
മുംബൈ: ദേശീയപാതയിലെ നിർമാണം പൂർത്തിയായ മാഹി-തലശേരി ബൈപ്പാസിന്റെ ആകാശ ദൃശ്യം സോഷ്യൽമീഡിയയിൽ പങ്കുവെച്ച് രാജ്യത്തെ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. എക്സിലായിരുന്നു ബൈപ്പാസിനെ പുകഴ്ത്തി അദ്ദേഹം ചിത്രവും കുറിപ്പും പങ്കുവെച്ചത്. അംബരചുംബിയായ കെട്ടിടം ഭൂമിയിൽ വീണുകിടക്കുന്നതുപോലെ എന്നാണ് അദ്ദേഹം അടിക്കുറിപ്പെഴുതിയത്. പ്രകൃതിദത്തമായ മനോഹരമായ സ്ഥലത്ത് കോൺക്രീറ്റ് നിർമിതിയാണെങ്കിലും അതിന്റേതായ സൗന്ദര്യമുണ്ടെന്നും അഭിനന്ദിക്കാതിരിക്കാനാകില്ലെന്നും അദ്ദേഹം കുറിച്ചു.
എക്സിൽ 1.10 കോടി ഫോളോവ്ഴ്സുള്ള വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര. ചിത്രം 221,000 പേർ കാണുകയും 5,000-ത്തോളം പേർ പ്രതികരിക്കുകയും ചെയ്തു. തലശ്ശേരി-മാഹി ദേശീയപാത ബൈപാസ് മുഴപ്പിലങ്ങാട് മുതൽ അഴിയൂർ വരെയാണ് നീണ്ടുകിടക്കുന്നത്. നാല് വലിയ പാലങ്ങളും ഒരു റെയിൽവേ മേൽപ്പാലവും നിരവധി അടിപ്പാതകളും മേൽപ്പാലങ്ങളും ഉൾപ്പെടുന്നു. മാർച്ച് 11നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബൈപാസ് ഉദ്ഘാടനം ചെയ്തത്.
കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപ്പാസ് നിർമ്മിച്ചിരിക്കുന്നത്. മാഹി, തലശേരി പട്ടണങ്ങളിൽ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് ഭാഗത്തുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ 20 മിനിറ്റ് കൊണ്ട് വാഹനങ്ങൾക്ക് എത്തിച്ചേരാം. തലശേരി, മാഹി പട്ടണങ്ങളിലെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽപ്പെടാതെ ഈ ആറുവരി പാതയിലൂടെ സഞ്ചരിക്കാം. ഭൂമി ഏറ്റെടുക്കലടക്കം 1181 കോടി രൂപയാണ് ചെലവ്. എറണാകുളം പെരുമ്പാവൂരിലെ ഇകെകെ കമ്പനിക്കായിരുന്നു നിർമ്മാണ ചുമതല. 2021 ലായിരുന്നു പാത ഗതാഗതത്തിന് തുറന്നുകൊടുക്കേണ്ടിയിരുന്നത്.
എന്നാൽ പ്രളയം, കോവിഡ് എന്നീ കാരണങ്ങളാൽ പ്രവൃത്തി പൂർത്തീകരിക്കാൻ രണ്ട് വർഷം നീണ്ടുപോയി. ബാലത്തിൽ പാലം പ്രവൃത്തി നടക്കവെ 2020 ൽ ഇതിന്റെ ബീമുകൾ പുഴയിൽ പതിച്ചതോടെയാണ് പ്രവൃത്തി പൂർത്തീകരിക്കാൻ സമയമെടുത്തത്. 900 മീറ്റർ നീളമായിരുന്നു പാലത്തിന്റേത്. വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിനാൽ പ്രദേശ വാസികളുടെ പ്രതിഷേധം കാരണം ദേശീയപാത വിഭാഗം പാലത്തിന്‍റെ നീളം വീണ്ടും 66 മീറ്റർ കൂടി നീട്ടിയിരുന്നു. പാലയാട് നിന്നു തുടങ്ങി തലശ്ശേരി ബാലം വഴി 1170 മീറ്റർ നീളുന്ന പാലം ഉൾപ്പെടെ നാലു വലിയ പാലങ്ങളും അഴിയൂർ മുക്കാളിയിലെ റെയിൽവേ മേൽപാലം, നാല് വെഹിക്കുലാർ അണ്ടർപാസുകൾ, 12 ലൈറ്റ് വെഹിക്കുലാർ അണ്ടർപാസുകൾ, ഒരു വെഹിക്കുലാർ ഓവർപാസ്, അഞ്ച് സ്മോൾ വെഹിക്കുലാർ അണ്ടർപാസുകൾ, എന്നിവയാണ് മാഹി - മുഴപ്പിലങ്ങാട് ബൈപാസിൽ ഉൾപ്പെടുന്നത്.
2020 മേയിൽ നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിച്ചാണ് നിർമാണം തുടങ്ങിയതെങ്കിലും കൊവിഡ് ലോക്ഡൗണും നെട്ടൂർ ബാലത്തെ പാലത്തിന്‍റെ നിർമാണത്തിൽ വന്ന പ്രശ്നങ്ങളും നിർമാണത്തിന് തടസമാവുകയായിരുന്നു. ഈ ബൈപ്പാസിലൂടെയുളള യാത്രയ്ക്ക് ടോൾ നിരക്കുകളും അടുത്തിടെ നിശ്ചയിച്ചിരുന്നു. കാർ, ജീപ്പ് ഉൾപ്പെടെ ചെറിയ സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപയാണ് നിരക്ക്. ബസുകൾക്ക് 225 രൂപയാകും. വടക്കേ ഇന്ത്യയിൽ നിന്നുള്ള സ്ഥാപനത്തിനാണ് ടോൾ പിരിക്കാൻ കരാർ. ആകെ 18.6 കിലോമീറ്റർ ദൂരമുളള ബൈപ്പാസിൽ കൊളശ്ശേരിക്കടുത്താണ് ടോൾ പ്ലാസ. കാർ, ജീപ്പ്, വാൻ തുടങ്ങി ചെറു സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപ ടോൾ നൽകണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam