
ബംഗലൂരു: മഴ കിട്ടാൻ സർക്കാർ ചിലവിൽ പൂജകൾ തകൃതിയാണ് കർണാടകത്തിൽ. ഇതിനിടയിലാണ് ഉഡുപ്പിയിലൊരു തവളക്കല്യാണം നടന്നത്. മഴ കുറയുമെന്ന ആശങ്ക തവളകളുടെ മിന്നുകെട്ടിലൂടെ ഇല്ലാതാകുമെന്നാണ് സംഘാടകരുടെ വിശ്വാസം. വരൻ വരുണ. വധു വർഷ. രണ്ടാളുടെയും പേരെഴുതിയ ഫ്ലക്സടിച്ചിരുന്നു. കല്യാണവേദിയിലേക്കുളള വണ്ടിയിൽ നെടുവീർപ്പിട്ടിരുന്നു വരൻ. തല താഴ്ത്തിയിരുന്നു വധു. താലവും മംഗല്യസൂത്രവുമേന്തി അവളുടെയാളുകൾ വരനെ ആനയിച്ചു.കാൽ കഴുകിയല്ല. മേലാകെ കഴുകി.
അരിയെറിഞ്ഞും കുറിതൊട്ടും വീട്ടുകാരുടെ അഭിവാദ്യം.നാദസ്വരത്തിന്‍റെ അകമ്പടി. മുഹൂർത്തമായപ്പോൾ ,മുല്ലപ്പൂവിൽ മൂടിയ വധുവിന്‍റെ കഴുത്തിൽ താലി വീണു. രണ്ട് പേരെയും അറയിലാക്കി വാതിലടച്ച് വീട്ടുകാർ പായസം കൂട്ടി സദ്യയുണ്ടു. എല്ലാം മഴയ്ക്ക് വേണ്ടിയാണ്.
ഉഡുപ്പിയിലെ നാഗരിക വേദികയാണ് തവളക്കല്യാണത്തിന്‍റെ കാർമികർ. പിടികൂടിയ തവളകളിൽ ആണും പെണ്ണും ഏതെന്നറിയാൻ പരിശോധന നടത്തിയത് മണിപ്പാലിലെ സുവോളജി ലാബിലാണ്.ചടങ്ങിന് ശേഷം ഇവരെ തുറന്നുവിട്ടു.
വേനൽ മഴ കുറഞ്ഞതോടെ കടുത്ത ജലക്ഷാമമാണ് കർണാടകത്തിൽ. സർക്കാർ തന്നെ പണം മുടക്കി പ്രത്യേക പൂജകൾ നടത്തുന്നു. മന്ത്രിമാർ തന്നെ നേരിട്ടെത്തുന്നു. ഇതിനിടയിലാണ് തവളക്കല്യാണം. വരുണയും വർഷയും കല്യാണം കഴിച്ച വകയിൽ കാലവർഷം കനിയുമോ എന്നതിന് കാത്തിരിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam