
ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദി എവിടെ ആണെങ്കിലും അദ്ദേഹത്തിന്‍റെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ വൈറലാകുന്നത് പതിവാണ്. യോഗാ ദിനത്തിലെ ചിത്രങ്ങള്‍ മുതല്‍ അദ്ദേഹത്തിന്‍റെ കേദാര്‍നാഥ് യാത്രയുടെ ചിത്രങ്ങള്‍ വരെ ഉദാഹരണം. എന്നാല്‍ നമുക്കെല്ലാം ഒരുപോലെ ആകാംഷയുള്ളതാണ് ഈ ചിത്രങ്ങളെല്ലാം പകര്‍ത്തുന്നതാരാണ് എന്ന് ! ഇതാ ആ ഫോട്ടോഗ്രാഫറെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
കര്‍ണാടയിലെ തുമകുരു ജില്ലയില്‍നിന്നുള്ള പ്രസാര്‍ഭാരതി ജീവനക്കാരനായ യദാലം കൃഷ്ണമൂര്‍ത്തി ലോക്നാഥാണ് ആ ക്യാമറാമാന്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറുമാണ് അദ്ദേഹം. വൈന്‍ ഹോസക്കോട്ടയ്ക്ക് സമീപം പവഗഡ താലൂക്കിലെ ഒബലപുരയാണ് ഇദ്ദേഹത്തിന്‍റെ സ്വദേശം.
കര്‍ണാടകയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന വ്യാഴാഴ്ചയിലെയും വെള്ളിയാഴ്ചയിലെയും മഹാറാലികളിലും മറ്റ് പരിപാടികളിലും ലോക്നാഥ് തന്നെയാണ് ഫോട്ടോഗ്രാഫര്‍. തന്‍റെ ജില്ലയില്‍ തന്നെ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പരിപാടി ചിത്രീകരിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തുഷ്ടനാണെന്ന് ലോക്നാഥ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദശാബ്ദമായി ജോലി ചെയ്യുന്നുണ്ടെങ്കിലും നരേന്ദ്രമോദിയുമൊത്തുള്ള ആറ് വര്‍ഷം മറക്കാനാവത്തതാണെന്ന് ലോക്നാഥ് പറഞ്ഞു.
''അന്തരീക്ഷതാപനില 15 ഡിഗ്രി സെല്‍ഷ്യസിനും താഴെയായിരിക്കെ സ്വിറ്റ്സര്‍ലാന്‍റിലേക്ക് നടത്തിയ യാത്രയാണ് ഓര്‍മ്മയിലെ ഏറ്റവും ആദ്യത്തേത്. തണുപ്പിലും അദ്ദേഹം ഞങ്ങളോട് സഹകരിച്ചു. '' - ലോക്നാഥ് ഓര്‍ത്തു. രണ്ടാം യുപിഎ കാലത്ത് ഒരു ഇടവേള എടുത്തെങ്കിലും പിന്നീട് തിരിച്ചെത്തുകയായിരുന്നുവെന്നും അബ്ദുള്‍ കലാം രാഷ്ട്രപതിയായിരുന്ന കാലത്ത് പ്രവര്‍ത്തിച്ച പരിചയമുള്ള അദ്ദേഹം വ്യക്തമാക്കി.
ലോക്നാഥിന്‍റെ അമ്മാവന്‍ എം സി ഗിരീഷിന് ബെംഗളുരുവില്‍ ഒരു കളര്‍ സ്റ്റുഡിയോ ഉണ്ടായിരുന്നു. അദ്ദേഹത്തില്‍ ആകൃഷ്ടനായാണ് താന്‍ ഫോട്ടോഗ്രഫിയിലേക്ക് വന്നതെന്ന് ലോക്നാഥ് പറഞ്ഞു. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ലോക്നാഥ് ഗവണ്‍മെന്‍റ് ഫിലിം ആന്‍റ് ടെലിവിഷന്‍ ഇന്‍സ്റ്റിട്യൂട്ടി(ജിഎഫ്‍ടിഐ)ല്‍ ചേര്‍ന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam