വംശീയമായി അധിക്ഷേപിച്ച യാത്രക്കാരിയെ കാറിൽ നിന്നും ഇറക്കിവിട്ട് ഡ്രൈവര്‍

By Web TeamFirst Published May 17, 2022, 12:47 PM IST
Highlights

ഡ്രൈവറായ ജെയിംസ് യാത്രക്കാരെ അഭിവാദ്യം ചെയ്യുന്നതും പിന്നാലെ ജാക്കി എന്ന സ്ത്രീ കാറിലേക്ക് കയറി ഇരിക്കുന്നതുമാണ് വിഡിയോയിലെ ആദ്യ ദൃശ്യങ്ങൾ.

പെന്‍സില്‍വാനിയ : വംശീയ പരാമർശം നടത്തിയതിന് യാത്രക്കാരിയെ കാറിൽ നിന്നും ഡ്രൈവർ ഇറക്കിവിട്ടു. അമേരിക്കയിൽ പെൻസിൽവാനിയയിൽ ആണ് സംഭവം. കാർ ഡ്രൈവറായ ജെയിംസ് ബോഡേയുടെ കാറിന്റെ ഡാഷിൽ ഘടിപ്പിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. സംഭവം നടന്നതിന് സമീപത്തുള്ള  ബാറിന്റെ ഉടമ ജാക്കിയെയും ഭർത്താവിനെയുമാണ്  വാക്കേറ്റത്തിനൊടുവിൽ ജെയിംസ് ബോഡേ ഇറക്കിവിട്ടത്.

ഡ്രൈവറായ ജെയിംസ് യാത്രക്കാരെ അഭിവാദ്യം ചെയ്യുന്നതും പിന്നാലെ ജാക്കി എന്ന സ്ത്രീ കാറിലേക്ക് കയറി ഇരിക്കുന്നതുമാണ് വിഡിയോയിലെ ആദ്യ ദൃശ്യങ്ങൾ. താങ്കളെ കാണുമ്പോൾ ഒരു വെളുത്ത വർഗക്കാരനെപ്പോലെ ആണല്ലോ എന്ന ചോദ്യം ജാക്കിയിൽ നിന്നും ഉണ്ടായതോടെ ആണ് രംഗം വഷളായത്. 

എന്താണ് പറഞ്ഞതെന്ന് തിരിച്ചു ചോദിച്ച ഡ്രൈവർ പരാമർശത്തിലുള്ള അതൃപ്തി പരസ്യമാക്കി. പിന്നാലെ ഡ്രൈവറുടെ തോളിൽ തട്ടി രംഗം ശാന്തമാക്കാൻ ജാക്കി ശ്രമിച്ചെങ്കിലും ക്ഷുഭിതനായ ഡ്രൈവർ ജെയിംസ് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. വെളുത്തയാൾ അല്ല തൊട്ടടുത്ത് ഇരുന്നതെങ്കിലും എന്താണ് വ്യത്യാസം എന്ന് ചോദിച്ച് ജെയിംസ് ജാക്കിയോട് ഇറങ്ങിപ്പോകാൻ ആവർത്തിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. 

പിന്നാലെ അസഭ്യ വർഷം നടത്തിയ ജാക്കിയുടെ പങ്കാളിയോട് എല്ലാം ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും ജെയിംസ് ഓർമിപ്പിക്കുന്നു. ഈ മാസം പതിമൂന്നിന്  രാത്രി പത്തേ കാലോടെ നടന്ന സംഭവത്തിന്റെ രണ്ട് മിനിറ്റിൽ താഴെയുള്ള വീഡിയോ ജെയിംസ് തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവത്തെ കുറിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നും ജെയിംസ് ഫേസ് ബുക്കിൽ കുറിച്ചു.

ഫേസ്ബുക്കിലെ വീഡിയോ മറ്റ് സാമൂഹിക മാധ്യമങ്ങളിലെത്തി വൈറലായതോടെ കാറിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നത് ബാറുടമയായ ജാക്കി ഹാർഫോഡിനും പങ്കാളിക്കുമെന്ന വിവരം പരസ്യമായി. നിലവിൽ ജാക്കിയുടെ ഫേസ്ബുക്ക് പേജും ബാറിന്റെ വെബ്സൈറ്റും ഡൗൺ ചെയ്ത നിലയിലാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറാകാത്ത ജാക്കി ഫോണിൽ പ്രതികരിക്കാനും തയ്യാറായിട്ടില്ല. അതേ സമയം ജെയിംസിനെ അഭിനന്ദിച്ച് നിരവധി പേരാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്.

click me!