
റായ്പൂര്‍: കാമുകനോട് വഴക്കിട്ട് ഇലക്ട്രിക് ടവറിന് മുകളില്‍ കയറിയ പെണ്‍കുട്ടിയും പിന്നാലെ കയറിയ കാമുകനും ഏറെ നേരം നാട്ടുകാരെയും പൊലീസിനെയും മുള്‍മുനയില്‍ നിര്‍ത്തി. ഛത്തീസ്‍ഗഡിലെ ഗൗരേല പെന്‍ട്ര മര്‍വാഹി ജില്ലയിലായിരുന്നു സംഭവം. ഇരുവരും ടവറിന് മുകളില്‍ കയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഹൈ ടെന്‍ഷന്‍ വൈദ്യുത ലൈന്‍ കടന്നുപോകുന്ന ടവറിന് മുകളില്‍ പെണ്‍കുട്ടിയെയും യുവാവിനെയും കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് നാട്ടുകാരുടെ വന്‍ സംഘം ടവറിന് താഴെ തടിച്ചുകൂടി. പൊലീസ് സംഘവുമെത്തി. ദീര്‍ഘനേരം ഇരുവരുമായി പൊലീസ് ഉദ്യോഗസ്ഥര്‍ അനുരഞ്ജന ശ്രമം നടത്തി. മണിക്കൂറുകള്‍ നീണ്ട സന്ധി സംഭാഷണങ്ങള്‍ക്കൊടുവില്‍ പൊലീസ് വിജയം കണ്ടു. ഇരുവരും സുരക്ഷിതരായി താഴെ ഇറങ്ങി. തടിച്ചുകൂടിയ നാട്ടുകാരില്‍ ആരോ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയും കാമുകനും തമ്മില്‍ രൂക്ഷമായ തര്‍ക്കവും വാദപ്രതിവാദങ്ങളും ഉണ്ടായെന്നും അതിന്റെ ദേഷ്യത്തിലാണ് മണിക്കൂറുകള്‍ക്ക് ശേഷം പെണ്‍കുട്ടി ടവറിന് മുകളില്‍ കയറിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പെണ്‍കുട്ടിയെ താഴെയിറക്കാന്‍ കാമുകനും പിന്നാലെ ടവറിന് മുകളിലേക്ക് കയറി. ആര്‍ക്കും പരിക്കുകളൊന്നും സംഭവിക്കാതെ തന്നെ ഇരുവരെയും താഴെയിറക്കാനായതിന്റെ ആശ്വാസത്തിലാണ് പൊലീസ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും ഇത്തരം സാഹസികതകള്‍ വേണ്ടെന്ന കര്‍ശന നിര്‍ദേശം നല്‍കിയാണ് പൊലീസ് മടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam