
കോട്ട: വീട്ടിൽ കയറിയ 8 അടി നീളമുള്ള ഭീമൻ മുതലയെ രക്ഷിക്കാൻ അധികൃതർ എത്താൻ വൈകിയതോടെ, ന്യജീവി സംരക്ഷകൻ മുതലയെ തോളിലേറ്റിക്കൊണ്ടുപോകുന്നതിൻ്റെ വീഡിയോ വൈറലാകുന്നു. രാജസ്ഥാനിലെ കോട്ട ജില്ലയിലെ ഗ്രാമവാസികളിലാണ് പരിഭ്രാന്തി പരത്തിയ സംഭവം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കോട്ടയിലെ ഇറ്റാവ സബ് ഡിവിഷനിലുള്ള ബഞ്ചാരി ഗ്രാമത്തിലെ ഒരു വീട്ടിലേക്ക് ഏകദേശം 80 കിലോഗ്രാം ഭാരവും 8 അടി നീളവുമുള്ള മുതല കയറിയത്.
"രാത്രി 10 മണിയോടെ ഞങ്ങൾ വീട്ടിലിരിക്കുമ്പോൾ വാതിൽ വഴി മുതല അകത്തേക്ക് വന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനുമുമ്പ് അത് പിന്നിലെ മുറിയിലേക്ക് പോയി. ഭയം കാരണം കുടുംബം മുഴുവൻ പുറത്തേക്ക് ഓടി, ഗ്രാമവാസിയായ ലത്തൂർലാൽ ഇന്ത്യ ടുഡേയോട് പറഞ്ഞു. കുടുംബം ഉടൻതന്നെ അധികൃതരെ വിവരമറിയിച്ചെങ്കിലും ഉദ്യോഗസ്ഥരോ രക്ഷാപ്രവർത്തകരോ സ്ഥലത്തെത്താൻ വൈകി. ആശങ്ക വര്‍ധിച്ചതോടെ ഗ്രാമവാസികൾ ഇറ്റാവയിൽ നിന്നുള്ള വന്യജീവി സംരക്ഷകനും രക്ഷാപ്രവർത്തനങ്ങൾക്ക് പേരുകേട്ടയാളുമായ ഹയാത്ത് ഖാൻ ടൈഗറിനെ ബന്ധപ്പെട്ടു.
ഹയാത്തും സംഘവും ഉടൻതന്നെ സ്ഥലത്തെത്തി. പിന്നീട് ഏകദേശം ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനമാണ് ഗ്രാമം കണ്ടത്. മുതല ആക്രമിക്കാതിരിക്കാൻ ആദ്യം അതിൻ്റെ വായും തുടർന്ന് മുൻ-പിൻ കാലുകളും കയറുകൊണ്ട് കെട്ടിയ ശേഷമാണ് വീടിന് പുറത്തേക്ക് മാറ്റിയത്. രാത്രി 11 മണിയോടെ രക്ഷാപ്രവർത്തനം അവസാനിച്ചു. വൈറലായ വീഡിയോയിൽ ഹയാത്ത് ഖാൻ മുതലയെ തോളിലേറ്റിക്കൊണ്ട് പോകുന്നതും, ഗ്രാമവാസികൾ ആർപ്പുവിളിക്കുകയും കയ്യടിക്കുകയും ചെയ്യുന്നതും കാണാം. പിടികൂടിയ മുതലയെ ശനിയാഴ്ച രാവിലെ ഗീത ഏരിയയിലെ ചമ്പൽ നദിയിൽ സുരക്ഷിതമായി തുറന്നുവിട്ടു. "ഈ മുതലയ്ക്ക് ഏകദേശം എട്ട് അടി നീളവും 80 കിലോഗ്രാം ഭാരവുമുണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ബഞ്ചാരി ഗ്രാമത്തിൽ നിന്ന് നടത്തുന്ന മൂന്നാമത്തെ രക്ഷാപ്രവർത്തനമാണിതെന്ന് ഹയാത്ത് പ്രാദേശിക റിപ്പോർട്ടർമാരോട് പറഞ്ഞു.
ഗ്രാമത്തിന് മുന്നിലുള്ള കുളത്തിൽ നിരവധി മുതലകൾ ഉള്ളത് തങ്ങളുടെ ദൈനംദിന ജീവിതം ദുസ്സഹമാക്കിയതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ഒരു വർഷമായി ഈ മുതലകൾ കാരണം കുളത്തിലെ വെള്ളം ഉപയോഗിക്കാൻ പോലും ഞങ്ങൾ ഭയപ്പെടുകയാണെന്ന് പ്രദേശവാസി പറഞ്ഞു. മുതലകൾ നാട്ടുകാരിൽ ഭീതി പരത്തുന്നുണ്ട്. വേലി കെട്ടുകയോ മുതലകളെ മാറ്റിപ്പാർപ്പിക്കുകയോ ചെയ്യണമെന്നാണ് ഗ്രാമവാസികൾ അധികൃതരോട് ആവശ്യപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam