കൊല്ലേണ്ടി വന്നില്ല; ജര്‍മ്മന്‍ നഗരത്തെ അഞ്ച് ദിവസം ഭീതിയിലാക്കിയ മൂര്‍ഖന്‍ പിടിയില്‍.!

By Web TeamFirst Published Sep 2, 2019, 2:34 PM IST
Highlights

ഒരു വീടിന്റെ നിലവറയോട് ചേര്‍ന്ന കോണ്‍ക്രീറ്റ് അടിത്തറയിലെ ഇഷ്ടികകളുടെ ഇടയില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്.  പൊലീസും അഗ്‌നിശമന സേനാംഗങ്ങളും പാമ്പ് പിടുത്തക്കാരും അരമണിക്കൂര്‍ പരിശ്രമിച്ചാണ് മൂര്‍ഖനെ പിടിയിലാക്കിയത്. 

ഫ്രാങ്ക്ഫുട്ട്: ജര്‍മനിയിലെ ഹേര്‍ണെ നഗരത്തില്‍ കഴിഞ്ഞ അഞ്ച് ദിവസമായി ഭീതി പടര്‍ത്തിയ മൂര്‍ഖന്‍ പിടിയിലായി. പാട്രിക് എന്നയാള്‍ വളര്‍ത്തിയതെന്ന് കരുതിയ പാമ്പാണ് ഇയാളുടെ കയ്യില്‍ നിന്നും പോയി പാര്‍പ്പിടമേഖലയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി സാന്നിധ്യമായി വാര്‍ത്തയില്‍ നിറഞ്ഞത്. ഈ മൂര്‍ഖന്‍റെ  സാന്നിധ്യം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായി. ന്യൂയോർക്ക് ടൈംസ് വരെ ജർമൻ മൂർഖനെപ്പറ്റിയുള്ള വാര്‍ത്ത നല്‍കി. ലൈവ് റിപ്പോര്‍ട്ടിംഗുമായി മൂര്‍ഖനെ താരമാക്കുകയായിരുന്നു ജര്‍മ്മന്‍ ടെലിവിഷന്‍ മാധ്യമങ്ങളില്‍.

ഒരു വീടിന്റെ നിലവറയോട് ചേര്‍ന്ന കോണ്‍ക്രീറ്റ് അടിത്തറയിലെ ഇഷ്ടികകളുടെ ഇടയില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്.  പൊലീസും അഗ്‌നിശമന സേനാംഗങ്ങളും പാമ്പ് പിടുത്തക്കാരും അരമണിക്കൂര്‍ പരിശ്രമിച്ചാണ് മൂര്‍ഖനെ പിടിയിലാക്കിയത്. പിടികൂടിയ ഉടനെ മൂര്‍ഖനെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റി. മൂര്‍ഖനെ ഭയന്ന് സര്‍ക്കാര്‍ നാലു വീടുകളിലെ മുപ്പതിലധികം താമസക്കാരെ ഹോട്ടലുകളിലും മറ്റും മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇവര്‍ പാമ്പ് പിടിയിലായതറിഞ്ഞ് തിരിച്ച് വീടുകളില്‍ എത്തി. 

പാമ്പ് ഉണ്ടെന്ന് കരുതി ഈ നാല് വീടുകളില്‍ വിഷവായു കയറ്റാനുള്ള ആലോചനകള്‍ക്കിടയിലാണ് മൂര്‍ഖന്‍ പിടിയിലാകുന്നത്. ഇതിനകം തന്നെ പാമ്പിനെ പിടിക്കാന്‍ നഗരസഭയ്ക്ക് അരലക്ഷം യൂറോയ്ക്ക് താഴെ ചിലവുണ്ടായതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് തന്‍റെ കയ്യില്‍ നിന്നും ഈടാക്കും എന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് പാട്രിക്ക് മുങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.

click me!