
കൊച്ചി: സൈബർ ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഹനാൻ. താൻ സർക്കാറിന്റെ ദത്തുപുത്രിയല്ലെന്നും മുഖ്യമന്ത്രിയിൽ നിന്ന് ഒരവാർഡല്ലാതെ മറ്റൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഹനാൻ ഫേസ്ബുക്കിൽ കുറിച്ചു. തന്റെ പ്രവർത്തനങ്ങൾ ഇഷ്ടപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ ഒരു അവാർഡ് തന്നു എന്നല്ലാതെ മറ്റൊരു ജീവിതച്ചെലവും സർക്കാരിൽനിന്ന് സ്വീകരിച്ചിട്ടില്ല. ഇപ്പോഴും വാടകവീട്ടിലാണ് താമസം. സഹായം തരാം എന്നു പറഞ്ഞ വീടു പോലും സ്വീകരിച്ചിട്ടില്ല. സർക്കാർ ചെലവിൽ ദത്തുപുത്രി സുഖിക്കുന്നു എന്ന് പറയുന്നതിന് മുമ്പ് അതിന്റെ സത്യാവസ്ഥ ഒരു വിവരാവകാശം എഴുതി ചോദിക്കൂവെന്നും ഹനാൻ കുറിച്ചു. മനസ്സു തുറന്ന് ചിരിക്കാനുള്ള എന്റെ അവകാശത്തെപ്പോലും ചിലർ നിഷേധിക്കുകയാണെന്നും ഹനാൻ വ്യക്തമാക്കി. ഹനാന്റെ സോഷ്യൽമീഡിയ പേജുകളിൽ കടുത്ത സൈബർ ആക്രമണമാണ് അവർ നേരിടുന്നത്.
ഹനാന്റെ കുറിപ്പിന്റെ പൂർണരൂപം
‘‘നീ ചിരിക്കരുത്, നിന്റെ ചിരി ഭംഗി ഇല്ല എന്ന് പറയുന്നു ഒരു വിഭാഗം. എങ്ങനെ എങ്കിലും പച്ച പിടിച്ചു മുന്നോട്ടു പോകാൻ ശ്രമിക്കുമ്പോൾ നിനക്കു ചേരുന്നത് പഴയ ജോലിയാണ്. വന്ന വഴി ഒന്നു തിരിഞ്ഞ് നടക്കുന്നത് നല്ലതാണ് എന്ന് ഉപദേശിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു വിഭാഗം. മരമോന്തയാണ് നിന്നെ ആർക്കും കണ്ടൂടാ, നിന്റെ ശബ്ദം അലോസരം ഇങ്ങനെ എത്ര മാത്രം കുത്ത് വാക്കുകൾ സഹിക്കേണ്ടി വരുന്നു ഞാൻ ഇപ്പോഴും.
ഒന്ന് മനസ്സ് തുറന്നു ചിരിക്കാൻ ഉള്ള എന്റെ അവകാശത്തെ പോലും നിഷേധിക്കുന്നു. ആർക്കും ഉപദ്രവം ഇല്ലാതെ സന്തോഷം ആയി ജീവിതം മുന്നോട്ട് പോകുന്നു. എന്റെ പ്രവർത്തനങ്ങൾ ഇഷ്ടം ആയി മുഖ്യമന്ത്രി ഒരു അവാർഡ് തന്നു എന്നല്ലാതെ മറ്റൊരു ജീവിതച്ചെലവും ഞാൻ സർക്കാരിൽനിന്ന് സ്വീകരിച്ചിട്ടില്ല. ഇപ്പോഴും വാടകവീട്ടിലാണ്. സഹായം തരാം എന്ന് പറഞ്ഞ വീട് പോലും ഞാൻ വാങ്ങിയിട്ടില്ല. സർക്കാർ ചെലവിൽ ദത്തുപുത്രി സുഖിക്കുന്നു എന്ന് വിലയിരുത്തുന്നതിനും മുൻപ് ദയവ് ചെയ്തു അതിന്റെ സത്യാവസ്ഥ ഒരു വിവരാവകാശം എഴുതി ചോദിക്കൂ എല്ലാവരും.
വ്ലോഗ് ചെയ്തും നിരവധി കമ്പനികൾക്ക് പരസ്യങ്ങൾ ചെയ്തും ട്രേഡിങ് വഴിയും കിട്ടുന്ന വരുമാനത്തിൽ സ്വന്തം കാലിൽനിന്ന് അന്തസ്സായി തന്നെയാണ് ഞാൻ ജീവിക്കുന്നത്, ആരോടും കൈ നീട്ടിയല്ല. അഥവാ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ തന്നെ നോക്കാൻ വീട്ടിൽ ഒരു അനിയൻ കുട്ടൻ ഉണ്ട്. ചില സുഹൃത്തുക്കളും ഉണ്ട്. എന്നെ ഇങ്ങനെ ഇട്ട് ചൂഷണം ചെയ്യരുത്. സഹിക്കുന്നതിന് ഒരു പരിധി ഉണ്ട്. അഞ്ച് വർഷം മുമ്പ് കഷ്ടപ്പെട്ട കാലത്ത് പിടിച്ചു നിൽക്കാൻ മീൻ വിറ്റു ഉപജീവനം കണ്ടെത്തി എന്ന് കരുതി പഴയതിലും മെച്ചപ്പെട്ട ജോലിയും നല്ല ജീവിത സാഹചര്യവും കണ്ടെത്തിയതിൽ എന്തെങ്കിലും തെറ്റുണ്ടോ..?
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam