
വിവാഹ ദിനം തല്ലുണ്ടാക്കി അലമ്പാക്കിയാല്‍ എങ്ങനെയുണ്ടാകും. അതും വധു തന്നെ തല്ലിന് മുന്‍കൈയെടുത്താലോ. അത്തരമൊരു സംഭവത്തിന്റെ ദൃശ്യങ്ങള്‍ ബ്രിട്ടനില്‍ വൈറലായിരിക്കുകയാണ്. വിവാഹ വേഷത്തില്‍ യുവതി തെരുവില്‍ യുവാക്കളുമായി കൂട്ടത്തല്ല് നടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
സൗത്ത് വെയില്‍സിലെ സ്വാന്‍സിയിലാണ് സംഭവം. വധുവായ സോ ഡാലിമോറാണ് സംഭവത്തിലെ നായികയും വില്ലത്തിയും. സോ ഡാലിമോറും വരന്‍ ഡാലിമോറും വിവാഹ ചടങ്ങുകള്‍ക്ക് ശേഷം രാത്രിയില്‍ തനിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. 10 മിനിറ്റ് മാത്രമാണ് വീട്ടിലേക്ക് നടക്കാനുള്ള ദൂരം. അതുകൊണ്ടു തന്നെ വിവാഹവേഷത്തിലാണ് ഇരുവരും. നടത്തം സമീപത്തെ റഗ്ബി ക്ലബിനടുത്തെത്തിയപ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ വഴക്കിടുന്നത് കണ്ടു. അവര്‍ ആരാണോ എന്താണെന്നോ അറിയാതെ സോ ഡാലിമോറും പ്രശ്‌നത്തില്‍ ഇടപെട്ടു. പിന്നെ അടിപിടിയായി, കൂട്ടത്തല്ലില്‍ കലാശിച്ചു.
പിടിച്ചു മാറ്റാന്‍ ശ്രമിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് സോ പറയുന്നത്. എന്നാല്‍ ദൃശ്യങ്ങളില്‍ സോ ഒരോളോട് മല്‍പ്പിടുത്തം നടത്തുന്നതും വീഴുന്നതുമെല്ലാം വ്യക്തമാണ്. സംഭവത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. വിവാഹ ദിനം തന്റെ സന്തോഷം കെടുത്താന്‍ ആഗ്രഹിച്ചില്ലെന്നും അക്രമമൊഴിവാക്കാന്‍ ഇടപെടുക മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് സോ ഡാലിമോര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam