കൂറ്റന്‍ സ്രാവിന് മുമ്പില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്; അപൂര്‍വ്വ ഫോട്ടോ വൈറല്‍

By Web TeamFirst Published Sep 25, 2019, 8:12 PM IST
Highlights

തലനാരിഴക്ക് രക്ഷപ്പെട്ട സര്‍ഫിങ് വിദഗ്ധന്‍ ദേവന്‍ സിമ്മര്‍മാന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു.

മസ്സാച്യുസെറ്റ്സ്: നടുക്കടലില്‍ കൂറ്റന്‍ സ്രാവിന് മുമ്പില്‍ പെട്ടാലോ? ദുസ്വപ്നം പോലെ തോന്നാവുന്ന സാഹചര്യത്തെ നേരിട്ടത് മസ്സാച്യുസെറ്റ്സിലെ ഒരു യുവാവാണ്. തിരമാലകള്‍ക്ക് മുകളിലൂടെ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന സര്‍ഫറാണ്  മീറ്ററുകള്‍ മാത്രം വ്യത്യാസത്തില്‍ സ്രാവിനെ അഭിമുഖീകരിച്ചത്. തലനാരിഴക്ക് രക്ഷപ്പെട്ട സര്‍ഫിങ് വിദഗ്ധന്‍ ദേവന്‍ സിമ്മര്‍മാന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു.

മസ്സാച്യുസെറ്റ്സിലെ 'കേപ് കോഡി'ലാണ് സര്‍ഫിങ്ങിനിടെ യുവാവ് സ്രാവിന് മുമ്പില്‍പ്പെട്ടത്. കടല്‍ക്കരയില്‍ നില്‍ക്കുകയായിരുന്ന  ഫോട്ടോഗ്രാഫറായ ജിം മൗള്‍ട്ട് അപൂര്‍വ്വമായ ഈ രക്ഷപ്പെടലിന്‍റെ ചിത്രം പകര്‍ത്തിയത്. സര്‍ഫിങിനിടെ ശക്തിയായി വെള്ളം തെറിക്കുന്ന ശബ്ദം കേട്ടാണ് സിമ്മര്‍മാന്‍ തിരിഞ്ഞുനോക്കിയത്. തൊട്ടുപിറകിലായി ഭീമാകാരനായ സ്രാവ്. ‍ഞെട്ടിയെങ്കിലും മനോധൈര്യം കൈവിടാതിരുന്ന സിമ്മര്‍മാന്‍ കാലുകള്‍ വെള്ളത്തില്‍ നിന്നും ഉയര്‍ത്തി സര്‍ഫിങിന് ഉപയോഗിക്കുന്ന സര്‍ഫ്ബോര്‍ഡില്‍ കയറിയിരുന്നു.

സ്രാവ് നീന്തി നീങ്ങുന്നതുവരെ ഇരിപ്പ് തുടര്‍ന്ന സിമ്മര്‍മാന്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നെന്ന് 'എന്‍വൈ ഡെയ്ലി' ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.  ജിം പകര്‍ത്തിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കപ്പെട്ടതോടെ ചര്‍ച്ചയാകുകയായിരുന്നു.

click me!