'പൊള്ളലേറ്റിട്ടുണ്ട് പക്ഷേ അവള്‍ അതിജീവിക്കും'; കാട്ടുതീയില്‍ നിന്ന് രക്ഷപ്പെട്ട പൂച്ചയുടെ ചിത്രവുമായി ഉടമ

By Web TeamFirst Published Jan 7, 2020, 9:54 AM IST
Highlights

പൂച്ചയ്ക്ക് പൊള്ളലേല്‍ക്കുന്നതിന് മുന്‍പുള്ള ചിത്രങ്ങളും ഉടമ പങ്കുവച്ചിട്ടുണ്ട്. 2019 സെപ്തംബറില്‍ തുടങ്ങിയ കാട്ടുതീയില്‍ 48 കോടി മൃഗങ്ങളാണ് ചത്തൊടുങ്ങിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓസ്ട്രേലിയയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടില്‍ തിരികെയെത്തിയ പൂച്ചയുടെ ചിത്രം പങ്കുവച്ച് ദമ്പതികള്‍. 
കാട്ടുതീ പടര്‍ന്നതോടെ ഏഴ് ദിവസമായി ഏയ്ഞ്ചല്‍ എന്ന പൂച്ചയെ കാണാതായിരുന്നു. ഞങ്ങളുടെ പൂച്ച തിരികെയെത്തി, കാര്യമായി പൊള്ളലേറ്റിട്ടുണ്ട് പക്ഷേ അവള്‍ അതിജീവിക്കും എന്ന കുറിപ്പോടെയാണ് ഏയ്ഞ്ചലിന്‍റെ ചിത്രം ഉടമ പിക്സി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.

തങ്ങളുടെ വസ്തുവില്‍ തീ പടര്‍ന്നതോടെയാണ് പിക്സി സുരക്ഷിത സ്ഥാനത്തേക്ക് മാറിയത്. എന്നാല്‍ ഏയ്‍ഞ്ചല്‍ തീയില്‍പ്പെട്ടു പോയെന്നാണ് പിക്സി വിചാരിച്ചിരുന്നത്. പൂച്ചയ്ക്ക് പൊള്ളലേല്‍ക്കുന്നതിന് മുന്‍പുള്ള ചിത്രങ്ങളും ഉടമ പങ്കുവച്ചിട്ടുണ്ട്.

12ല്‍ അധികം പേര്‍ മരിക്കുകയും 381ഓളം വീടുകള്‍ നശിക്കുകയും ചെയ്ത വന്‍ കാട്ടുതീ ദുരന്തമാണ് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സിലുണ്ടായത്. 2019 സെപ്തംബറില്‍ തുടങ്ങിയ കാട്ടുതീയില്‍ 48 കോടി മൃഗങ്ങളാണ് ചത്തൊടുങ്ങിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാട്ടുതീ പടര്‍ന്ന സിഡ്നി മുതല്‍ മെല്‍ബണ്‍  പ്രദേശങ്ങളിലും ന്യൂ സൗത്ത് വെയ്ല്‍സിലെ ചില മേഖലകളിലും ആശ്വാസമായി മഴ പെയ്തിരുന്നു. എന്നാല്‍ വ്യാഴാഴ്ചയോടെ താപനില വര്‍ധിക്കുമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. വിക്ടോറിയയിലെയും ന്യൂ സൗത്ത് വേല്‍സിലെയും കാട്ടുതീ യോജിച്ച് വന്‍ തീപ്പിടുത്തമുണ്ടാകാനും സാധ്യതയുള്ളതായി അധികൃതരെ ഉദ്ദരിച്ച് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മഴ പെയ്യുന്നുണ്ടെങ്കിലും പൂര്‍ണമായി ആശ്വസിക്കാനാവില്ലെന്ന് ന്യൂ സൗത്ത് വേല്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെരെജിക്ലിയന്‍ അറിയിച്ചു. ജനങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കി വരികയാണെന്ന് പറഞ്ഞ ഗ്ലാഡിസ് മൂടല്‍മഞ്ഞ് മൂലമുള്ള മലിനീകരണം രൂക്ഷമാകുന്നതായും കൂട്ടിച്ചേര്‍ത്തു. കാട്ടുതീ ബാധിച്ച സ്ഥലങ്ങളിലേക്ക് ആവശ്യമായ  സാധനങ്ങളും വാഹനങ്ങളും എത്തിച്ചതായി ഓസ്ട്രേലിയന്‍ ആര്‍മി ട്വീറ്റ് ചെയ്തു. 

കാട്ടുതീയില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതോടെ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സില്‍ ഒരാഴ്ചത്തെ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഹിലാരി ക്ലിന്‍റണ്‍, ബേര്‍ണി സാന്‍ഡേഴ്‌സ, ഗ്രേറ്റ തുംബെര്‍ഗ് എന്നിവരടങ്ങുന്ന പ്രമുഖര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ന്യൂ സൗത്ത് വെയ്ല്‍സില്‍ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. മുമ്പ് നവംബറിലും ഡിസംബറിലും ഇവിടെ 7 ദിവസത്തെ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 

click me!