ജര്‍മ്മനിയിലെ ഒരു നഗരത്തെ അഞ്ച് ദിവസമായി വിറപ്പിച്ച് ഒരു മൂര്‍ഖന്‍

By Web TeamFirst Published Aug 30, 2019, 10:15 PM IST
Highlights

ഏതാണ്ട് ഒരു ഡസന്‍ സമീപ വാസികളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലുവീടുകളില്‍ നിന്നുള്ളവരെയാണ് മാറ്റിതാമസിപ്പിച്ചത്. 

ബർലിൻ: ജര്‍മ്മനിയിലെ ഒരു നഗരത്തെ അഞ്ച് ദിവസമായി വിറപ്പിച്ച് ഒരു മൂര്‍ഖന്‍.  ജർമനിയിലെ ഹേർണെയിലാണ് സംഭവം.  പാട്രിക് എന്നയാള്‍ വളര്‍ത്തിയതെന്ന് കരുതിയ പാമ്പാണ് ഇയാളുടെ കയ്യില്‍ നിന്നും പോയി പാര്‍പ്പിടമേഖലയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി സാന്നിധ്യമായി വാര്‍ത്തയില്‍ നിറയുന്നത്. ഈ മൂര്‍ഖന്‍റെ  സാന്നിധ്യം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. ന്യൂയോർക്ക് ടൈംസ് വരെ ജർമൻ മൂർഖനെപ്പറ്റിയുള്ള വാര്‍ത്ത നല്‍കുന്നുണ്ട്. ലൈവ് റിപ്പോര്‍ട്ടിംഗുമായി മൂര്‍ഖനെ താരമാക്കുകയാണ് ജര്‍മ്മന്‍ ടെലിവിഷന്‍ മാധ്യമങ്ങള്‍.

ഏതാണ്ട് ഒരു ഡസന്‍ സമീപ വാസികളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലുവീടുകളില്‍ നിന്നുള്ളവരെയാണ് മാറ്റിതാമസിപ്പിച്ചത്. ഈ നാലുവീടുകളില്‍ മൂര്‍ഖന്‍ ഉണ്ടെന്നാണ് സുരക്ഷവൃത്തങ്ങള്‍ പറയുന്നു. പാമ്പിനെ കൊലപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍ എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ന് അന്തിമ തീരുമാനം നഗരസഭ കൈകൊള്ളുമെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മൂര്‍ഖനെ കൊലപ്പെടുത്താന്‍  വിഷവായു വീടുകള്‍ക്ക് ഉള്ളിലേക്ക് കയറ്റിവിടുന്ന രീതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ കൃത്യത്തിന് സർക്കാർ അനുമതി വേണം. വലിയ ചിലവേറിയ പ്രക്രിയയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷം യൂറോ ചിലവുള്ള കൃത്യമാണിത്. അതേ സമയം മൂര്‍ഖനെ ലഭിക്കാത്തത് തദ്ദേശ വാസികള്‍ക്കിടയില്‍ വലിയ അമര്‍ഷം ഉണ്ടാക്കുന്നുണ്ട്. അതേ സമയം പാമ്പിന്‍റെ ഉടമ പാട്രികിനെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പാമ്പിനെ കണ്ടെത്താന്‍ നടത്തുന്ന പ്രക്രിയയുടെ ചിലവ് ഇയാള്‍ വഹിക്കേണ്ടിവരും എന്ന അഭ്യൂഹമാണ് ഇയാളെ അപ്രത്യക്ഷനാകാന്‍ പ്രേരിപ്പിച്ചത് എന്ന് റിപ്പോര്‍ട്ടുണ്ട്.

click me!