന്‍ ഭർതൃപിതാവും 70കാരനുമായ ഡോണ്‍, ഇവരുടെ സഹോദരിയും 66കാരിയുമായ ഹെതര്‍ എന്നിവരാണ് ആശുപത്രിയിലായതും ചികിത്സയിലിരിക്കെ മരിച്ചതും. ഹെതറിന്റെ ഭര്‍ത്താവിനും ആരോഗ്യ പ്രശ്നങ്ങളുണ്ടായെങ്കിലും കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാൾ സെപ്തംബറില്‍ ആശുപത്രി വിട്ടിരുന്നു. ഡെത്ത് ക്യാപ് എന്നയിനം കൂണാണ് വിഷമായി ഉപയോഗിച്ചതെന്നാണ് പൊലീസ് നിരീക്ഷണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam