
കായംകുളം: കോണ്‍ഗ്രസ് കൊല്ലം ജില്ല പ്രസിഡന്‍റ് ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കായംകുളം എംഎല്‍എ പ്രതിഭ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായി. ബിന്ദു കൃഷ്ണയുടെ മകനെ കേന്ദ്രീയ വിദ്യാലയത്തിൽ (കെവി) വിടുന്നതിനു പകരം 'സർക്കാർ സ്കൂളിൽ' അയയ്ക്കണമെന്ന എംഎൽഎയുടെ പോസ്റ്റാണ് വിവാദമായത്. കേന്ദ്രീയ വിദ്യാലയം കേന്ദ്ര സർക്കാർ സ്ഥാപനമാണെന്നു പോലും എംഎൽഎയ്ക്ക് അറിയില്ലേ എന്നായിരുന്നു കമന്റുകളിലെ പരിഹാസം.
ബിന്ദു കൃഷ്ണയുടെ മകൻ ശ്രീകൃഷ്ണ കൊല്ലം കേന്ദ്രീയ വിദ്യാലയത്തിൽ പുതിയ അധ്യയന വർഷാരംഭത്തിൽ അച്ഛൻ കൃഷ്ണകുമാറിനൊപ്പം നിൽക്കുന്ന ചിത്രമാണ് ഇന്നലെ പ്രതിഭ സ്വന്തം കുറിപ്പിനൊപ്പം ഫെയ്സ്ബുക്കിൽ പ്രസിദ്ധീകരിച്ചത്. ഒടുവില്‍ ബിന്ദു കൃഷ്ണയും പ്രതിഭയുടെ പോസ്റ്റിനെതിരെ രംഗത്ത് എത്തി. ഒരു എംഎൽഎ ഇത്രയും തരംതാഴാൻ പാടില്ലായിരുന്നു. അസത്യം പ്രചരിപ്പിച്ച് ലൈക്ക് വാങ്ങാനുള്ള ശ്രമമാണ് അവർ നടത്തിയത്. ഒന്നുമില്ലെങ്കിലും അവരും ഒരമ്മയല്ലേ. ഇങ്ങനെ സ്വയം അപഹാസ്യയാകുന്നത് എന്തിനാണ് എന്ന് ബിന്ദു കൃഷ്ണ പോസ്റ്റില്‍ പറയുന്നു.
വിവാദമായതോടെ താൻ കേന്ദ്രീയ വിദ്യാലയങ്ങൾക്ക് എതിരാണെന്ന് പ്രചരണം ശരിയല്ലെന്നു ചേർത്ത് പോസ്റ്റ് പ്രതിഭ എംഎൽഎ തിരുത്തിയിട്ടുണ്ട്. സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മക്കളെ വിടാൻ ആദ്യം തയാറാകേണ്ടത് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും ആണെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. 'നമ്മുടെ മക്കളെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിടാതെ പൊതു വിദ്യാഭ്യാസത്തെ സ്ഥാപനങ്ങളെ വിമർശിക്കാനോ വിലയിരുത്താനോ നമ്മൾക്കെന്ത് അവകാശം...ആദർശത്തിന്‍റെ ആവരണം വസ്ത്രം പോലെ എടുത്ത് അണിയേണ്ടവരല്ല നമ്മൾ പൊതുപ്രവർത്തകർ...എന്നും സർക്കാർ സ്കൂളിനൊപ്പം. പൊതു വിദ്യാഭ്യാസത്തിനൊപ്പം.' എന്നാണ് പ്രതിഭ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam