
പാരീസ്: സിഗരറ്റ് വലിക്കാൻ താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് പുറത്തിറങ്ങിയ യുവാവിനു പോയത് ആറുകോടിയുടെ മുതല്‍. ജാപ്പനീസ് വ്യവസായിയുടെ ആറു കോടി വിലവരുന്ന വാച്ചാണു കള്ളൻ അടിച്ചുമാറ്റിയത്. ഫ്രാൻസ് സന്ദർശനത്തിനെത്തിയ യുവാവ് പാരിസിലെ ഫൈവ്സ്റ്റാർ ഹോട്ടലിലാണു താമസിച്ചിരുന്നത്.
തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെ സിഗരറ്റ് വലിക്കുന്നതിനായി യുവാവ് ആർക് ഡെ ട്രയംഫിനടുത്തുള്ള നെപ്പോളിയൻ ഹോട്ടലിൽനിന്നു പുറത്തിറങ്ങി. ഇതിനിടെ ഒരു സിഗരറ്റ് ചോദിച്ച് ഒരാൾ യുവാവിനടുത്തെത്തി. ജാപ്പനീസ് യുവാവ് പോക്കറ്റിൽനിന്നു സിഗരറ്റെടുത്തു നീട്ടുന്നതിനിടെ മോഷ്ടാവ് കൈത്തണ്ടയിൽനിന്നു വാച്ച് ഊരിയെടുത്ത് ഓടി.
8.4 ലക്ഷം ഡോളർ (ഏകദേശം ആറ് കോടി രൂപ) വിലവരുന്ന റിച്ചാർഡ് മില്ലെ ടൂർബിലോണ് ഡയമണ്ട് ട്വിസ്റ്റർ വാച്ചാണു യുവാവിനു നഷ്ടപ്പെട്ടത്. രത്നങ്ങൾ പതിപ്പിച്ച അപൂർവ വാച്ചാണിത്. 30 വാച്ചുകൾ അടങ്ങുന്ന ലിമിറ്റഡ് എഡിഷന് വാച്ചുകളില്‍ ഒന്നാണ് ഇത്. പോലീസിൽ വിവരമറിയിച്ചെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായിട്ടില്ല.
കള്ളന്റെയെന്നു കരുതുന്ന ഫോണ്‍ സംഭവസ്ഥലത്തുനിന്നു പോലീസിനു ലഭിച്ചു. ഇതുപയോഗിച്ച് കള്ളനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണു പോലീസ്. പാരീസിലെത്തുന്ന വിദേശ സഞ്ചാരികളെ കൊള്ളയടിക്കുന്ന സംഭവം മുന്‍പും പാരീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ വർഷം മാത്രം 71 വാച്ച് മോഷണങ്ങൾ നടന്നിട്ടുണ്ടെന്നും ഇതിൽതന്നെ നാലെണ്ണം കോടികൾ വിലയുള്ള റിച്ചാർഡ് മില്ലെ വാച്ചുകളാണെന്നും പാരീസ് പോലീസ് പറയുന്നു. ഈ വാച്ചുകൾക്കെല്ലാമായി 17 കോടി രൂപയാണ് ഏകദേശ മതിപ്പുവില.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam