
ചെങ്ങന്നൂർ: 'കൊച്ചുപൂമ്പാറ്റേ' എന്നൊന്ന് ഗൂഗിളിൽ ടൈപ്പ് ചെയ്തു നോക്കിയാല്‍ ആദ്യം തെളിയുന്നത് പുലിയൂരിലെ നാല് വയസ്സുകാരന്‍റെ ചിത്രമാകും. അല്ലുപ്പൻ എന്ന ഓമനപ്പേരിൽ ഏതാനും മാസങ്ങൾ കൊണ്ട് അവൻ നേടിയത് ദശലക്ഷക്കണക്കിന് ആളുകളുടെ ലൈക്കുകള്‍. ഇൻസ്റ്റഗ്രാമിലും യൂ ട്യൂബിലും കമന്‍റ് ബോക്സുകളിൽ നിറയെ ആരാധകരുടെ സ്നേഹം നിറയുന്നു.
'കൊച്ചുപൂമ്പാറ്റേ...' പാട്ട് പണ്ടേ പരിചിതമെങ്കിലും അല്ലുവിന്‍റെ ശബ്ദവും സ്റ്റൈലും പാട്ടിന് നൽകിയത് വൻ ജനപ്രീതിയാണ്. 2.14 ലക്ഷം ഫോളോവേഴ്സും യൂട്യൂബിൽ 83,000 സബ്സ്ക്രൈബേഴ്സും ഉണ്ട് അല്ലുവിന്. അല്ലുവിന്‍റെ ബന്ധുവും വ്ലോഗറുമായ ആർ രാഹുലും ആർ രോഹിത്തും നടത്തുന്ന യൂട്യൂബ് ചാനലിലെ വ്ലോഗുകളിലൊക്കെ അല്ലുവും പലപ്പോഴും മുഖം കാണിക്കാറുണ്ട്.
ഇതിനിടെ കുറച്ച് നാൾ മുൻപ് ‘ഹായ് ഞാൻ ഒരു പാട്ടുപാടാൻ പോവാണ്’എന്ന ആമുഖത്തോടെ അല്ലു പാടി... ‘കൊച്ചു പൂമ്പാറ്റേ... കൊച്ചു പൂമ്പാറ്റേ... നാടുകറങ്ങുന്ന പൂമ്പാറ്റേ... നീ ഓടി വാ’ എന്ന നഴ്സറി പാട്ട്. സംഗതി കൊള്ളാമെന്ന് തോന്നിയ കണ്ണപ്പൻ തന്‍റെ യൂട്യൂബ് വീഡിയോയിൽ അതും ചേർത്തു. ലൈക്കുകൾ നിറഞ്ഞതോടെ ഗായകനും രചയിതാവുമായ അശ്വിൻ ഭാസ്കർ പാട്ട് റീമിക്സ് ചെയ്തു പോസ്റ്റ് ചെയ്തു. കണ്ടത് 2.8 ദശലക്ഷം പേർ.
ഇതോടെ അല്ലുപ്പനും പാട്ടും വൈറലായി. നടൻ അർജുൻ അശോകൻ, അവതാരകനും യൂട്യൂബറുമായ കാർത്തിക് സൂര്യ, നടി ജുവൽമേരി തുടങ്ങിയ സെലിബ്രിറ്റികളും ലൈക്കും കമന്‍റുകളുമായി രംഗം കൊഴുപ്പിച്ചു. മഴവിൽ മനോരമയിലെ ഹിറ്റ് കോമഡി പരിപാടിയായ ബമ്പർ ചിരി ആഘോഷത്തിലേക്കും എത്തുകയാണ് അല്ലുപ്പൻ. പുലിയൂർ ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്കൂളിൽ യുകെജിയിലാണ് അല്ലുപ്പൻ പഠിക്കുന്നത്. എന്നാൽ, സ്കൂൾ റജിസ്റ്ററിൽ അല്ലുപ്പൻ എന്ന പേര് തിരഞ്ഞാൽ കാണില്ല. 'ഋതുരാജ്' എന്നാണ് യഥാർത്ഥ പേര്. പെയിന്‍ററായ പുലിയൂർ പാലച്ചുവട് കരിങ്ങാട്ടിൽ പള്ളത്ത് എൻ. രാജേഷിന്‍റെയും എം. ആർ. മഞ്ജുവിന്‍റെയും മകനാണ് ഋതുരാജ് എന്ന അല്ലുപ്പന്‍. അല്ലുവിന്‍റെ സഹോദരൻ മഹിരാജും വ്ലോഗുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.
അല്ലുപ്പന്‍റെ 'കൊച്ചു പൂമ്പാറ്റ' എന്ന പാട്ട് കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam