നീരുവന്ന മുഖവും കൈലിമുണ്ടും, പൊലീസിനെ തെറ്റ് പറയാനാവില്ല; ആ തെറ്റിദ്ധാരണയെക്കുറിച്ച് മലയാളി ഡോക്ടര്‍ പറയുന്നു

By Elsa Tresa JoseFirst Published Jul 6, 2019, 2:41 PM IST
Highlights

സമൂഹമാധ്യമങ്ങളില്‍‍ ഇട്ട 'ആ ചിത്രം' ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണ ജനിപ്പിച്ചോയെന്ന് സംശയമുണ്ടെന്ന് ഡോക്ടര്‍ പ്രസന്നന്‍ 

തൃശ്ശൂര്‍: പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം നീരുവന്ന മുഖം മൂലം പൊലീസിന് സംഭവിച്ച തെറ്റിദ്ധാരണയെക്കുറിച്ച് രസകരമായ വിവരണവുമായി ഡോക്ടര്‍ പ്രസന്നന്‍. പൊലീസിനെ ആരും പുല്ലാക്കരുതെന്ന് പറഞ്ഞവസാനിക്കുന്ന കുറിപ്പില്‍ ജീവിതത്തിന്‍റെ രണ്ടുഘട്ടത്തിലുണ്ടായ അനുഭവങ്ങളാണ് തൃശ്ശൂര്‍ സ്വദേശിയും ഓസ്ട്രേലിയയില്‍ ഡോക്ടറുമായ പ്രസന്നന്‍ പറയുന്നത്. 

പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം സംഭവിച്ച വീക്കമാണ് കുറിപ്പിനോടൊപ്പമുള്ള ചിത്രത്തിലുള്ളതെന്ന ആമുഖത്തോടെയായിരുന്നു പ്രസന്നന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്. നിലവിലെ സാഹചര്യങ്ങളില്‍ ആ ചിത്രം ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണ ജനിപ്പിക്കുമോയെന്ന് സംശയമുണ്ടെന്നും പ്രസന്നന്‍ പറഞ്ഞു.

കോളേജ് കാലത്ത് പ്രിന്‍സിപ്പലിനെ ഘൊരാവോ ചെയ്ത സമയത്താണ് ആദ്യമായി പൊലീസ് സ്റ്റേഷനില്‍ കയറേണ്ടി വന്നത്. പൊലീസ് പുല്ലാണേ എന്ന മുദ്രാവാക്യം വിളി അന്നത്തോടെ മാറിയെന്ന് പറഞ്ഞാണ് മെഡിക്കല്‍ പഠനകാലത്തെ അനുഭവം പ്രസന്നന്‍ വിവരിക്കുന്നത്. 

ചെറിയ തോതില്‍ കഷണ്ടി കയറാന്‍ തുടങ്ങിയതോടെ തലയില്‍ നേരത്തെയുണ്ടായിരുന്ന ഒരു പാട് മറയ്ക്കാന്‍ വേണ്ടിയായിരുന്നു പ്ലാസ്റ്റിക് സര്‍ജറി ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകുന്ന വീക്കം മുഖത്തുണ്ടായിരുന്നു. ഈ രൂപവുമായി പുറത്തിറങ്ങേണ്ട, ആളുകള്‍ക്ക് തെറ്റിദ്ധാരണയുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. ഏറെ നേരം വീട്ടിലിരുന്ന് മടുത്തതോടെയാണ് അത് കേള്‍ക്കാതെ പുറത്തിറങ്ങി നടക്കാന്‍ തുടങ്ങിയത്. 

വീർത്ത മുഖവും കൈലിമുണ്ടുമായി അലക്ഷ്യമായി നടന്നത്  ഒരു പോലീസ് സംഘത്തിന് സംശയം ഉണ്ടാക്കുന്നതിന് ഇടയായി.  മൊബൈല്‍ ഫോണോ തിരിച്ചറിയല്‍ രേഖകളോ കയ്യില്‍ ഇല്ലാത്തതും ആശയക്കുഴപ്പം രൂക്ഷമാക്കി. എന്നാല്‍ കാര്യങ്ങള്‍ വിശദമാക്കിയതോടെ അന്തരീക്ഷം സൗഹാർദ്ദ പൂർണ്ണമാകുകയും സൂക്ഷിക്കണം എന്ന ഉപദേശത്തോടെ  പ്രസന്നനെ പോകാൻ  അനുവദിക്കുകയും ആണുണ്ടായത്.

ഫേസ്ബുക്ക് കുറിപ്പില്‍ അല്‍പം കാല്‍പ്പനികത കലര്‍ത്തിയെഴുതിയത് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടാക്കിയെന്നാണ് പ്രസന്നന്‍ പറയുന്നത്. പലപ്പോഴും സമാനമായ സംഭവങ്ങള്‍ ഉണ്ടാവാറുണ്ടെന്ന കാര്യം ആളുകളുടെ ശ്രദ്ധയില്‍പ്പെടാനുള്ള ഉദ്ദേശത്തോടെയായിരുന്നു കുറിപ്പെന്നും പ്രസന്നന്‍ വിശദമാക്കുന്നു.

പ്രസന്നന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

"പോലീസ് ഞങ്ങൾക്ക് പുല്ലാണ്"

കൗമാരത്തിന്റെ മദ്ധ്യകാലത്ത് പലരെയും പോലെ ഞാനും ഈ മുദ്രവാക്യസദസ്സിൽ പങ്കെടുത്തിട്ടുണ്ട്.

എനിക്കപ്പോഴും തോന്നാറുള്ളത് ഉള്ളിലുള്ള പേടിയെ ഇല്ലെന്ന് വരുത്താനാണ് ഈ കനത്ത ശബ്ദമെന്നാണ്.

എല്ലാ നാട്ടിലും പോലീസ്കാരെ കാണുമ്പോൾ ഒരു ഭയം, ഒരു conditioned fear അതുണ്ട്. അവർക്ക്‌ ചില പ്രത്യേകമായ അധികാരം ഉണ്ടെന്ന ചിരപുരാതനമായി നിലനിൽക്കുന്ന ബോധത്തിൽ നിന്നാണ് ആ ഭീതി.

പൊലീസിന് കൃത്യമായ പെരുമാറ്റച്ചട്ടമുള്ള ഓസ്‌ട്രേലിയയിൽ പോലും ഒരു പോലീസ് ജീപ്പ് കണ്ടാൽ ആളുകൾ ഓടിക്കുന്ന വാഹനത്തിന്റെ സ്പീഡ് അറിയാതെ കുറയ്ക്കും.

ഞാൻ ആദ്യമായി പോലീസുമായി അടുത്ത സമ്പർക്കത്തിൽ വരുന്നത് MBBS ന് ചേർന്ന് അധികം കഴിയുന്നതിന് മുമ്പാണ്.

ആകെ കൊടുക്കുന്ന അന്നത്തെ വാർഷികഫീസ് 1000 രൂപയിൽ നിന്ന് ഒരു ഭാഗം പോകുന്നത് കോളേജ് ബസ്സുകൾക്ക് വേണ്ടിയായിരുന്നു. മൂന്നോ നാലോ ബസ്സ് ഉണ്ട്. ടൗണിൽ നിന്ന് 15km അകലെയുള്ള ക്യാമ്പസ്സിലേക്ക് വിദ്യാർത്ഥികൾക്ക് യാത്രചെയ്യാനാണ് ബസ്സ്. സ്റ്റാഫിനും സൗകര്യം ഉപയോഗപ്പെടുത്താം.

അങ്ങിനെയിരിക്കുമ്പോഴാണ് ഒരു ബസ്സ് exclusively സ്റ്റാഫിന് വേണ്ടി മാറ്റിയത്. സീനിയേഴ്സിന്റെ രക്തം ആദ്യം തിളച്ചു. ഒപ്പം ജസ്റ്റ് വന്നു കയറിയ ഞങ്ങളുടെയും.

'ഞങ്ങടെ കാശിൽ വേണ്ട നിങ്ങടെ ഓശാരം' എന്ന മട്ടിൽ സമാധാനിച്ച് തുടങ്ങിയ സമരം പ്രിൻസിപ്പലിന്റെ കർശന നിലപാടിനോടിടഞ്ഞ് ഘെരാവോ ആയി രൂപാന്തരപ്പെട്ടു.

ആദ്യമായി ഘെരാവോ ചെയ്യാൻ കിട്ടിയ അവസരം, പലരിലും ആദ്യമായി കത്തിയുണർന്ന വർഗ്ഗബോധം. സമരം നാലും കടന്ന് പെട്ടെന്ന് അഞ്ചാം ഗിയറിലെത്തി.

അതിനിടയിൽ ആരോ ഫാനും ഓഫാക്കി. കനത്ത മുദ്രാവാക്യവിളികളിലൂടെ ഓക്സിജൻ മുഴുവൻ ഞങ്ങളെടുത്തു, പ്രിൻസിപ്പലിന് ശ്വാസം മുട്ടാൻ തുടങ്ങി. അധികം വൈകാതെ പോലീസ് വന്നു. വൈകിയിരുന്നെങ്കിൽ ഞങ്ങളും തളർന്നേനെ.

അറസ്റ്റ് വരിക്കൽ ചടങ്ങ് മാത്രമായിരുന്നു. വേണമെങ്കിൽ ശകടത്തിൽ കയറിക്കോ എന്ന മട്ടിലായിരുന്നു പോലീസ്. കിട്ടിയ ഒരവസരമല്ലേ, എല്ലാവരും ആവേശത്തോടെ വരിച്ച് അകത്ത് കയറി. പിന്നെ ന്യൂസ് വാല്യൂ വരണമല്ലോ അതുകൊണ്ട് സമരത്തിന്റെ അന്നത്തെ നേതാവ് BC പരമാവധി ആളുകളെ ഉള്ളിലേക്ക് കടത്തിവിട്ടു.

ഇവന്മാർക്ക് വീട്ടിൽ പോയ്ക്കൂടെ എന്നമട്ടിൽ പോലീസുകാർ നോക്കിയപ്പോൾ ഞങ്ങൾ സമരതീക്ഷണതയോടെ ആ നോട്ടത്തെ നേരിട്ടു. റയിൽവേ ക്രോസിൽ വണ്ടി നിറുത്തിയപ്പോൾ മൂന്നോ നാലോ പേർ ഇറങ്ങി പോയി.

'ആരും പോകരുത്, സ്റ്റേഷനിൽ പോയി ധീരതയോടെ വേണം പിരിയാൻ' എന്ന് പറഞ്ഞ BC യെ ട്രെയിൻ പോയി വണ്ടി വീണ്ടും നീങ്ങാൻ തുടങ്ങിയപ്പോൾ കാണ്മാനില്ല. സ്റ്റേഷനിൽ നിന്ന് ഞങ്ങളെ ഇറക്കാനുള്ള നിയമപ്രക്രിയ ത്വരിതഗതിയിലാക്കാനാകും BC പോയത് എന്ന പ്രതീക്ഷ അവിടെയെത്തിയതോടെ ഇല്ലാതായി. BC മുങ്ങിയതാണെന്നറിയാൻ 24 മണിക്കുറുകൾ കൂടി വേണ്ടിവന്നു.

മെഡിക്കൽ പിള്ളേർ എന്ന വാത്സല്യത്തിൽ വേണ്ടവർക്കൊക്കെ പോലീസ് ചായ വാങ്ങിക്കൊടുത്തു. ഫോർമാലിറ്റിയുടെ ഭാഗമായി പേരുകൾ ചോദിച്ചു. ചിലർ fake names കൊടുത്തു, ചിലർ സത്യമായിത്തന്നെ പറഞ്ഞു.

പെട്ടെന്ന് ചില ഫോൺ കോളുകൾ വരുന്നു, പോലീസിന്റെ സൗഹൃദഭാവം പോകുന്നു. എല്ലാവരെയും സ്റ്റേഷന്റെ ഒരു വശത്തോട്ട് നീക്കി നിറുത്തുന്നു. ആരും സമ്മതമില്ലാതെ അനങ്ങിപ്പോകരുതെന്ന് പറയുന്നു. നേരം ഇരുളുന്നു. കളി ചിരി മായുന്നു. എല്ലാവരിലും പരിഭ്രമം വളരുന്നു. പെൺകുട്ടികൾ ദയനീയമായി ആൺകുട്ടികളെ നോക്കുന്നു. ചില ആൺകുട്ടികൾ അതിലും ദയനീയമായി തിരിച്ചും.

കൂട്ടത്തിൽ ഗൗരവം കുറഞ്ഞ പോലീസുകാരൻ തന്ന ചില സൂചനകളിൽ നിന്ന് അന്തരീക്ഷത്തിന്റെ ഗൗരവം മനസ്സിലായി. ഞങ്ങൾ ഘെരാവോ ചെയ്ത പ്രിൻസിപ്പൽ പോലീസിൽ നക്ഷത്രചിഹ്നങ്ങളുള്ള ഫോറൻസിക് സർജനായിരുന്നു. അന്നത്തെ മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടയാൾ.

അങ്ങനെയുള്ള ഒരാൾക്കെതിരെ ഇത്രയും ഡോസുള്ള സമരം ചെയ്യണമെങ്കിൽ unless otherwise disproved വിദ്യാർത്ഥികൾക്ക് നക്സൽ-മാവോയിസ്റ്റ് കണക്ഷൻസ് ഉണ്ടാകണം. നിമിഷനേരം കൊണ്ട് ഞങ്ങൾക്ക് ഭീകര-ഭീകരി ഛായ വന്നു.

ഭീകരാന്തരീക്ഷം അധികം നീണ്ടു നിന്നില്ല. മക്കൾ വീട്ടിലെത്താത് കണ്ട് വിവരം മനസ്സിലാക്കിയ ചില മാതാപിതാക്കളുടെ ഉന്നതങ്ങളിലുള്ള ഇടപെടൽ കൊണ്ടും, ജില്ലാപോലീസിൽ കടുത്ത മാവോവിരോധികളില്ലാതിരുന്നതുകൊണ്ടും മണിക്കൂറുകൾക്കുള്ളിൽ ഞങ്ങൾ മോചിതരായി.

പോലീസത്ര പുല്ലല്ലെന്ന് at least എനിക്ക് മനസ്സിലായി.

പിന്നെ മനസ്സിലായത് ഈയാഴ്ചയാണ്.

ഈയിടെയായി എന്റെ hairline പിന്നിലോട്ട് നീങ്ങാൻ തുടങ്ങുകയും പണ്ടത്തെ ചില അഭ്യാസങ്ങൾക്കിടയിൽ നിറുകയിൽ സംഭവിച്ച മുറിവിന്റെ scar എന്റെ ഗ്ലാമറിനൊരു ഭീഷണിയായി മാറുകയും ചെയ്തപ്പോഴാണ് ഞാൻ സുഹൃത്തുക്കളായ അനിൽജിത്- ജിമ്മി മാത്യു വിദഗ്ധരുടെ ഉപദേശം തേടിയത്.

അതിനുവേണ്ടി സന്ദീപ് നടത്തിയ പ്ലാസ്റ്റിക് സർജറിയും കഴിഞ്ഞ് ഇറങ്ങിയ എനിക്ക് പഴയകാല സിനിമകളിലെ സഹവില്ലന്റെ ഛായ സാധാരണ ഉണ്ടാകുന്ന reactionary swelling കാരണം താൽക്കാലികമായിട്ടാണെങ്കിലും കൈവന്നു.

റെയിൽവേ സ്റ്റേഷനിലും മറ്റും 'കണ്ടാൽ ഉടനെ പോലീസിലറിയിക്കുക' എന്നെഴുതി ഫോട്ടോ വച്ചിട്ടുള്ള പലരുമായും തെറ്റിദ്ധരിക്കപ്പെടാനിടയുള്ളത് കൊണ്ട് പുറത്തിറങ്ങേണ്ട എന്ന് കസിൻസ് പലപ്രാവശ്യം എന്നോട് പറഞ്ഞതാണ്.

എത്ര നേരം വീട്ടിലിരിക്കും?

വൈകുന്നേരമായപ്പോൾ കൈലിയും ടീഷർട്ടുമടങ്ങിയ സിമ്പിൾ വേഷമിട്ട് ആൾസഞ്ചാരം കുറഞ്ഞ ഇടവഴിയിലൂടെ നടക്കാനിറങ്ങി. പേഴ്‌സ്, മൊബൈൽ ഫോൺ എന്നീ ആർഭാടങ്ങൾ മനപ്പൂർവ്വം ഒഴിവാക്കി.

ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ രണ്ട് കെട്ടിടങ്ങളും നീണ്ട ഒരു മതിലുമുള്ള ഒരിടവഴിയിലേക്ക് തിരിഞ്ഞതും ഒരു പോലീസ് ജീപ്പ് എന്നെ മറികടന്ന് പോയി. പിന്നിലിരുന്നിരുന്ന പോലീസുകാർ എന്നെ വല്ലാതെ നോക്കുന്നുണ്ടായിരുന്നു. മുണ്ട് വളച്ച് കുത്തിയതുകൊണ്ടായിരിക്കുമെന്ന് ഞാൻ കരുതി. ഞാനവരെ അവഗണിച്ച് മതിലിനപ്പുറമുള്ള മാവിലേക്ക് നോക്കി നടത്തം തുടർന്നു.

പെട്ടെന്ന് ജീപ്പ് റിവേഴ്സിൽ വരുന്നു.

മുന്നിൽ നിന്ന് ഇൻസ്പെക്ടറും പിന്നിൽ നിന്ന് മൂന്ന് പോലീസുകാരും ചാടിയിറങ്ങി.

ഇൻസ്‌പെക്ടർ എന്നെ അടി മുതൽ മുടി വരെ രൂക്ഷമായി നോക്കി. പിന്നിൽ നിന്ന് ഒരു പോലീസ് കാരൻ സിഗ്നൽ കാണിച്ചു, ഞാൻ മടക്കിക്കുത്തഴച്ചിട്ടു. ഇനി അതാണ് പ്രകോപനമെങ്കിൽ അതിന്റെ പേരിൽ അയാളുടെ വായിലിരിക്കുന്നത് കേൾക്കണ്ട. പക്ഷെ അതായിരുന്നില്ല മൂപ്പരുടെ ക്ഷിപ്രകോപഹേതു.

"ഏത് ക്വട്ടേഷൻ കഴിഞ്ഞുള്ള വരവാണ് സാറ്?"

"സാറ് ഉദ്ദേശിച്ച ആളല്ല ഞാൻ"

"ഞാൻ എന്തുദ്ദേശിച്ചെന്ന് നിനക്കെങ്ങനെ മനസ്സിലായി?"

അപ്പോൾ പിന്നെ മിണ്ടിയിട്ട് കാര്യമില്ല.

സിഗ്നൽ തന്ന പോലീസ്കാരൻ അൽപ്പം മയത്തോടെ മുന്നിലോട്ട് വന്ന് ഇൻസ്പെക്ടർക്ക് ഒരടി പിന്നിൽ നിന്നു,

"നീ ആ കോടാലി സുഗുണന്റെ ഗാങ്ങിൽ പെട്ടതല്ലെടാ?"

"എന്റെ പേര് പ്രസന്നൻ എന്നാണ്"

"പ്രസന്നനോ" ഇൻസ്‌പെക്ടർ ഒരാക്കിയ ചിരി. "ഡാ അതൊക്കെ തറവാട്ടിൽ പിറന്നവർക്കിടുന്ന പേരല്ലേ?"

"താനേത് മാളത്തീന്ന് ഇഴഞ്ഞ് വന്നതാണെടോ?" എന്ന് ചോദിക്കാനാണ് തോന്നിയത്. പെട്ടെന്നെനിക്ക് ഓർമ്മ വന്നു, പോലീസ് പുല്ലല്ല, പാമ്പാണ്. ചവിട്ടരുത്. ഒരു ലോക്കപ്പ് കൊലപാതകം വായിച്ചിട്ട് രണ്ട് ദിവസം ആയിട്ടേയുള്ളൂ.

ഒരു മനുഷ്യൻ പോലും ആ വഴിക്ക് വരുന്നുമില്ല.

"നീ ജീപ്പിൽ കേറ്, ബാക്കി സ്റ്റേഷനിൽ ചെന്നിട്ട് തീരുമാനിക്കാം"

ലീവ് കഴിഞ്ഞ് ഓസ്‌ട്രേലിയയിലേക്ക് ഈ ഷെയ്പ്പിൽ പോകണമെങ്കിൽ തല്ക്കാലം അനുസരിക്കുകയേ നിവൃത്തിയുള്ളൂ. എനിക്കത് മനസ്സിലായി.

ജീപ്പിലിരിക്കുമ്പോൾ ഞാൻ പോലീസുകാരോട് ഒരു ശ്രമം കൂടെ നടത്തി, "നോക്കൂ, ഞാൻ ഇന്ത്യൻ പൗരൻ പോലുമല്ല, ഓസ്‌ട്രേലിയക്കാരനാണ്"

"ഓഹോ, കോടാലിക്ക് ഓസ്‌ട്രേലിയയിലും ഫ്രാഞ്ചൈസിയുണ്ടോ?" ഇൻസ്‌പെക്ടർ പിന്നിലേക്ക് ചാടിയില്ലെന്നേയുള്ളൂ.

ജീപ്പ് സ്റ്റേഷന്റെ കവാടത്തിന് മുന്നിൽ നിന്നു.

പോലീസുകാരുടെ നടുവിലായി സ്റ്റേഷനിലേക്ക് കയറിയ എന്നെ ഒരു മൂലക്ക് നിന്നിരുന്ന രണ്ടു കൈലിധാരികൾ ആദരവോടെ നോക്കി. ആ നോട്ടം കൂടിയായപ്പോൾ എനിക്ക് മനസ്സിലായി, 'ഞാൻ പെട്ടു'

"നിനക്ക് മുമ്പുള്ള ഒന്ന് രണ്ട് ക്വട്ടേഷൻ തീർക്കാനുണ്ട്, അത് വരെ നീ അവിടെ നിൽക്ക്" ഇൻസ്പെക്ടർ തൊപ്പിയുരി റൂമിൽ കയറി.

എന്നെ കണ്ട്, എന്തൊ പരാതി നൽകാനായി കാത്തിരുന്നിരുന്ന ഒരു പാവം സ്ത്രീയും പുരുഷനും എഴുന്നേറ്റ് നിന്നു. അതെന്നെ വല്ലാതെ തളർത്തി.

ഫോണില്ല, അറിയുന്നവരാരും ആ പരിസരത്തില്ല. എന്ത് ചെയ്യും? വരുന്നിടത്ത് വച്ച് കാണാം. ഞാനവിടെ നിന്നു.

കക്കയം ക്യാമ്പും, രാജനും, പിറവി സിനിമയിലെ പ്രേംജിയും മനസ്സിലൂടെ കടന്ന് പോയി. തുടയും, നഖവും, കാൽവെള്ളയും എത്രനേരം എന്റെ കൂടെയുണ്ടാകുമെന്ന, അതിര് കടന്നതായിരിക്കാം, പക്ഷെ ആ നേരത്ത് അതൊക്കെ ഞാൻ ചിന്തിച്ച് കൂട്ടി.

പോലീസ് സ്റ്റേഷൻ ഒരു വല്ലാത്ത ലോകമാണ്. ചില പോലീസ് കാർ വളരെ സൗമ്യമായി സംസാരിക്കുന്നു. മറ്റു ചിലർ രൂക്ഷമായി നോക്കുന്നു.

അതിനിടയിൽ ഫോണുകൾ വരുന്നു. 'അത് ശരിയാക്കാം, നടക്കില്ല മോനെ, എത്ര കിട്ടിയാലും നീ പണി നിർത്തില്ല അല്ലേ' ഇത്യാദി വാചകശകലങ്ങൾ പറന്നു നടക്കുന്നു

പെട്ടെന്ന് ഒരു ഇന്നോവ കാറിറങ്ങി ഏതോ പാർട്ടിയുടെ രണ്ട് ലോക്കൽ നേതാക്കൾ വിലകൂടിയ മൊബൈൽഫോൺ കൈയിൽ പിടിച്ച് ധൃതിയിൽ കയറിപ്പോകുന്നു. പോലീസുകാർ സെമി സല്യൂട്ട് നൽകുന്നു.

ഫോൺ വന്നതോടെ പണ്ട് കക്ഷത്തിലുണ്ടായിരുന്ന ഡയറി അപ്രത്യക്ഷമായിരിക്കുന്നു, ആ ടെൻഷനിൽ ഞാനതും ഓർത്തു.

കുറച്ച് മുമ്പ് എന്റെ അടുത്ത് പത്തി വിരിച്ച് നിന്നിരുന്ന ആ ഇൻപെക്ടർ ഒരെലിക്കുട്ടിയെ പോലെ അവരോടൊപ്പം ഇറങ്ങിവരുന്നു,
"ഇല്ല, ചാർജ്ജ് ചെയ്യുന്നില്ല, ഒന്ന് താക്കീത് ചെയ്ത് വിട്ടേക്കാം" എന്ന് പറയുന്നു. അപ്പുറത്തുള്ള ലോക്കപ്പിൽ കിടക്കുന്ന ആരെയോ കാണാൻ ആ ദിശയിലേക്ക് പോകുന്നു.

എത്ര നേരം കഴിഞ്ഞെന്നറിയില്ല, ഒരു പോലീസ്കാരൻ ലാത്തിയും പിടിച്ച് എന്റെ അടുത്തേക്ക് വന്നു

"വാ ഇൻസ്‌പെക്ടർ വിളിക്കുന്നുണ്ട്"

മുറിയിൽ കയറുമ്പോൾ എന്റെ മുഖത്ത് പരമാവധി വിനയമുണ്ടായിരുന്നു. അയാൾ സീറ്റിൽ നിന്നെഴുന്നേറ്റ് എനിക്കരികിലേക്ക് ചേർന്ന് നിന്നു,

"അപ്പൊ പറ, കോടാലി ഇപ്പോൾ എവിടെയുണ്ട്?"

"സാർ എനിക്കറിയില്ല"

"നീ പറഞ്ഞാലും ഇല്ലെങ്കിലും ഞങ്ങൾ അവനെ പൊക്കും, രണ്ടുദിവസത്തിനുള്ളിൽ. പറഞ്ഞാൽ തടികേടാവാതെ നിനക്ക് വീട്ടിൽ പോകാം"

"സാർ അശ്വിനിയിലെ ന്യൂറോളജിസ്റ്റ് ജോയ് എന്റെ ക്ളാസ്സ്‌മേറ്റ് ആണ്" അപ്പോൾ അതാണ് വായിൽ വന്നത് .

ജോയ് എന്ന് കേട്ടപ്പോൾ അയാൾ ഒന്നടങ്ങി. എന്റെ തോളിൽ നിന്ന് കൈയെടുത്തു.

"പ്രദീപേ, ഇയാൾക്ക് ആ ഫോൺ കൊടുത്തേ, Dr ജോയിയെ വിളിക്കട്ടെ"

ഞാൻ ആദ്യമായി മൊബൈൽ ടെക്നോളജിയെ വെറുത്തു. ഒറ്റ ഫോൺ നമ്പർ അറിയില്ല. എന്റെ കസിൻ വിനുചേട്ടന്റെ ഒഴിച്ച്. അയാളോട് വിശദീകരിക്കാൻ പോയില്ല. വിനുചേട്ടനെ വിളിച്ചു.

"ഡാ എന്നെ പോലീസ് പിടിച്ചു, നീ സ്റ്റേഷൻ വരെ വരണം"

"നിന്നോട് ഞാൻ പറഞ്ഞതല്ലേ, പുറത്ത് പോണ്ടാന്ന്"

"ഇനി അത് പറഞ്ഞിട്ട് കാര്യമില്ല, നീ എത്രയും പെട്ടെന്ന് വാ. പോരുമ്പോൾ എന്റെ പാസ്സ്പോർട്ടും ഡ്രൈവിംഗ് ലൈസൻസും എടുത്തോ"

സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ വിനുചേട്ടന്റെ സ്ക്കൂൾ സഹപാഠിയായിരുന്നത് കൊണ്ട് നാടകം അധികം നീണ്ടില്ല. പത്ത് മിനിറ്റിനുള്ളിൽ പ്രായശ്ചിത്തം ചിക്കൻ ബിരിയാണിയായി വന്നു.

"അല്ല ഇതൊന്നും വേണ്ട, വയർ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്"

ഡാ എന്ന് വിളിച്ചുകൊണ്ടിരുന്ന ഇൻസ്‌പെക്ടർ എന്നെ സാറെന്ന് വിളിച്ചു,

"സാർ, ഇത് ഒരു വാർത്തയാക്കരുത്. എനിക്ക് മാത്രമല്ല. ഇവർക്കാർക്കും ഒരു സംശയമേ ഉണ്ടായിരുന്നില്ല. അതുകൊണ്ട് പറ്റിപോയതാണ്"

ഞാൻ ഒന്നാലോചിച്ചു. വിനുചേട്ടനും കണ്ണുകൊണ്ട് കാണിച്ചു.

"ഇല്ല വാർത്തയാക്കുന്നില്ല. നിങ്ങളെ ഉപദ്രവിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല, പക്ഷെ ഞാനിത് ലോകത്തോട് പറയും. അറിയണം നിങ്ങൾ പോലീസ്കാരും, ഞങ്ങൾ ജനങ്ങളും"

പിടികിട്ടാതെ അയാൾ എന്നെ നോക്കി.

"ഞാനിത് ഒരു കഥയാക്കി ഫേസ്ബുക്കിലെഴുതും, പേര് വെക്കില്ല"

"സാർ......."

"സാറല്ല, പ്രസന്നൻ"

"പ്ര...സന്നൻ അതെഴുതിക്കോളൂ"അയാൾ എനിക്ക് കൈതന്നു.

ബൈക്കിൽ കയറുമ്പോൾ ഞാൻ വിനുചേട്ടനോട്‌ പറഞ്ഞു, "പോലീസിനെ ആരും പുല്ലാക്കരുത്"

"എന്ത്?"

"ഒന്നൂല്ല്യ, നീ വണ്ടി വിട്ടോ"

Cheers!!

(Beware, ഈ Post ൽ 10-15% fiction ന്റെ അംശമുണ്ട്)

 

click me!