ഓടുന്ന ബൈക്കിലിരുന്ന് കുളിയും കുളിപ്പിക്കലും റീൽസാക്കി, കൈയ്യോടെ പിടികൂടി എംവിഡി, പിന്നാലെ ട്രോൾ

By Web TeamFirst Published Aug 6, 2022, 9:25 PM IST
Highlights

യുവാക്കളുടെ കുളി വീഡിയോയും ഒപ്പം ആക്ഷൻ ഹീറോ ബിജു സിനിമയിലെ രംഗങ്ങളും ചേര്‍ത്താണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ട്രോൾ. 

ഓടുന്ന ബൈക്കിലിരുന്ന് കുളിക്കുകയും കുളിപ്പിക്കുകയും ചെയ്ത യുവാക്കളെ കൈയ്യോടെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. റോഡിലൂടെ ബൈക്ക് ഓടിച്ച് പോകുന്ന യുവാക്കളാണ് ഇത്തരമൊരു ട്രാഫിക് നിയമലംഘനം നടത്തിയിരിക്കുന്നത്. റീൽസ് ചെയ്യാൻ വേണ്ടിയായിരുന്നു ഈ സാഹസം. പിറകിലിരിക്കുന്നയാൾ ബക്കറ്റും മഗ്ഗുമായി കുളിക്കുകയും കുളിപ്പിക്കുകയും ചെയ്യുന്നതാണ് വീഡിയോ. 

വീഡിയോ വൈറലായതോടെ ഇവരെ പിടികൂടിയ മോട്ടോര്‍ വാഹന വകുപ്പ് ഇവരുടെ ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്തു. ഇവരുടെ വീഡിയോ ട്രോൾ സഹിതം എംവിഡിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. നിയമ ലംഘനങ്ങൾ റീൽസ് ആക്കുന്നവരോട് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുവാക്കളുടെ കുളി വീഡിയോയും ഒപ്പം ആക്ഷൻ ഹീറോ ബിജു സിനിമയിലെ രംഗങ്ങളും ചേര്‍ത്താണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ട്രോൾ. 

അതേസമയം നിരത്തിലെ നിയമലംഘനങ്ങളിൽ പിടികൂടുന്നത് നിരവധി പേരെയാണ്. വിദ്യാർത്ഥികളെ കുത്തിനിറച്ചുള്ള യാത്രക്കിടെ ഓട്ടോ റിക്ഷ ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനിടെ വേങ്ങര കുറ്റൂർ നോർത്തിലാണ് കുട്ടികളെ കുത്തിനിറച്ച ഓട്ടോ റിക്ഷ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. വഴിയിൽ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ ഡ്രൈവറടക്കം 16 പേരാണ് ഇതിനകത്തുണ്ടായിരുന്നത്. ഇതിൽ തന്നെ 15 പേർ സ്‌കൂൾ കുട്ടികളായിരുന്നു. ഇത്രയും പേരെ കുത്തിനിറച്ച് സർവിസ് നടത്തിയ ഓട്ടോ റിക്ഷ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനാണ് പിടികൂടിയത്. തിരൂരങ്ങാടി ജോ. ആർ ടി ഒ അബ്ദുൽ സുബൈർ എം പി യുടെ നിർദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കറാണ് ഓട്ടോ റിക്ഷ പിടികൂടിയത്.

Read More : പെട്രോളില്ലെന്ന് പറഞ്ഞ് പിഴ, സംഭവിച്ചത് ഇതാണെന്ന് ബുള്ളറ്റ് ഉടമ, എംവിഐ വിളിച്ചപ്പോള്‍ വീണ്ടും ട്വിസ്റ്റ്!

click me!