
കോഴിക്കോട്: കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത രണ്ടു വിദ്യാർഥികൾക്കെതിരേ യുഎപിഎ നിയമം ചുമത്തിയ സംഭവത്തിൽ, പിണറായി വിജയന്റെ മുൻ നിലപാട് ചർച്ചയാകുന്നു. എൽഡിഎഫ് പ്രതിപക്ഷത്തിരിക്കെ, 2015 മേയിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ്, തീവ്രവാദത്തിന്റെ പേരിൽ ഒരു കുറ്റകൃത്യത്തിലും പങ്കാളിയാകാത്തവരെ അറസ്റ്റ് ചെയ്യുന്നതിനെതിരേ പിണറായി നിലപാട് പറഞ്ഞത്. ഈ കുറിപ്പ് കുത്തിപ്പൊക്കി പരിഹസിക്കുന്നയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ.
പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മാവോയിസ്റ്റ് എന്ന ലേബലിൽ പ്രചരിപ്പിക്കപ്പെടുന്ന തീവ്രവാദത്തെയും തെറ്റായ വീക്ഷണങ്ങളെയും ആശയപരമായി നേരിട്ട് ഒറ്റപ്പെടുത്തേണ്ടതാണ് എന്നതിൽ നേരിയ സംശയത്തിന് അവകാശമില്ല. എന്നാൽ ഹൈക്കോടതി അടുത്തകാലത്ത് പുറപ്പെടുവിച്ച വിധി സമൂഹം ചർച്ച ചെയ്യേണ്ടതു തന്നെയാണ്. ഒരു കുറ്റകൃത്യത്തിലും പങ്കാളിയാകാത്ത ഒരാളെ മാവോയിസ്റ്റ് എന്നാരോപിച്ച് അറസ്റ്റു ചെയ്ത നടപടിയെയാണ് കോടതി വിമർശിച്ചത്.
മാവോയിസ്റ്റുകളും ഇതര തീവ്രവാദികളും നടത്തുന്ന പ്രവർത്തനങ്ങളോട് പൊതുവിൽ യോജിക്കാനാവില്ല. സമൂഹത്തിൽ ഈ വിഭാഗങ്ങൾ പ്രചരിപ്പിക്കുന്ന തെറ്റായ ആശയങ്ങളെ നേരിട്ട് ഒറ്റപ്പെടുത്തേണ്ടതുണ്ട് എന്നതാണ് ഞങ്ങളുടെ നിലപാട്. കുറ്റകൃത്യങ്ങൾക്കെതിരെ പോലീസ് നടപടിയെടുക്കുന്നത് സാധാരണ നിലയിൽ ആരും ചോദ്യം ചെയ്യില്ല.
എന്നാൽ ആശയത്തെ കുറ്റകൃത്യമായി കണ്ട് അതിനെതിരേ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അറസ്റ്റ് ചെയ്യാൻ തയ്യാറായ പോലീസിനെയാണ് കോടതി വിമർശിച്ചത്. തീവ്രവാദത്തെ നേരിടുന്നതിന്റെ പേരിൽ പലപ്പോഴും അതിരുവിടുന്ന പോലീസിനു ലഭിച്ച മുന്നറിയിപ്പാണ് ഹൈക്കോടതി വിധി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam