Asianet News MalayalamAsianet News Malayalam

ഓസ്ട്രേലിയയിലും 'കൂടത്തായി മോഡൽ', ബീഫ് കൊണ്ടുള്ള പ്രത്യേക വിഭവം കഴിച്ച് മരിച്ചത് 3 പേർ, അറസ്റ്റിലായി മുൻമരുമകൾ

ബീഫ് വെല്ലിംഗ്ടണ്‍ എന്ന വിഭവമായിരുന്നു വിരുന്നിലെ വില്ലനായത്. ബീഫ് സ്റ്റീക്കിനെ പച്ചകറികൾ കൊണ്ട് പൊതിഞ്ഞ് പേസ്ട്രി രൂപത്തില്‍ ബേക്ക് ചെയ്തെടുക്കുന്ന ഈ വിഭവം ഇംഗ്ലീഷ് ഭക്ഷണ രീതിയില്‍ ഏറെ പ്രാധാന്യമുള്ളതാണ്

woman arrested  suspected death cap mushroom poisoning of former parents in law etj
Author
First Published Nov 2, 2023, 11:36 AM IST

സിഡ്നി: മുന്‍ ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ വിഷബാധ മൂലം മരിച്ചതിന് പിന്നാലെ 49കാരി അറസ്റ്റില്‍. എറിന്‍ പാറ്റേഴ്സണ്‍ എന്ന വനിതയെ ആണ് തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് സംഭവം. ജൂലൈ അവസാനമാണ് മൂന്ന് പേര്‍ വിഷബാധ മൂലം മരിച്ചത്. ബന്ധുക്കളോടൊപ്പം ഭക്ഷണം കഴിച്ച മൂന്ന് പേരെ അവശനിലയിലാണ് മെല്‍ബണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും ഇവരുടെ സഹോദരിയുമാണ് വിഷബാധയേറ്റ് മരിച്ചത്.

മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് 49കാരി പിടിയിലായത്. എറിന്റെ വീട്ടില്‍ വച്ച് ബീഫ് കൊണ്ടുള്ള ഒരു വിഭവം കഴിച്ചതിന് ശേഷമാണ് മരിച്ച മൂന്ന് പേർക്കും മറ്റൊരാൾക്കും ആരോഗ്യ പ്രശ്നമുണ്ടായത്. ഇവര്‍ക്കൊപ്പം ആഹാരം കഴിച്ച 49കാരിക്കും ഇവരുടെ മക്കള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ ഒന്നും ഉണ്ടായിരുന്നുമില്ല. ബീഫ് വിഭവത്തില്‍ ഉപയോഗിച്ച ചേരുവകളില്‍ നിന്നാണ് വിഷബാധയുണ്ടായതെന്ന് പൊലീസിന് സംശയമുണ്ടായതിനേ തുടര്‍ന്ന് നടന്ന അന്വേഷണമാണ് ഓസ്ട്രേലിയയിലെ കൂടത്തായി മോഡല്‍ കൊലപാതകം പുറത്ത് കൊണ്ടുവന്നത്. എറിന്‍ പാറ്റേഴ്സണിനെ തെക്കന്‍ വിക്ടോറിയയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

നീണ്ട അന്വേഷണത്തിന്റെ അടുത്ത ചുവടെന്നാണ് അറസ്റ്റിനേക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡീന്‍ തോമസ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. തെക്കന്‍ വിക്ടോറിയയിലെ വീട്ടില്‍ വച്ചാണ് മുന്‍ ഭര്‍തൃമാതാവിനും മുന്‍ ഭര്‍തൃപിതാവിനും മുന്‍ ഭര്‍തൃമാതാവിന്റെ സഹോദരിക്കും എറിന്‍ വിരുന്നൊരുക്കിയത്. വിരുന്ന് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ 70കാരിയായ മുന്‍ ഭർതൃമാതാവ് ഗെയില്‍, മുന്‍ ഭർതൃപിതാവും 70കാരനുമായ ഡോണ്‍, ഇവരുടെ സഹോദരിയും 66കാരിയുമായ ഹെതര്‍ എന്നിവരാണ് ആശുപത്രിയിലായതും ചികിത്സയിലിരിക്കെ മരിച്ചതും.

ഹെതറിന്റെ ഭര്‍ത്താവിനും ആരോഗ്യ പ്രശ്നങ്ങളുണ്ടായെങ്കിലും കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാൾ സെപ്തംബറില്‍ ആശുപത്രി വിട്ടിരുന്നു. ബീഫ് വെല്ലിംഗ്ടണ്‍ എന്ന വിഭവമായിരുന്നു വിരുന്നിലെ വില്ലനായത്. ഇതില്‍ 49കാരി ഉപയോഗിച്ച കൂണാണ് അപകടകാരിയായതെന്നാണ് സൂചന. ബീഫ് സ്റ്റീക്കിനെ പച്ചകറികൾ കൊണ്ട് പൊതിഞ്ഞ് പേസ്ട്രി രൂപത്തില്‍ ബേക്ക് ചെയ്തെടുക്കുന്ന ഈ വിഭവം ഇംഗ്ലീഷ് ഭക്ഷണ രീതിയില്‍ ഏറെ പ്രാധാന്യമുള്ളതാണ്. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കൂണുകളില്‍ വിഷമുള്ളത് അറിയില്ലെന്നുമാണ് എറിന്‍ പ്രതികരിക്കുന്നത്. തന്റെ അമ്മയേ പോലെ തന്നെയാണ് ഗെയില്‍ തനിക്കെന്നും അവര്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇവര്‍ക്കൊപ്പം ആഹാരം കഴിച്ചെങ്കിലും എറിനും മക്കളും രോഗ ബാധിതരാവാതിരുന്നതാണ് പൊലീസ് അന്വേഷണം മനപൂര്‍വ്വമുള്ള വിഷബാധയെന്ന നിലയിലേക്ക് നീങ്ങിയത്. ഡെത്ത് ക്യാപ് എന്നയിനം കൂണാണ് വിഷമായി ഉപയോഗിച്ചതെന്നാണ് പൊലീസ് നിരീക്ഷണം. മരണകാരണം വ്യക്തമായെങ്കിലും കൊലപാതകത്തിന് കാരണമെന്താണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios