
ചൈനയിൽ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ മാതാപിതാക്കളെ കണ്ടെത്താൻ യുവാവ് നടത്തിയത് അവിശ്വസനീയമായ ഒരു സാഹസിക യാത്ര. ഷീ എന്ന് പേരുള്ള യുവാവ് ഒരു ട്രക്കിന്റെ ടയറിൽ മൂന്ന് മണിക്കൂറോളം കുത്തിയൊഴുകുന്ന പ്രളയവെള്ളത്തിലൂടെ നീന്തിയാണ് മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്. ഈ വാർത്തയുടെ കാരണം അറിഞ്ഞതോടെ നിരവധി പേരാണ് ഇദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ജൂലൈ ആറിനായിരുന്നു സംഭവം. തെക്കൻ ചൈനയിലെ ക്വിൻഷോ നഗരത്തിന് സമീപമുള്ള ഗ്രാമത്തിൽ താമസിക്കുന്ന മാതാപിതാക്കളുമായി ഷീക്ക് ബന്ധം നഷ്ടപ്പെട്ടു. കനത്ത മഴയെയും പ്രളയത്തെയും തുടർന്ന് ആശയവിനിമയ മാർഗങ്ങളെല്ലാം നിലച്ചതോടെയാണ് മകന്റെ നെഞ്ചിൽ തീയെരിഞ്ഞത്.
മാതാപിതാക്കളുടെ സുരക്ഷയെക്കുറിച്ച് കടുത്ത ആശങ്ക തോന്നിയതോടെയാണ് ഷീ ഈ കടുംകൈക്ക് മുതിർന്നത്. ഗ്രാമത്തിലേക്ക് എത്താൻ മറ്റ് വഴികളൊന്നും മുന്നിലില്ലാതിരുന്നതിനാൽ ഒരു ട്രക്ക് ടയര്‍ ട്യൂബിനെ ആശ്രയിച്ച് പ്രളയജലത്തിലൂടെ നീന്താൻ തീരുമാനിക്കുകയായിരുന്നു. ഇതല്ലാതെ തനിക്ക് മറ്റ് മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഷീ പറയുന്നത്. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിലാണ് ഷീക്ക് ഗ്രാമത്തിൽ എത്താനായത്. മാതാപിതാക്കൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനുള്ള മകന്റെ ഈ സ്നേഹമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അക്ഷരാർത്ഥത്തിൽ ജീവൻ പണയം വെച്ചായിരുന്നു ഈ യാത്ര. ഷീയുടെ ഈ പ്രവൃത്തിയുടെ കാരണം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. മാതാപിതാക്കളോടുള്ള സ്നേഹത്തിന് മുന്നിൽ ഒരു പ്രളയത്തിനും തടസ്സമാകാൻ കഴിയില്ലെന്ന് തെളിയിച്ച ഈ മകന്റെ കഥ ആളുകളുടെ ഹൃദയം കീഴടക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam