മുംബൈയിൽ കടുത്ത വേനൽച്ചൂടിൽ നിന്നും ആശ്വാസമേകാൻ വീട്ടിലെ ജോലിക്കാരിക്ക് എയർ കൂളർ സമ്മാനിച്ച ഉടമയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സമ്മാനം കണ്ട് സന്തോഷം അടക്കാനാവാതെ ജോലിക്കാരി പ്രതികരിക്കുന്നതും ഉടമയെ കെട്ടിപ്പിടിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.
മുംബൈ: മാനുഷിക പരിഗണനയ്ക്കും സ്നേഹത്തിനും അതിർവരമ്പുകളില്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇന്ത്യയിലെ കഠിനമായ വേനൽച്ചൂടിനെ നേരിടാൻ തന്റെ വീട്ടിലെ ജോലിക്കാരിയായ സ്ത്രീക്ക് എയർ കൂളർ സമ്മാനിക്കുന്ന വീഡിയോയാണ് നെറ്റിസൺസിന്റെ കണ്ണുനിറയ്ക്കുന്നത്. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നത്.
അടുക്കള ജോലിയിലായിരുന്ന സഹായിയെ ഉടമ വിളിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോകുന്നു. അവിടെ വലിയൊരു പാക്കറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു സമ്മാനം. അത് തുറന്നു നോക്കിയപ്പോൾ എയർ കൂളർ കണ്ട് സന്തോഷം അടക്കാനാവാതെ അവർ ആർത്തുവിളിക്കുകയും ഉടമയെ മുറുകെ കെട്ടിപ്പിടിക്കുകയും ചെയ്തു. ഞങ്ങളെയും ഞങ്ങളുടെ നായ്ക്കളെയും സ്വന്തം കുട്ടികളെപ്പോലെ നോക്കുന്ന ഞങ്ങളുടെ സഹായിയെ ഞങ്ങളും പരിഗണിക്കുന്നു " എന്ന വരികളോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
2.8 ദശലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോയ്ക്ക് താഴെ ആയിരക്കണക്കിന് കമന്റുകളാണ് വരുന്നത്. "അവർ തമ്മിലുള്ള ബന്ധം ആ കെട്ടിപ്പിടിത്തത്തിലുണ്ട്" യാതൊരു മടിയും കൂടാതെ അവർ ഉടമയെ കെട്ടിപ്പിടിച്ചത് കാണുമ്പോൾ തന്നെ അവർ എത്ര സ്നേഹത്തോടെയാണ് ആ സ്ത്രീയെ നോക്കുന്നത് എന്ന് മനസ്സിലാക്കാം എന്ന് ഒരു ഉപയോക്താവ് കുറിച്ചു. "ലോകം ഇങ്ങനെയായിരുന്നെങ്കിൽ" മറ്റുള്ളവരോടുള്ള സ്നേഹവും ബഹുമാനവും പണത്തേക്കാൾ വിലയുള്ളതാണെന്ന് ഈ വീഡിയോ തെളിയിക്കുന്നുവെന്ന് പലരുംകുറിച്ചു.


