
ദില്ലി: വിമാനയാത്രക്കിടെ രണ്ടു വയസ്സുകാരിയുടെ ശ്വാസം നിലച്ചുപോയ നിമിഷം. വിമാനം വഴിതിരിച്ചുവിട്ട് അടിയന്തരമായി ലാന്‍ഡ് ചെയ്യാനുള്ള തീരുമാനം ഉടനുണ്ടായി. പക്ഷെ അതിനുമുന്‍പ് എന്തെങ്കിലും ചെയ്തേ പറ്റൂ. അത്രയും ഗുരുതരമാണ് സാഹചര്യമെന്ന് വിമാന ജീവനക്കാര്‍ തിരിച്ചറിഞ്ഞു. അടിയന്തര സഹായ അഭ്യര്‍ഥന കേട്ട് ഒന്നല്ല, അഞ്ച് ഡോക്ടര്‍മാരാണ് ഓടിവന്നത്. അവരുടെ സമയോചിത ഇടപെടല്‍ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ചു.
ബെംഗളുരു-ഡൽഹി വിസ്താര വിമാനത്തിൽ (യുകെ-814-എ) ഞായറാഴ്ചയാണ് സംഭവം. രണ്ട് വയസ്സുള്ള കുഞ്ഞിന് അടിയന്തര വൈദ്യസഹായം വേണമെന്ന സന്ദേശം വിമാനത്തിലുണ്ടായി. ആ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (എയിംസ്) അഞ്ച് ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിച്ചു. ഹൃദ്രോഗത്തിന് ശസ്ത്രക്രിയ ചെയ്ത കുഞ്ഞായിരുന്നു. വിമാനയാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിലായി. കുഞ്ഞിന്‍റെ ശരീരം മരവിച്ച് നാഡിമിടിപ്പ് നിലച്ച അവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തി.
വിമാനത്തിനുള്ളില്‍ വെച്ചുതന്നെ കുഞ്ഞിന് പരിമിതമായ സാഹചര്യത്തില്‍ സിപിആര്‍ (കൃത്രിമ ശ്വാസോച്ഛ്വാസം) നല്‍കി. കുഞ്ഞിന്‍റെ രക്തചംക്രമണം പഴയതുപോലെ ആയി. അതിനിടെ വീണ്ടും ഹൃദയാഘാതമുണ്ടായത് ആരോഗ്യനില സങ്കീര്‍ണമാക്കി. എഇഡിയുടെ (ഓട്ടോമേറ്റഡ് എക്സ്റ്റേണല്‍ ഡിഫിബ്രിലേറ്റർ) സഹായത്തോടെ കുഞ്ഞിന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചു. ഇതെല്ലാം സംഭവിക്കുന്നതിനിടെ വിമാനം നാഗ്പൂരിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ ശിശുരോഗ വിദഗ്ധന്‍റെ സഹായം തേടി കുഞ്ഞിന് ആവശ്യമായ ചികിത്സ ഉറപ്പാക്കി.
നവ്ദീപ് കൗർ (അനസ്തേഷ്യ),ദമൻദീപ് സിങ് (കാർഡിയാക് റേഡിയോളജി), ഋഷഭ് ജെയിൻ (റേഡിയോളജി), ഒഷിക (ഗൈനക്കോളജി), അവിചല തക്സക് (കാർഡിയാക് റേഡിയോളജി) എന്നിവരാണ് വിമാനത്തില്‍ കുഞ്ഞിന്‍റെ ജീവന്‍ പിടിച്ചുനിര്‍ത്തിയ ഡോക്ടര്‍മാര്‍. സംഭവത്തിന്‍റെ വിശദാംശങ്ങള്‍ ഡല്‍ഹി എയിംസ് എക്സില്‍ (ട്വിറ്റര്‍) പങ്കുവെച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam