
ഒറ്റരാത്രി കൊണ്ട് ലോകമെങ്ങും വൈറലായ ഒരു ചായക്കടക്കാരൻ... അത്ര പെട്ടെന്ന് ആർക്കും മറക്കാനാവില്ല നീലക്കണ്ണുള്ള ആ ചുള്ളൻ ചായക്കടക്കാരനെ. 2016ലാണ് പാകിസ്ഥാനിൽ നിന്നുള്ള അർഷാദ് ഖാൻ ലോകമെങ്ങും തരംഗമായി മാറിയത്. വർഷങ്ങൾക്ക് ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ അർഷദ് ചർച്ചയാവുകയാണ്. ഇത്തവണ ലണ്ടനിൽ അർഷാദ് ഒരു കഫേ ആരംഭിച്ചതാണ് വാർത്തകളിൽ നിറയുന്നത്.
പ്രധാനമായും ഇന്ത്യക്കാരും പാകിസ്ഥാനികളും ബംഗ്ലാദേശികളും താമസിക്കുന്ന തിരക്കേറിയ പ്രദേശമായ ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ലെയ്നിലാണ് അർഷാദ് കഫേ തുടങ്ങിയിട്ടുള്ളത്. കഫേ ചായ്‌വാല അർഷാദ് ഖാൻ എന്നാണ് പേരിട്ടിരിക്കുന്നത്. ഏഷ്യൻ സഹോദരന്മാരായ ബഹദർ ദുറാനി, നാദിർ ദുറാനി, അക്ബർ ദുറാനി എന്നിവരാണ് ലണ്ടനിലേക്ക് ഈ ബ്രാൻഡ് കൊണ്ട് വന്നിട്ടുള്ളത്.
പരമ്പരാഗത സൗത്ത് ഏഷ്യൻ ഘടകങ്ങൾക്കൊപ്പം ആധുനികവും എന്നാൽ ദാബ സ്റ്റൈലിലുള്ള ഇന്റീരിയറാണ് കഫേയിലുള്ളത്. ഫ്രാഞ്ചൈസികൾ വഴി യുകെയിലെമ്പാടും, യൂറോപ്പ്, നോർത്ത് അമേരിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കും ബിസിനസ് വിപുലീകരിക്കാനും ഇവർ പദ്ധതിയിടുന്നുണ്ട്. ഉപഭോക്താക്കളിൽ നിന്നുള്ള മികച്ച പ്രതികരണം ലഭിച്ചതോടെ അർഷാദ് ഖാൻ തന്റെ ആരാധകർക്കായി ചായ ഉണ്ടാക്കാനും അവരെ കാണാനും ലണ്ടൻ സന്ദർശിക്കാനും ആലോചിക്കുന്നുണ്ട്.
പ്രിയപ്പെട്ട ആരാധകർക്ക് ചായ ഉണ്ടാക്കി നൽകാൻ ആഗ്രഹിക്കുന്നുവെന്ന് അർഷാദ് പറഞ്ഞു. ലണ്ടൻ സന്ദർശിക്കണമെന്ന് ആയിരക്കണക്കിന് പേർ ആവശ്യപ്പെട്ടു. അതിനുള്ള തയാറെടുപ്പുകൾ നടത്തുകയാണ്. ആദ്യത്തെ അന്താരാഷ്‌ട്ര സംരംഭത്തിന് ഇതിനകം തന്നെ മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ടെന്നും അർഷാദ് കൂട്ടിച്ചേർത്തു. ചായയെ സ്നേഹിക്കുന്ന ധാരാളം പാകിസ്ഥാനികളുടെയും ഇന്ത്യക്കാരുടെയും കേന്ദ്രമായതിനാലാണ് ഇൽഫോർഡ് ലെയ്നിൽ കഫേ ആരംഭിക്കാൻ തീരുമാനിച്ചത്. ഉടൻ ലണ്ടനിലേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam