'ഫുട്ബോളര്‍ പശു' വീഡിയോയ്ക്ക് പിന്നില്‍ ആരെയും ഞെട്ടിക്കുന്ന ട്വിസ്റ്റ്.!

By Web TeamFirst Published Jul 6, 2019, 6:02 PM IST
Highlights

'നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും തമാശ നിറഞ്ഞത്' എന്ന അടിക്കുറിപ്പോടെ ഇന്ത്യന്‍ ക്രിക്കറ്റ് കമന്‍റേറ്റര്‍ ഹര്‍ഷ ബോഗ്‍ലെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. 

ദില്ലി: പരിശീലനം നേടിയ വളര്‍ത്തുമൃഗങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളെ പലപ്പോഴും രസിപ്പിക്കാറുണ്ട്. എന്നാല്‍ ഒരു പശു ഫുട്ബോള്‍ കളിച്ചാലോ? അസാധാരണമായ 'ഫുട്ബോളര്‍ പശു'വിന്‍റെ വീഡിയോ കണ്ട് പൊട്ടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

'നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും തമാശ നിറഞ്ഞത്' എന്ന അടിക്കുറിപ്പോടെ ഇന്ത്യന്‍ ക്രിക്കറ്റ് കമന്‍റേറ്റര്‍ ഹര്‍ഷ ബോഗ്‍ലെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. മൈതാനത്ത് ഫുട്ബോള്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് എത്തിയ പശു കാലുകള്‍ കൊണ്ട് പന്ത് തട്ടുകയും പന്തിന് പിന്നാലെ ഓടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

കൗതുകം ഉണര്‍ത്തുന്ന 'ഫുട്ബോളര്‍ പശു'വിനെ കണ്ട ട്വിറ്റര്‍ ഉപയോക്താക്കള്‍ ലൈക്കുകളും റീട്വീറ്റുകളുമായി വീഡിയോ ആഘോഷമാക്കുകയാണ്. ലക്ഷത്തോളം ലൈക്കും  പതിനായിരക്കണക്കിന് റീട്വീറ്റുകളുമാണ് ഈ വീഡിയോയ്ക്ക് ഇതുവരെ ട്വിറ്ററില്‍ ലഭിച്ചത്. മുന്‍ജന്മത്തില്‍ ഫുട്ബോള്‍ കളിക്കാരനായിരുന്നു പശു എന്നാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത രസകരമായ കമന്‍റുകളിലൊന്ന്.

This is the funniest thing you will see today! pic.twitter.com/Kfz08Dka3Z

— Harsha Bhogle (@bhogleharsha)

എന്നാല്‍ ഈ വീഡിയോയുടെ സത്യം എന്തണെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഗോവയില്‍ നിന്നുള്ള ഈ ദൃശ്യത്തിന്‍റെ പിന്നിലെ കഥ ഗോവന്‍ പത്രത്തിലാണ് ആദ്യം വന്നത്. പിന്നീട് ദേശീയ മാധ്യമങ്ങള്‍ പശുവിന്‍റെ വീഡിയോ പകര്‍ത്തിയ നാട്ടുകാരുടെ വാക്കുകള്‍ പ്രസിദ്ധീകരിച്ചു. ശരിക്കും സംഭവം ഇങ്ങനെ, 

വിഡിയോയിലെ പശു ദിവസങ്ങള്‍ക്ക് മുന്‍പ് പ്രസവിച്ചിരുന്നു. എന്നാല്‍ റോഡില്‍ വച്ച് വാഹനമിടിച്ച് ആ പശുക്കുട്ടി ചത്തു. മാര്‍ഡോല്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു ഈ അപകടം നടന്നത്. ഇതിന് ശേഷം അമ്മ പശു ഈ സ്ഥലത്ത് കറങ്ങി നടക്കുക പതിവാണ്. തന്റെ കുഞ്ഞാണെന്ന് കരുതിയാണ് പന്തിനെ അമ്മ പശു കാലിനടിയില്‍ ചേര്‍ത്തു നിര്‍ത്തിയത്. പന്തിന്റെ അടുത്തേക്ക് മറ്റുള്ളവര്‍  വരാനും അമ്മ പശു സമ്മതിച്ചിരുന്നില്ല. ഒടുവില്‍ യുവാക്കള്‍ പന്തു തട്ടുമ്പോള്‍ പശുവും പന്തിന് പിന്നാലെ പായുകയാണ്. ഇതെല്ലാം ചത്തുപോയ കുഞ്ഞാണ് ആ പന്ത് എന്ന് കരുതിയാവും എന്നാണ് നാട്ടുകാരുടെ പക്ഷം.

click me!