ബിനോയിക്ക് രക്ഷപ്പെടാനുള്ള വഴി ഇസ്ലാം; ഉപദേശവുമായി ഒ അബ്ദുള്ള

By Web TeamFirst Published Jun 25, 2019, 4:16 PM IST
Highlights

നിലവിലെ പ്രശ്‌നങ്ങളുടെ പേരില്‍ പല തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങളുമായി ഒളിച്ച് കഴിയുന്ന ബിനോയിക്ക് ആത്മഹത്യയ്ക്ക് പകരമുള്ള മാര്‍ഗ്ഗമാണ് ഇസ്ലാമെന്ന് അബ്ദുള്ള പറയുന്നു. 

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയിക്കെതിരായ ലൈംഗിക പീഡന കേസ് വന്‍ വാര്‍ത്തയായിരിക്കുകയാണ്. ഇതിനിടെ കേസ് ഒഴിവാക്കാന്‍ ബിനോയിക്ക് പുതിയ ഉപദേശം നല്‍കി മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുള്ള രംഗത്ത്. ഫേസ്ബുക്കിലെ ഇസ്ലാം സംബന്ധിച്ച തന്‍റെ വീഡിയോ സംശയ നിവാരണ പരിപാടിയിലാണ് ഒ അബ്ദുള്ള ബിനോയിക്ക് ഉപദേശം നല്‍കുന്നത്. ഒന്നിലധികം വിവാഹം അനുവദിക്കുന്ന ഇസ്ലാം മതത്തിലേക്ക് വന്ന് ബിനോയി കോടിയേരി നിലവില്‍ മാതാപിതാക്കള്‍ക്കും ഭാര്യമാര്‍ക്കും നല്‍കിയിട്ടുള്ള പ്രയാസത്തെ ഇല്ലാതാക്കി സന്തോഷമായി കഴിയാനാണ് അബ്ദുള്ള വീഡിയോയില്‍ നിര്‍ദേശിക്കുന്നത്.

നിലവിലെ പ്രശ്‌നങ്ങളുടെ പേരില്‍ പല തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങളുമായി ഒളിച്ച് കഴിയുന്ന ബിനോയിക്ക് ആത്മഹത്യയ്ക്ക് പകരമുള്ള മാര്‍ഗ്ഗമാണ് ഇസ്ലാമെന്ന് അബ്ദുള്ള പറയുന്നു. ബിനോയിക്ക് എത്രകാലം ഇങ്ങിനെ ഒളിച്ചു കഴിയാന്‍ കഴിയുമെന്നും ഇക്കാര്യത്തില്‍ ബിനോയി ഹിന്ദി നടനും മതം മാറിയ ആളുമായ ധര്‍മ്മേന്ദ്രയുടെ വഴി സ്വീകരിക്കണമെന്നും പറയുന്നു. ഭാര്യമാരെ ഒരുപോലെ സ്വീകരിക്കാനും സ്‌നേഹിക്കാനും സംരക്ഷിക്കാനും ബിനോയിക്ക് കഴിയുമെങ്കില്‍ ഇസ്‌ളാമതം അത് അനുവദിക്കുന്നുണ്ടെന്നും പറയുന്നുണ്ട്.

ലോകത്ത് മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെ ഇത്ര മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയും വിധം വിശാലചിന്താഗതി സൂക്ഷിക്കുന്ന മതമാണ് ഇസ്ലാം.  ജാതിയതയോ ഉച്ചനീചത്വങ്ങളോ ഇല്ലാത്ത മനോഹരമായ ജീവിതദര്‍ശനം കുടികൊള്ളുന്ന ഇസ്ലാം ബിനോയിക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്ന തുറസ്സായ വാതിലാണെന്നും അബ്ദുള്ള പറയുന്നു. 

ലൈംഗിക സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഭാര്യ ഭര്‍ത്തൃബന്ധത്തിന്‍ മേലുള്ള സദാചാരത്തെ അംഗീകരിക്കാനാകില്ല. അത്തരക്കാര്‍ക്ക് ബിനോയിയെ കുറ്റപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ സദാചാര ചിന്താഗതി വെച്ചു പുലര്‍ത്തുന്നവരുടെ കാഴ്ചപ്പാടില്‍ ബിനോയി തെറ്റുകാരനായിരിക്കാം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഏറ്റവും അനുയോജ്യം ഇസ്‌ളാമാണെന്നും പറയുന്നു.

ഇസ്ലാമുമായി ബന്ധപ്പെടുത്തിയ ചരിത്ര പശ്ചാത്തലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. അതേസമയം തന്നെ ലൗജിഹാദ് പോലെ ഹിന്ദു പെണ്‍കുട്ടികളെ വളച്ചു കൊണ്ടുവന്ന് മതത്തില്‍ ചേര്‍ക്കുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. പോസ്റ്റിനെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെങ്കിലും ബിനോയിയെ ഇസ്‌ളാമിലേക്ക് ക്ഷണിച്ചത് ബോധപൂര്‍വ്വമാണെന്നും പോസ്റ്റ് പിന്‍വലിക്കില്ലെന്നും വ്യക്തമാക്കി രണ്ടാമത് മറ്റൊരു വീഡിയോ കൂടി അബ്ദുള്ള ഇട്ടിട്ടുണ്ട്.  

click me!