യാത്ര പുറപ്പെടുന്നതിന് മുമ്പ് ഇങ്ങനെ ഒട്ടിച്ചുവെച്ചത് കണ്ടിരുന്നെങ്കില്‍ 99 ശതമാനം പേരും ആ വിമാനത്തില്‍ കയറില്ലായിരുന്നെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

റോം: യാത്രാ വിമാനത്തിന്റെ പുറംഭാഗത്തെ തകരാറില്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് യാത്ര നടത്തിയതില്‍ ഇറ്റലിയില്‍ വിവാദം. സര്‍ദിനിയ റീജിയന്‍ മുന്‍ പ്രസിഡന്റ് മൗറോ പിലിയാണ് ടേപ്പു കൊണ്ട് ഒട്ടിച്ച വിമാനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 

ഓഗസ്റ്റ് മൂന്ന് വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. രാവിലെ 7.20ന് കഗ്ലിയറി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് 8.14ന് ഫ്യുമിച്ചീനോ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ AZ1588 ഐടിഎ എയര്‍വേയ്‌സ് വിമാനത്തിന്റെ മുന്‍ഭാഗമാണ് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയില്‍ കണ്ടത്. ഇത് സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഭവം വൈറലായത്. ഈ വിമാനത്തില്‍ റോമിലേക്ക് വന്നതാണ് സര്‍ദിനിയ റീജിയന്‍ മുന്‍ പ്രസിഡന്റ് മൗറോ പിലി. ഫ്യുമിചിനോ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് യാത്രക്കാര്‍ ഇത് മനസ്സിലാക്കിയതെന്ന് അദ്ദേഹം കുറിച്ചു.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു. യാത്ര പുറപ്പെടുന്നതിന് മുമ്പ് ഇങ്ങനെ ഒട്ടിച്ചുവെച്ചത് കണ്ടിരുന്നെങ്കില്‍ 99 ശതമാനം പേരും ആ വിമാനത്തില്‍ കയറില്ലായിരുന്നെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. വിമാനത്തിന്റെ സുരക്ഷയെ കുറിച്ചും ആശങ്കകളുയര്‍ന്നു. 

Read Also -  എട്ട് രാജ്യക്കാര്‍ക്ക് കൂടി ഇ-വിസ; ഈ ഗള്‍ഫ് നാട്ടിലേക്ക് ഇനി യാത്ര എളുപ്പം, പ്രഖ്യാപനവുമായി അധികൃതര്‍

എന്നാല്‍ ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് എപ്പോഴും യാത്ര നടത്തുന്നതെന്നും യാത്രക്കാരോടും ജീവനക്കാരോടമുള്ള ബഹുമാനം നിലനിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഐടിഎ എയര്‍വേയ്‌സ് അറിയിച്ചു. വിമാനത്തിന്റെ ഒരു പാനലില്‍ കേടുപാട് കണ്ടെത്തിയ സ്ഥലത്ത് താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ അറ്റകുറ്റപ്പണികള്‍ അനിവാര്യമായിരുന്നെന്നും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു. വിമാനത്തിന്റെ നിര്‍മ്മാതാക്കള്‍ അംഗീകരിച്ച നിബന്ധനകള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിച്ചത്. വിമാനത്തില്‍ പതിച്ചത് അടിയന്തര സന്ദര്‍ഭങ്ങളില്‍ താപവ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള പ്രത്യേക രീതിയിലുള്ള മെറ്റാലിക് ഹൈ സ്പീഡ് ടേപ്പ് ആണെന്നും എയറോനോട്ടിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറുള്ളതാണെന്നും എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. 

Read Also -  പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാനക്കൂലി കൊള്ള, മൂന്നിരട്ടി തുക; നടപടി ആവശ്യപ്പെട്ട് അടിയന്തരപ്രമേയ നോട്ടീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...