പൂച്ചക്കുഞ്ഞിന് ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് കടുവക്കുഞ്ഞ്; 'പുലിവാല്' പിടിച്ച് ദമ്പതികള്‍

By Web TeamFirst Published Oct 12, 2020, 5:54 PM IST
Highlights

2018ലാണ് സവന്ന പൂച്ച വിഭാഗത്തിലുള്ള കുഞ്ഞിനെ ഫ്രാന്‍സിലെ ലെ ഹവാരെയിലുള്ള ദമ്പതികള്‍ വാങ്ങിയത്. പൂച്ചക്കുഞ്ഞിനായി ദമ്പതികള്‍ ചെലവിട്ടത് അഞ്ച് ലക്ഷം രൂപയിലധികമാണ്. 

ലെ ഹവാരെ: ഓണ്‍ലൈനില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ട് ലഭിക്കുന്നത് മറ്റ് സാധനങ്ങളാണെന്ന പരാതി പലപ്പോഴും ഉയരാറുള്ളതാണ്. എന്നാല്‍ പൂച്ചയെ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ദമ്പതികള്‍ക്ക് കിട്ടിയത് കടുവക്കുഞ്ഞിനെ. വന്‍തുക നല്‍കി പറ്റിക്കപ്പെടുക മാത്രമല്ല, വന്യജീവികളെ കടത്താന്‍ കൂട്ട് നിന്നതിന് ദമ്പതികള്‍ പൊലീസിന്‍റെ പിടിയിലാവുക കൂടി ചെയ്തു. 2018ലാണ് സവന്ന പൂച്ച വിഭാഗത്തിലുള്ള കുഞ്ഞിനെ ഫ്രാന്‍സിലെ ലെ ഹവാരെയിലുള്ള ദമ്പതികള്‍ വാങ്ങിയത്.

പൂച്ചക്കുഞ്ഞിനായി ദമ്പതികള്‍ ചെലവിട്ടത് അഞ്ച് ലക്ഷം രൂപയിലധികമാണ്. ആഫ്രിക്കയിലെ കാട്ടുപൂച്ചകളും വളര്‍ത്തുപൂച്ചകളും തമ്മിലുള്ള സങ്കരയിനാണ് സാവന്ന പൂച്ച. പൂച്ച വിഭാഗത്തില്‍ തന്നെ വലുപ്പമേറിയവയായാണ് ഇവയെ കണക്കാക്കുന്നത്. ഫ്രാന്‍സില്‍ ഇത്തരം പൂച്ചകളെ വളര്‍ത്തുന്നത് നിയമാനുസൃതമാണ്. ലോകത്തിലെ വിവധയിടങ്ങളില്‍ ഇത്തരം പൂച്ചകളെ വീടുകളില്‍ അരുമ മൃഗമായി വളര്‍ത്തുന്നത് ശിക്ഷാര്‍ഹമാണ്.

ഓണ്‍ലൈനിലൂടെയാണ് ഫ്രെഞ്ച് ദമ്പതികള്‍ പൂച്ചയെ വാങ്ങിയത്. മറ്റ് പൂച്ചകളേക്കാള്‍ വലിപ്പമുള്ള വിഭാഗത്തില്‍പ്പെട്ടതിനാല്‍ പൂച്ചക്കുഞ്ഞിന്‍റെ വലിപ്പക്കൂടുതല്‍ സാധാരണമായിരുന്നുവെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടതോടെ വീട്ടില്‍ വളരുന്നത് സാവന്ന പൂച്ചയല്ലെന്ന് ദമ്പതികള്‍ക്ക് സംശയം തോന്നി. വിശദമായ പരിശോധനയിലാണ് തങ്ങള്‍ക്ക് ലഭിച്ചത് സുമാത്ര കടുവയുടെ കുഞ്ഞാണെന്ന് ദമ്പതികള്‍ക്ക് വ്യക്തമാകുന്നത്.

കടുവ കുഞ്ഞിനെ വീട്ടില്‍ സൂക്ഷിക്കാനാവാതെ വന്നതോടെ ദമ്പതിള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി. പിന്നാലെ കടുവക്കുഞ്ഞിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, ഒപ്പം ദമ്പതികളേയും. രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തില്‍ ഒന്‍പത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യയില്‍ നിന്ന് ഫ്രാന്‍സിലേക്ക് ഇത്തരത്തില്‍ വന്യജീവികളെ എത്തിക്കുന്ന സംഘത്തിലെ ഒന്‍പത് പേരാണ് പിടിയിലായത്. 
 

click me!