
പത്തനംതിട്ട: യൂട്യൂബർ രാജൻ ജോസഫിന്റെ അറസ്റ്റിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. പാലക്കാട് മുൻ എംഎൽഎയും പീഡനക്കേസിൽ പ്രതിയുമായ രാഹുൽ മാങ്കൂട്ടത്തിലുൾപ്പെടെയുള്ള പ്രാദേശിക നേതാക്കളുടെ ചിത്രം സഹിതമായിരുന്നു പോസ്റ്റ്. പാർട്ടികൊണ്ട് ലഭിച്ച സൗഹൃദങ്ങൾ, തങ്ങൾക്ക് വേണ്ടി നിന്നവർക്ക് വേണ്ടി അവരും നിൽക്കുമെന്നതിന് കാലമാണ് തെളിവ്. അടൂരിലെ പാർട്ടിയുടെ പട്ടാളം- എന്നായിരുന്നു പോസ്റ്റ്. അവിഹിതകഥകൾ സൃഷ്ടിച്ച് വീഡിയോകളാക്കി ദുഷിച്ച നാവിലൂടെ അത് സാമൂഹികമാധ്യമങ്ങളിൽ വിറ്റ് വരുമാനം നേടി അതേ വായ കൊണ്ട് ഭക്ഷിച്ചുകൊണ്ടിരുന്ന യൂട്യൂബ് മാലിന്യം രാജൻ അറസ്റ്റിലായെന്നും ഇന്നലെ രാത്രി 10.30 ന് അടൂർ പൊലീസ് സ്റ്റേഷനിൽ എത്തി ഞാൻ ആ മാലിന്യത്തെ നേരിട്ട് കണ്ടുവെന്നും ക്ലോസറ്റ് സൗകര്യം ഉള്ള ലോക്കപ്പ് മുറിയിൽ സമാനമായ വായോടുകൂടി ജീവിക്കുന്ന ഇയാൾ നിലത്ത് ഇരിപ്പുണ്ടായിരുന്നു. രണ്ട് വാക്കുകൾ സംസാരിച്ചു, പരിചയപ്പെട്ടു, ഞാൻ തിരികെപ്പോരുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ പോസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ട ബോർഡർ കടന്നാൽ രാജന്റെ സുഖകരമായ അക്കമഡേഷൻ ഞങ്ങൾ ഉറപ്പിക്കുന്നതായിരിക്കുമെന്നും ഇവർ കുറിച്ചു.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലെ അംഗവും ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശ്രീനാദേവി കുഞ്ഞമ്മയെ ഫേസ്ബുക്ക് വഴിയും യൂട്യൂബ് വഴിയും അധിക്ഷേപിക്കുകയും അപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തെന്ന കേസിലാണ് യൂട്യൂബർ കോഴിത്തല പുള്ളൂർ ഹൗസിൽ രാജൻ ജോസഫിനെ (48) എറണാകുളത്തു നിന്നും അടൂർ പൊലീസ് പിടികൂടിയത്. മലപ്പുറം ജില്ലയിൽ മഞ്ചേരി കൂമൻകുളം തൃക്കാലങ്ങോട് സ്വദേശിയാണ് ഇയാൾ. 2026 ജനുവരി 20 മുതൽ 27 വരെയുള്ള തീയതികളിലാണ് ഇയാൾ White swan TV News , Rajan Joseph എന്നീ പേരുകളിൽ ഉള്ള രണ്ട് ഫേസ്ബുക്ക് പേജുകൾ വഴിയും യൂട്യൂബ് ചാനൽ വഴിയും വനിതാ ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ അപവാദ പ്രചരണങ്ങൾ നടത്തിയത്.
ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത അടൂർ പൊലീസ് നാളുകളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. മലപ്പുറം മഞ്ചേരി തൃക്കാലങ്ങോട് സ്വദേശിയായ ഇയാൾ എറണാകുളം കാക്കനാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. 2025 സെപ്റ്റംബർ മാസത്തിലും ഇയാൾ ഇതേ രീതിയിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി അപകീർത്തി പ്രചരണം നടത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച വൈകുന്നേരം 4 45 മണിയോടെ എറണാകുളത്തുനിന്നും കസ്റ്റഡിയിലെടുത്ത് ഇയാളെ അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ഞായറാഴ്ച രാവിലെ 11:45 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. അടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ അജയൻ. ജെ , എസ്ഐമാരായ ദീപു ജിഎസ്, രാധാകൃഷ്ണപിള്ള, എസ്‍സിപിഒ ശ്രീജിത്ത്, സിപിഒമാരായ നിതിൻ, ബൈജു എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam