കൊറോണ വൈറസ് ആക‍ൃതിയില്‍ ആലിപ്പഴം പൊഴിഞ്ഞു വീണു; നഗരത്തില്‍ സംഭവിച്ചത്

By Web TeamFirst Published May 22, 2020, 12:08 PM IST
Highlights

ആലിപ്പഴം പൊഴിഞ്ഞത് മറ്റേതൊരു സമയത്തേയും പോലെ തികച്ചും സാധാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. ശക്തമായ കാറ്റില്‍ ഗോളാകൃതിയില്‍ തന്നെയാണ് ഐസ് കട്ടകള്‍ രൂപപ്പെടുന്നത്. പിന്നീട് കൂടുതല്‍ ഐസ് അതിലേക്ക് കൂടിച്ചേരുകയാണ് ചെയ്യുന്നത്. 

മെക്‌സിക്കോ സിറ്റി: ലോകമെങ്ങും കൊവിഡ് ഭീതിയിലാണ്. വിവിധ രാജ്യങ്ങള്‍ കൊവിഡിനെ നേരിടാന്‍ ലോക്ക്ഡൗണിലാണ്.ഈ കാലത്താണ് കൗതുകമായി വൈറസിന്‍റെ ആകൃതിയില്‍ മെക്‌സിക്കോയില്‍ ആലിപ്പഴവും പൊഴിഞ്ഞു വീണത്.

മോന്‍ഡെമോറെലോസ് എന്ന നഗരത്തിലാണ് ഈ പ്രതിഭാസമുണ്ടായത്. ഗോളാകൃതിയില്‍ പുറമേ നിറയെ മുള്ളുകളുള്ള രൂപമാണ് കൊറോണ വൈറസിന്റേത്. ഏതാണ്ട് അതേ ആകൃതിയിലാണ് മെക്‌സിക്കോയില്‍ നഗരത്തില്‍ വീണ ആലിപ്പഴങ്ങള്‍ എന്നാണ് അവിടുന്നുള്ള ചിത്രങ്ങള്‍ പറയുന്നത്. ഇത് ഇപ്പോള്‍ ആളുകളില്‍ കൂടുതല്‍ ഭീതി ജനിപ്പിച്ചിരിക്കുകയാണ്.  ദൈവം തന്ന അജ്ഞാതമായ സന്ദേശമാണ് ഇതെന്നാണ് ചില നഗരവാസികള്‍ വിശ്വസിക്കുന്നത് എന്നാണ് ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്നാല്‍ ആലിപ്പഴം പൊഴിഞ്ഞത് മറ്റേതൊരു സമയത്തേയും പോലെ തികച്ചും സാധാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. ശക്തമായ കാറ്റില്‍ ഗോളാകൃതിയില്‍ തന്നെയാണ് ഐസ് കട്ടകള്‍ രൂപപ്പെടുന്നത്. പിന്നീട് കൂടുതല്‍ ഐസ് അതിലേക്ക് കൂടിച്ചേരുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കൂടുതല്‍ വലുപ്പം കൈവരിച്ച ആലിപ്പഴങ്ങള്‍ ശക്തമായ കാറ്റില്‍ പരസ്പരം കൂട്ടിയിടിച്ചു പുറംഭാഗത്തെ ഐസ് നഷ്ടപ്പെട്ടതിനാലാണ് മുള്ളുകളുടെ ആകൃതിയില്‍ രൂപം കൊണ്ടതെന്ന് ലോക കാലാവസ്ഥാ നിരീക്ഷണ സംഘടനയുടെ കണ്‍സള്‍ട്ടന്റായ ജോസ് മിഗ്വല്‍ വിനസ് പറഞ്ഞു.

ഇപ്പോള്‍ മാധ്യമങ്ങളിലും മറ്റും കൊറോണ വൈറസ് ചിത്രങ്ങള്‍ വ്യാപകമായതിനാല്‍ ജനങ്ങള്‍ അതിവേഗം ഇതിനെ കൊറോണയുമായി ബന്ധിപ്പിക്കുന്നു എന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ആശങ്കപ്പെടേണ്ട ഒരു സാഹചര്യമില്ലെന്നാണ് നഗരസഭ അധികൃതരും പറയുന്നത്.

click me!