
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നെത്തി ആക്രമണം നടത്തിയ ഹമാസില്‍ നിന്ന് ഇസ്രയേല്‍ സ്വദേശികളെ രക്ഷിച്ച മലയാളി യുവതികളെ പ്രശംസിച്ച് ഇന്ത്യയിലെ ഇസ്രയേല്‍ എംബസി. സബിത, മീര മോഹനന്‍ എന്നിവരെ ഇന്ത്യന്‍ സൂപ്പര്‍വിമന്‍ എന്നാണ് ഇസ്രയേല്‍ എംബസി വിശേഷിപ്പിച്ചത്. ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസ് ആക്രമണത്തില്‍ നിന്നാണ് സബിതയും മീരയും എഎല്‍എസ് രോഗിയായ റഹേല്‍ എന്ന വൃദ്ധയെ രക്ഷപ്പെടുത്തിയത്. ഈ സംഭവം വിവരിക്കുന്ന സബിതയുടെ വീഡിയോ പങ്കുവച്ചാണ് ഇസ്രയേല്‍ എംബസിയുടെ പ്രശംസ. കേരളത്തില്‍ നിന്നുള്ള കെയര്‍ഗിവറായ സബിതയുടെ അനുഭവം കേള്‍ക്കൂ. വീട്ടിലേക്ക് അതിക്രമിച്ച് കയറി കൊല്ലാനുള്ള ഹമാസിന്റെ ശ്രമങ്ങളെ വാതില്‍ തള്ളിപ്പിടിച്ചാണ് സബിതയും മീരാ മോഹനനും പ്രതിരോധിച്ചതെന്ന് എംബസിയുടെ കുറിപ്പില്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് സബിത പറയുന്നത് ഇങ്ങനെ: ''മൂന്നു വര്‍ഷമായി അതിര്‍ത്തി പ്രദേശത്താണ് കെയര്‍ഗിവറായി ജോലി ചെയ്യുന്നത്. എഎല്‍എസ് രോഗിയായ റഹേല്‍ എന്ന സ്ത്രീയെയാണ് ഞാനും മീരയും പരിചരിക്കുന്നത്. അന്ന് എനിക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു. രാവിലെ ജോലി പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങുന്ന സമയത്ത് 6.30ഓടെയാണ് അപകട സൈറണ്‍ മുഴങ്ങിയത്. അത് കേട്ടതോടെ ഞങ്ങള്‍ എല്ലാവരും സുരക്ഷാ മുറിയിലേക്ക് ഓടി. ഇതിനിടെ റഹേലിന്റെ മകള്‍ വിളിച്ച്, പുറത്തുനടക്കുന്നത് ഗുരുതര സംഭവങ്ങളാണെന്ന് അറിയിച്ചു. വീടിന്റെ മുന്‍വാതിലും പിന്‍വാതിലും എത്രയും വേഗം അടയ്ക്കാന്‍ അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമികള്‍ വീട്ടിലെത്തി.''
''അല്‍പസമയം കഴിഞ്ഞപ്പോള്‍ മുറികള്‍ തകര്‍ക്കുന്ന ശബ്ദവും വെടിയുതിര്‍ക്കുന്ന ശബ്ദവും കേട്ടു. ഒരു കാരണവശാലും സുരക്ഷ മുറിയുടെ വാതില്‍ തുറക്കാന്‍ ഹമാസിനെ അനുവദിക്കരുതെന്നും എല്ലാവരും ചേര്‍ന്ന് തള്ളിപ്പിടിക്കണമെന്നും റഹേലിന്റെ മകള്‍ ആവശ്യപ്പെട്ടു. വാതില്‍ തുറക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ തള്ളിപ്പിടിച്ചു നിന്ന് പ്രതിരോധിച്ചു. ഇതിനിടെ വാതിലിന് നേരെ അവര്‍ വെടിയുതിര്‍ക്കുകയും ചെയ്തു. ഏകദേശം നാലര മണിക്കൂര്‍ ഞങ്ങള്‍ വാതില്‍ തള്ളിപ്പിടിച്ചു നിന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടും വെടി ശബ്ദം കേട്ടു. ഇസ്രയേല്‍ സൈന്യം രക്ഷിക്കാനായി എത്തിയിട്ടുണ്ടെന്ന് ഗൃഹനാഥനായ ഷുലിക് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ഷുലിക് പുറത്തിറങ്ങി നോക്കി. വീട് മുഴുവന്‍ അവര്‍ തകര്‍ത്തിരുന്നു. മീരയുടെ പാസ്‌പോര്‍ട്ട് അടക്കം അവര്‍ മോഷ്ടിച്ചു. അതിര്‍ത്തിയായതിനാല്‍ രേഖകള്‍ സൂക്ഷിക്കുന്ന എന്റെ എമര്‍ജന്‍സി ബാഗും അവര്‍ കൊണ്ടുപോയി. ഇത്തരമൊരു ആക്രമണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.''
മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാൻ ഇന്ത്യ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam