
മിഡ്‌നാപൂർ: മകളോടുള്ള സ്നേഹവും അവളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള ദൃഢനിശ്ചയവും കൊണ്ട് ലോകത്തിന്റെ ആകെ അഭിനന്ദനം ഏറ്റുവാങ്ങഉകയാണ് ചായക്കടക്കാരനായ ഒരു പിതാവ്. മിഡ്‌നാപൂരിലെ ചന്ദ്രകോണ, മൗള ഗ്രാമത്തിലെ ചായക്കട ഉടമയായ ബച്ചു ചൗധരിയാണ് ആ വൈറൽ താരം.
മകൾക്കായി സ്കൂട്ടർ വാങ്ങാനായി വർഷങ്ങളായി ശേഖരിച്ച നാണയത്തുട്ടുകൾ നിറച്ച ഒരു വലിയ ഡ്രമ്മുമായിട്ടായിരുന്നു അദ്ദേഹം ഷോറൂമിലെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഷോറൂം ജീവനക്കാർ ഒരിക്കലും മറക്കാനാവാത്ത ഈ രംഗത്തിന് സാക്ഷ്യം വഹിച്ചത്. ഗ്രാമത്തിൽ ചെറിയൊരു ചായക്കട നടത്തുന്ന ചൗധരി, ആദ്യമെത്തി സ്കൂട്ടർ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചു. ആദ്യഘട്ടത്തിൽ തവണകളായി പണം അടയ്ക്കാൻ കഴിയുമോ എന്ന് അദ്ദേഹം അന്വേഷിച്ചു. ജീവനക്കാർ സമ്മതിച്ചപ്പോൾ, നാണയത്തുട്ടുകൾ സ്വീകരിക്കുമോ എന്നായിരുന്നു അദ്ദേഹത്തിൻ്റെ അടുത്ത ചോദ്യം. കാര്യമൊന്നും അറിയാതെ ജീവനക്കാർ സമ്മതം മൂളി.
ഉടൻ തന്നെ ചൗധരി, 10 രൂപ നാണയത്തുട്ടുകൾ നിറച്ച ഒരു വലിയ ഡ്രമ്മുമായി തിരികെയെത്തി. ഡ്രമ്മിന് അത്രയേറെ ഭാരമുണ്ടായിരുന്നെന്നും, വണ്ടിയിൽ നിന്ന് ഇറക്കാനും എണ്ണാനായി നിലത്തേക്ക് ഇടാനും ഷോറൂമിലെ എട്ട് പേര്‍ വേണ്ടിവന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. ഏകദേശം രണ്ടര മണിക്കൂറോളം എടുത്താണ് ജീവനക്കാർ നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയത്. നാണയങ്ങൾക്ക് പുറമെ പലതരം കറൻസി നോട്ടുകളും ഡ്രമ്മിൽ ഉണ്ടായിരുന്നു. എണ്ണിത്തീർന്നപ്പോൾ 69,000 രൂപയുടെ നാണയങ്ങളും മറ്റ് നോട്ടുകളും ഉൾപ്പെടെ ആകെ 1.10 ലക്ഷം രൂപ ആയിരുന്നു ആ ഡ്രമ്മിൽ ഉണ്ടായിരുന്നത്.
വർഷങ്ങൾക്ക് മുമ്പ് മകൾ ഒരു ബൈക്കിന് വേണ്ടി ആവശ്യപ്പെട്ടപ്പോൾ അത് നിറവേറ്റാൻ കഴിഞ്ഞില്ലെന്നും, അന്നുമുതലാണ് താൻ പണം സ്വരുക്കൂട്ടി തുടങ്ങിയതെന്നും ചൗധരി പറയുന്നു. 'എൻ്റെ മകളുടെ ആവശ്യമായിരുന്നു അത്. അതിനാൽ, ചെറിയ വരുമാനത്തിൽ നിന്ന് പോലും ദിവസവും നാണയങ്ങൾ മാറ്റിവെച്ച് ഞാൻ പണം ശേഖരിച്ചു. നാല് വർഷം കൊണ്ടാണ് ഈ തുക പൂർത്തിയാക്കിയത്' ചൗധരി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam