Latest Videos

കാത്തിരുന്ന് ദമ്പതികൾ ആൻഡമാനിലേക്ക് ട്രിപ്പ് പോയി, പക്ഷേ എല്ലാം കുളമാക്കി; ഇൻഡി​ഗോ വൻതുക നൽകണമെന്ന് കോടതി

By Web TeamFirst Published Nov 14, 2023, 7:34 PM IST
Highlights

2021ലാണ് സംഭവം. ബയപ്പനഹള്ളി സ്വദേശിയായ സുരഭി ശ്രീനിവാസും അവരുടെ ഭർത്താവ് ബോല വേദവ്യാസ് ഷേണായിയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിലേക്ക് അവധിക്കാലം ആഘോഷിക്കാൻ തീരുമാനിച്ചു.

ബെംഗളൂരു: ആൻഡമാൻ നിക്കോബാർ ദ്വീപിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പുറപ്പെട്ട ദമ്പതികൾക്ക് കൃത്യസമയത്ത് ല​ഗേജുകൾ എത്തിക്കാൻ വൈകിയതിൽ എയർലൈൻസ് കമ്പനിയായ ഇൻഡി​ഗോക്ക് പിഴ. പോർട്ട്ബ്ലയറിലേക്കുള്ള തങ്ങളുടെ അവധിക്കാലം വിമാനക്കമ്പനി കാരണം അലങ്കോലമായെന്നും ആസ്വദിക്കാനായില്ലെന്നും കാണിച്ച് ബെംഗളൂരു ദമ്പതികളാണ് ഇൻഡിഗോ എയർലൈൻസിനെതിരെ സിറ്റി ഉപഭോക്തൃ കോടതിയിൽ കേസ് നൽകിയത്. കേസിൽ ദമ്പതികൾക്ക് നഷ്ടപരിഹാരമായി 70,000 രൂപ നൽകാൻ ഇൻഡി​ഗോയോട് കോടതി ഉത്തരവിട്ടു.

2021ലാണ് സംഭവം. ബയപ്പനഹള്ളി സ്വദേശിയായ സുരഭി ശ്രീനിവാസും അവരുടെ ഭർത്താവ് ബോല വേദവ്യാസ് ഷേണായിയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിലേക്ക് അവധിക്കാലം ആഘോഷിക്കാൻ തീരുമാനിച്ചു. ഇൻഡിഗോയിൽ ബെംഗളൂരുവിൽ നിന്ന് പോർട്ട് ബ്ലെയറിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയും 2021 നവംബർ ഒന്നിന് പുറപ്പെടുകയും ചെയ്തു. എന്നാൽ, വസ്ത്രങ്ങളും മരുന്നുകളും ഫെറി ടിക്കറ്റുകളും അടങ്ങിയ അവരുടെ ലഗേജുകൾ പോർട്ട് ബ്ലെയറിലെത്തിയില്ല. തുടർന്ന് ദമ്പതികൾ ഇൻഡിഗോയ്ക്ക് പരാതി നൽകി. ഇൻഡിഗോയുടെ ഗ്രൗണ്ട് ക്രൂ അവരുടെ കാണാതായ ബാഗ് അടുത്ത ദിവസം തന്നെ നൽകാമെന്ന് അറിയിച്ചെങ്കിലും.
നവംബർ മൂന്നിന് രാത്രിയാണ് ബാഗേജുകൾ എത്തിയത്. അപ്പോഴേക്കും അവധി ദിവസത്തിന്റെ പകുതിയിലധികം പിന്നിട്ടിരുന്നു. ല​ഗേജുകൾ എത്താൻ വൈകിയതിനാൽ അവശ്യസാധനങ്ങൾ പണം നൽകി വാങ്ങേണ്ടി വന്നു. 

ബെംഗളൂരു വിമാനത്താവളത്തിൽ വിമാനത്തിൽ ലഗേജ് കയറ്റിയിട്ടില്ലെന്ന് ഇൻഡിഗോ പ്രതിനിധികൾക്ക് അറിയാമായിരുന്നിട്ടും വിവരം തങ്ങളോട് വെളിപ്പെടുത്തിയില്ലെന്ന് അവകാശപ്പെട്ട് സുരഭിയും ബോലയും നവംബർ 18 ന് ഇൻഡിഗോ എയർലൈനിന്റെ ഓപ്പറേറ്റർമാരായ ഇന്റർ ഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന് വക്കീൽ നോട്ടീസ് അയച്ചു. ഒരു വർഷത്തിനുശേഷം,  നഷ്ടപരിഹാരം ആവശ്യപ്പെട്ട് എയർലൈനിനെതിരെ പരാതിയുമായി ശാന്തിനഗറിലെ ബെംഗളൂരു അർബൻ മൂന്നാം അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചു. കമ്മീഷന് മുന്നിൽ യാത്രക്കാർക്ക് കൃത്യസമയത്ത് ലഗേജ് എത്തിക്കാൻ കഴിഞ്ഞില്ലെന്ന് എയർലൈൻ പ്രതിനിധി സമ്മതിച്ചു.

ദമ്പതികളുടെ ആനന്ദകരവും അവിസ്മരണീയവുമായ അവധിക്കാലം അലങ്കോലമാക്കിയതിന് ഇൻഡിഗോ എയർലൈൻ ഉത്തരവാദിയാണെന്ന് ഉപഭോക്തൃ ഫോറം പറഞ്ഞു. ഇൻഡി​ഗോ ദമ്പതികൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും അവർക്കുണ്ടായ മാനസിക പീഡനത്തിന് 10,000 രൂപയും അവരുടെ കോടതി ചെലവുകൾക്കായി 10,000 രൂപയും ഇൻഡി​ഗോ നൽകണമെന്നും കോടതി അറിയിച്ചു.

tags
click me!