29 വര്‍ഷമായി ഭക്ഷണശാല നടത്തുന്നു; ഇന്നും ഭക്ഷണത്തിന്‍റെ വില 25 പൈസ

By Web TeamFirst Published Jun 18, 2019, 10:17 PM IST
Highlights

എല്ലാ ദിവസവും രാവിലെ 9 മണിക്ക് ഘോഷ് തന്റെ കട തുറക്കും. ഇദ്ദേഹത്തിന്റെ വരവും കാത്ത് അപ്പോഴേക്കും ആളുകള്‍ എത്തിയിട്ടുണ്ടാകും. 

കൊല്‍ക്കത്ത: ബംഗാളിലെ വടക്കന്‍ കൊല്‍ക്കത്തയിലുള്ള മാണിക്ക്തലയിലാണ് ലക്ഷ്മി നാരായണ്‍ ഘോഷ് എന്നയാള്‍ 26 വര്‍ഷമായി ഭക്ഷണശാല നടത്തുന്നത്. ഇദ്ദേഹം കച്ചോരി എന്ന ഒരു തരം സമോസ വില്‍ക്കുന്നത് ഇപ്പോഴും 25 പൈസയ്ക്കാണ്.  സ്‌കൂള്‍ കുട്ടികള്‍ക്കാണ് ഇദ്ദേഹം കച്ചോരി 25 പൈസയ്ക്ക് വില്‍ക്കുന്നത്. മുതിര്‍ന്നവര്‍ക്ക് ഇത് വില്‍ക്കുമ്പോള്‍ 50 പൈസയാണ് ഇദ്ദേഹം ഈടാക്കുന്നത്. 

എല്ലാ ദിവസവും രാവിലെ 9 മണിക്ക് ഘോഷ് തന്റെ കട തുറക്കും. ഇദ്ദേഹത്തിന്റെ വരവും കാത്ത് അപ്പോഴേക്കും ആളുകള്‍ എത്തിയിട്ടുണ്ടാകും. രാവിലത്തെ വില്‍പ്പന കഴിഞ്ഞാല്‍ കട അടച്ച് ഘോഷ് പോകും. പിന്നീട് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീണ്ടും കട തുറക്കും. അപ്പോള്‍ കച്ചോരി വാങ്ങാനെത്തുന്നത് കുട്ടികളാണ്. പേയാജി, ആലൂര്‍ ചോപ്പ്, മോച്ചാര്‍ ചോപ്പ്, ധോക്കര്‍ ചോപ്പ്, മെഗുനി തുടങ്ങിയ ബംഗാളി പലഹാരങ്ങളും ഘോഷ് തയാറാക്കും. ഇവയ്ക്ക് ഒരു രൂപയാണ് ഘോഷ് ഈടാക്കുന്നത്.

'ഞാന്‍ വില കൂട്ടുകയാണെങ്കില്‍ എല്ലാവര്‍ക്കും വിഷമമാകും. എല്ലാവരും ഇവിടെ അടുത്ത് തന്നെ ഉള്ളവരാണ്. കാലാകാലങ്ങളായി അവര്‍ രാവിലെ ഇവിടെ നിന്നുമാണ് ഭക്ഷണം കഴിക്കുന്നത്. കുട്ടികളും ഇവിടുന്നു തന്നെ ഭക്ഷണം കഴിക്കും. അത് കാണുമ്പോള്‍ എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല.''  - താന്‍ വില കൂട്ടാത്തതിനെ കുറിച്ച് ഘോഷ് പറയുന്നു.
 

click me!