
ഹൈദരാബാദ്: തെലങ്കാനയിൽ ശക്തമായ മഴ തുടരുന്നു. ചേന്നൂർ മണ്ഡലത്തിലെ സോമൻപള്ളി ഗ്രാമത്തിൽ കവിഞ്ഞൊഴുകുന്ന ഗോദാവരി നദിയിൽ കുടുങ്ങിയ രണ്ട് ഇടയന്മാരെ വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തി രക്ഷിക്കുന്ന വീഡിയോ വൈറൽ. കുതിച്ചൊഴുകുന്ന നദിക്ക് നടുവിൽ ഇവർ കുടുങ്ങുകയായിരുന്നു. കുടിവെള്ള പദ്ധതിക്കായി കെട്ടിയ ടാങ്കിന് മുകളിലാണ് ഇവർ അഭയം തേടിയത്. ഇടയന്മാരെ രക്ഷിക്കാൻ പ്രാദേശിക എംഎൽഎ ബാൽക്ക സുമൻ മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രി കെ ടി രാമറാവുവിന്റെ സഹായം തേടിയതിനെ തുടർന്നാണ് വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിയത്.
രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി. കനത്ത മഴയെ തുടർന്ന് സംഭവമറിഞ്ഞ് ചേന്നൂരിൽ നിന്ന് രക്ഷാപ്രവർത്തനം നിരീക്ഷിക്കാൻ സുമനും കലക്ടർ ഭാരതി ഹോളിക്കേരിയും ഗ്രാമത്തിലെത്തി. സോമൻപള്ളി സ്വദേശികളായ സരയ്യ, ഗട്ടയ്യ എന്നീ ആട്ടിടയൻമാരാണ് പ്രളയത്തിൽ കുടുങ്ങിയത്. ഗ്രാമത്തിന്റെ അരികിലുള്ള കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ള ഒരു ഓവർഹെഡ് ടാങ്കിന് മുകളിൽ കയറാൻ കഴിഞ്ഞതിനാൽ ജീവൻ നഷ്ടമായില്ല. ഇവരെ രക്ഷപ്പെടുത്തിയതിന് പിന്നാലെ ടാങ്കും വെള്ളത്തിനടിയിലായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam