
ദില്ലി: വന്ദേ ഭാരത് ട്രെയിനിലെ യാത്രക്കാർ പഴകിയ ഭക്ഷണം തിരികെ നൽകുന്ന വീഡിയോ പുറത്ത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. എക്സിൽ ആകാശ് കേസരി (@akash24188) എന്നയാളാണ് വിഡിയോ പങ്കുവെച്ചത്. ട്രെയിനിനുള്ളിൽ വിളമ്പിയ ഭക്ഷണം പഴകിയതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. യാത്രക്കാർ തീവണ്ടി ജീവനക്കാരോട് ഭക്ഷണ ട്രേകൾ എടുത്തുമാറ്റാൻ ആവശ്യപ്പെടുന്നതും മറ്റൊന്ന് ടിൻ ഫോയിലിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ ദൃശ്യങ്ങളും കാണിച്ചു.
മോശം സർവീസാണെന്നും പണം തിരികെ വേണമെന്നും ആകാശ് ആവശ്യപ്പെട്ടു. ഇന്ത്യൻ റെയിൽവേ, വന്ദേ ഭാരത് എക്സ്പ്രസ്, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരെ ടാഗ് ചെയ്തായിരുന്നു യുവാവിന്റെ ആരോപണം.
ദില്ലിയിൽ നിന്ന് വാരാണസിയിലേക്ക് പോകുന്ന യാത്രക്കാരനാണ് ദുരനുഭവം പങ്കുവെച്ചത്. വിളമ്പിയ ഭക്ഷണം ദുർഗന്ധം വമിക്കുന്നതും വൃത്തികെട്ടതുമാണെന്നും ദയവുചെയ്ത് മുഴുവൻ പണവും തിരികെ തരണമെന്നും കാറ്ററിങ്ങുകാർ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പേര് നശിപ്പിക്കുകയാണെന്നും യാത്രക്കാരൻ കുറിച്ചു.
നിരവധി പേരാണ് പോസ്റ്റ് പങ്കുവെച്ചത്. പരാതി ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റെയിൽവേ ഉറപ്പ് നൽകി. ഐആർസിടിസിയും പ്രതികരണവുമായി രംഗത്തെത്തി. മോശം അനുഭവമുണ്ടായതിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും വിഷയം ഗൗരവമായി കാണുന്നുവെന്നും സേവന ദാതാവിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ഐആർസിടിസി വ്യക്തമാക്കി.
ജീവനക്കാരെ പിരിച്ചുവിടാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. നിരവധി പേരാണ് റെയിൽവേയുടെ ഭക്ഷണത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. രാജധാനിയിലും ഇതുതന്നെയാണ് അവസ്ഥയെന്ന് ചിലർ കമന്റിൽ പറഞ്ഞു. ട്രെയിനുകളിൽ ശുചീകരണപ്രവർത്തനം നടക്കുന്നില്ലെന്നും യാത്രക്കാരിൽ ചിലർ കമന്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam